
കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ ആകാൻ രഞ്ജിത്ത് എന്തുകൊണ്ടും യോഗ്യനെന്ന് ദിലീപ്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ അനുമോദന യോഗത്തിലാണ് ദിലീപ് രഞ്ജിത്തിനെ പുകഴ്‌ത്തിയത്. ഒരുപാട് കാര്യങ്ങൾ ഏകോപിപ്പിക്കുകയും ആർക്കും വേദനയുണ്ടാകാതെ കൊണ്ടുപോകേണ്ടതുമായ പദവിയാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം. നല്ല അറിവുള്ളയാൾ എത്തേണ്ട പദവിയാണ്. സിനിമയുടെ വളർച്ചക്ക് വേണ്ടി നിലകൊള്ളേണ്ട പദവിയിൽ എന്തുകൊണ്ടും യോഗ്യനായ ആളാണ് രഞ്ജിത്തേട്ടൻ എന്നായിരുന്നു ദിലീപിന്റെ അനുമോദനം.
നൂറ് ശതമാനം തിയേറ്റർ പ്രവേശനം ഇല്ലായിരുന്നെങ്കിൽ ചലച്ചിത്രമേള ഇത്രയധികം വിജയമാകുമായിരുന്നില്ലെന്ന് അനുമോദനത്തിന് രഞ്ജിത്ത് മറുപടി നൽകി. പതിനൊന്നായിരം ഡെലിഗേറ്റുകൾ മേളയിലെത്തിയത് 100 ശതമാനം ഒക്യുപൻസി വന്നത് കൊണ്ടാണ്. ഫിയോക് ജനറൽ ബോഡി നൽകിയ സ്വീകരണം ഭാഗ്യമായി കരുതുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ സർക്കാരിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് കൂടുതൽ ഊർജ്ജസ്വലമായ ദിവസങ്ങൾ തിയറ്ററുകൾക്ക് ഉണ്ടാകട്ടെ എന്നും ആശംസിച്ചു.
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് നടി ഭാവനയെ ക്ഷണിച്ചത് താനാണെന്നു രഞ്ജിത് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ചേർത്തുവച്ച് രഞ്ജിത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ താൻ മനപൂർവം ദിലീപിനെ കാണാൻ പോയതല്ലെന്നും നടൻ സുരേഷ് കൃഷ്ണ നിർബന്ധിച്ചതുകൊണ്ടുമാത്രം പോയതാണെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം.