india-

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി ഇന്ത്യ ക്രമാതീതമായി വർദ്ധിപ്പിച്ചതിലുള്ള അമർഷം പ്രകടിപ്പിച്ച് അമേരിക്ക. മോസ്‌കോയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ അമേരിക്ക തയ്യാറെടുക്കുമ്പോൾ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഗണ്യമായ വർദ്ധനവ് നടത്തുന്നത് ന്യൂഡൽഹിയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് ഒരു മുതിർന്ന അമേരിക്കൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അമേരിക്കൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ദലീപ് സിംഗ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെയുള്ള അമേരിക്കൻ ഉപരോധത്തിന്റെ സൂത്രധാരനാണ് ദലീപ് സിംഗ്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നാളെ രാജ്യത്ത് എത്തും. ഈ സന്ദർശനങ്ങൾ നടക്കുന്ന വേളയിലാണ് അമേരിക്കൻ ഉദ്യോഗസ്ഥന്റെ പ്രസ്‌താവന എന്നതാണ് ശ്രദ്ധേയം.

യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്ക് മേൽ കൊണ്ട് വന്നിട്ടുള്ള നിരോധനം അമേരിക്ക കടുപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ റഷ്യയിൽ നിന്ന് മറ്റ് രാജ്യങ്ങൾ എണ്ണ വാങ്ങുന്നതിനെ അമേരിക്ക എതിർക്കുന്നില്ല. എന്നാൽ ഇനി റഷ്യയ്ക്ക് മേലുള്ള നിരോധനം കടുപ്പിക്കുന്നതിലൂടെ മറ്റ് രാജ്യങ്ങളുടെ വാങ്ങലുകൾ സാധാരണ നിലയിലേക്ക് പരിമിതപ്പെടുത്താൻ ഇവർ സമ്മർദം ചെലുത്തും.

യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് താത്കാലികമായി നിർത്തിയിരുന്നു. ഈ അവസരത്തിൽ ഡിസ്‌കൗണ്ട് മുതലാക്കി ഇന്ത്യ ഇറക്കുമതി വർദ്ധിപ്പിച്ചു. ഫെബ്രുവരി 24ന് ശേഷം മാത്രം 13 മില്ല്യൺ ബാരലാണ് ഇന്ത്യ വാങ്ങിയത്. 2021ൽ 16 മില്ല്യൺ വാങ്ങിയ സ്ഥാനത്താണിത്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.