
ഞാനെഴുതുന്ന നർമ്മവിഭാഗം ഒ.പി കഥകൾ സ്ഥിരമായി വായിക്കുന്ന ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവ് റപ്പായി ഈയിടെ പറഞ്ഞു.
ഡോക്ടറുടെ കഥകളിൽ റെപ്പുമാർ കഥാപാത്രങ്ങളായിട്ടില്ലല്ലോ! അതുകേട്ട് ആ സുഹൃത്തിനോട് ഞാൻ പറഞ്ഞു. തനിക്കും തരാം ഒരു കഥ!
കൊവിഡ് പൂർവകാലം ! റപ്പുമാർ തലങ്ങും വിലങ്ങും പാറിപ്പറന്നിരുന്ന സുവർണകാലം !
റെപ്പുമാരോട് നല്ല സൗഹാർദ്ദം ഞാനെപ്പോഴും സൂക്ഷിച്ചിരുന്നു. അവർ എങ്ങനെയാണ് നമ്മളെ വാചകമടിച്ച് പാട്ടിലാക്കുന്നതെന്ന് കൗതുകത്തോടെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
എന്റെ പ്രത്യേക ശ്രദ്ധയാകർഷിച്ച ഒരു റെപ്പുണ്ടായിരുന്നു ജയറാം. ( ഈ കഥ പുറത്തായാൽ പേരുദോഷം വരാതിരിക്കാനാണ് ഈ കൃത്രിമ നാമകരണം ! )
ഗൈനക്കോളജി, പീഡിയാട്രിക്സ് മരുന്നുകളുടെ ഡിവിഷനിലായിരുന്നു അദ്ദേഹത്തിന്റെ കർമ്മപഥം!
നമ്മുടെ സിനിമാനടൻ ജയറാമിന്റെ അതേ ആകാരപ്രകൃതി, സംസാരവും ഏതാണ്ടതുപോലെ തന്നെ! മൊത്തത്തിൽ ഒരു സ്മാർട്ട് ഗയ് !
നഗരത്തിലെ സർവ ശിശുപാലകന്മാർക്കും ഗൈനികൾക്കും സുപരിചിതനായിരുന്നു നമ്മുടെ ജയറാം!
നഗരത്തിൽ പുതിയതായി വന്ന ഈ കക്ഷി ഇത്രയും കുറച്ചുകാലം കൊണ്ട് ശിശു- ഗൈനി പ്രഭൃതികളെ എങ്ങനെ കൈയ്യിലെടുത്തു എന്ന് പലപ്പോഴും ജയറാമിനോട് ചോദിക്കാൻ ഒരുമ്പെട്ടെങ്കിലും അതിന് അവസരം കിട്ടിയത് ഒരു ഹർത്താൽ ദിനത്തിലായിരുന്നു!
സാർ..... ആരോടും പറയരുത്.... എന്ന ആമുഖവുമായി ജയറാം തന്റെ നമ്പരുകൾ പറഞ്ഞുതുടങ്ങി.
പക്ഷേ എന്തുകൊണ്ടോ ആ നമ്പരുകൾ എനിക്കത്ര ബോദ്ധ്യമായില്ല! അതു മനസ്സിലാക്കിയിട്ടാവണം, ജയറാം തന്റെ പാശുപതാസ്ത്രം പുറത്തെടുത്തു!
ശ്രദ്ധിക്കൂ! ശ്വാസം പിടിക്കൂ! ഇന്നുവരെ ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലാത്ത ഒരു നൂതന തന്ത്രം അഥവാ അടവുനയമാണ് ഇനി നിങ്ങളെ അറിയിക്കാൻ പോകുന്നത് !
നമ്മുടെ റപ്പായി ഒരു ഡോക്ടറെ ജയറാം മൊബൈലിൽ വിളിക്കുന്നു. ക്ഷേമം അന്വേഷിക്കുന്നു. അയാളെ ചെറുതായി പുകഴ്ത്തുന്നു. തന്റെ മരുന്നുകൾ കുറിയ്‌ക്കണമെന്ന് അപേക്ഷിക്കുന്നു.
പൊടുന്നനവേ ശരി സാർ വെയ്ക്കട്ടെ എന്ന് പറയുമെങ്കിലും ഫോൺ കട്ട് ചെയ്യുന്നില്ല. പകരം തന്റെ അരികിലിരിക്കുന്ന സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ അഭിനയിച്ച് ജയറാം പറയുന്നു.
......നമ്മുടെ ഗിരീഷ് സാറാണ് ഇപ്പോൾ വിളിച്ചത് ...
മനസ്സിലായില്ലേ ? ആള് പുലിയല്ലേ! എന്താ പേഷ്യന്റെന്നറിയാമോ!
നമ്മുടെ ഗിരീഷ് ഡോക്ടർ ഫോൺ കട്ടാക്കാതെ സംഗതി കേട്ടുകൊണ്ടിരിക്കുകയാണ്!
വലിയ ഡോക്ടറാണെങ്കിലും യാതൊരു ജാടയുമില്ലാത്ത മനുഷ്യനാണ്, കേട്ടോ! എന്തൊരു സ്‌നേഹമാണ് ഗിരീഷ് സാറിന് ! സാറിനെ കണ്ടാൽ കുട്ടിയുടെ അസുഖം 90 ശതമാനം അപ്പോൾത്തന്നെ മാറുമെന്നാണ് സാറിന്റെ ക്ലയന്റ്സ് എന്നോടുതന്നെ പറഞ്ഞിട്ടുള്ളത്....
ഇങ്ങനെ നമ്മളെപ്പറ്റി മറ്റൊരാൾ നല്ലതുമാത്രം പറയുന്നത് ഒളിച്ചെങ്കിലും കേൾക്കാനും കോൾമയിർ കൊള്ളാനും ഈ വർത്തമാനകാലത്ത് ആർക്കെങ്കിലും അവസരം കിട്ടാറുണ്ടോ? അപൂർവങ്ങളിൽ അപൂർവം ! ഈ നമ്പറിൽ വീഴാത്ത ശിശുപാലകന്മാരും ഗൈനീമണിമാരും ഈ നഗരത്തിലില്ല എന്നുറപ്പാക്കി നമ്മുടെ റപ്പായി മുന്നേറിക്കൊണ്ടിരുന്നു !
പുരുഷ ഡോക്ടർമാർക്ക് ഇത്തരത്തിലുള്ള പ്രശംസയാണെങ്കിൽ ലേഡീ ഡോക്ടർക്ക് മേമ്പൊടിയായി അൽപ്പം സൗന്ദര്യവർണനയും ഉണ്ടെന്ന് ജയറാം സ്വരം താഴ്ത്തി പറഞ്ഞു.
സാമ്പിൾ.
ശരി മേഡം, നിറുത്തട്ടെ എന്നു പറഞ്ഞയുടൻ......
നമ്മുടെ പ്രേമകുമാരി മേഡമായിരുന്നു ഫോണിൽ ...... കണ്ടിട്ടുണ്ടോ? ഒരു നാൽപ്പത്തഞ്ചു വയസ്സു കാണുമെങ്കിലും (ഒളിച്ചുനിന്നു കേൾക്കുന്നയാളിന് പെൻഷനടിക്കാൻ കഷ്ടിച്ച് രണ്ട് വർഷമേയുള്ളൂ എന്ന് ജയറാമിനും നാട്ടുകാർക്കും നന്നായിട്ടറിയാം ) കണ്ടാൽ ഒരു മുപ്പത്തിയെട്ട് നാൽപത്! കാണാൻ സുന്ദരിയാണെങ്കിലും അതിന്റെ ഒരു ജാടയൊന്നുമില്ല കേട്ടോ! എന്തു സ്‌നേഹമാണ് നമ്മളോടൊക്കെ! ആ ചിരി കണ്ടാൽ മതി ഗർഭിണികൾ സന്തോഷത്തോടെ പ്രസവിച്ചുകൊള്ളും !
ആശുപത്രിയിൽ ഫാർമസിസ്റ്റുകളോടും ഇതേരീതി അവലംബിച്ച് ബിസിനസ് പിടിക്കാറുണ്ടെന്ന് ജയറാം തട്ടിവിട്ടുകൊണ്ടിരുന്നപ്പോഴാണ് അയാളുടെ മൊബൈലിൽ ആ കോൾ വന്നത് !
സൂസൻ, ഫാർമസിസ്റ്റ് എന്നു തെളിഞ്ഞു വന്നത് ഒളികണ്ണിട്ട് ഞാൻ കണ്ടു!
ശരി.....ശരി......ശരി..... എന്നു ഉഴപ്പി പറഞ്ഞ് ജയറാം ഫോൺ കട്ട് ചെയ്തു.
ഈ അടവ് എപ്പോഴെങ്കിലും പൊളിഞ്ഞിട്ടുണ്ടോ? ഒരു കൗതുകത്തിനായി ഞാൻ ചോദിച്ചു.
''ആ പൊളിഞ്ഞ കേസാണ് ഇപ്പോൾ വിളിച്ചത് ! ഒരു കിലോ സവാളയും ഉരുളക്കിഴങ്ങും കൊച്ചിനു കൊടുക്കാനുള്ള കോംപ്ലാനും വാങ്ങി പെട്ടെന്ന് വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞു ..... നാശം !''
(ഫോൺ : 9447055050)