world-cup

ഖത്തറിന്റെ മണൽ മണ്ണിൽ ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങൾ ഉയരാൻ ഇനി മാസങ്ങൾ മാത്രം. ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിൽ പങ്കെടുക്കാനുള്ള 32 ടീമുകളിൽ 29 എണ്ണത്തെയും വ്യക്തമായിക്കഴിഞ്ഞു.അവശേഷിക്കുന്ന യോഗ്യതാ സ്പോട്ടുകളിലേക്കുളള ഇന്റർ കോണ്ടിനെന്റൽ പ്ളേ ഓഫ് മത്സരങ്ങൾ ജൂണിലാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ലോകകപ്പിന്റെ ഗ്രൂപ്പുകളിൽ ഏതൊക്കെ ടീമുകളാണ് ഉണ്ടാവുക എന്നത് തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കുകയാണ്.

ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 9.30ഓടയാണ് ടൂർണമെന്റിന്റെ ഫൈനൽ നറുക്കെടുപ്പ് തുടങ്ങുന്നത്.

നറുക്കെടുപ്പ് ഇങ്ങനെ

നിലവിൽ യോഗ്യത നേടിയ ഇരുപത്തിയെട്ടു ടീമുകൾ മാർച്ച് 31നു പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഫിഫ റാങ്കിങ് പ്രകാരം ഒന്നു മുതൽ നാല് വരെയുള്ള പോട്ടുകളിൽ ഉൾപ്പെടും. ആതിഥേയ രാഷ്ട്രമെന്ന നിലയിൽ ഖത്തർ ഒന്നാമത്തെ പോട്ടിലെ ആദ്യത്തെ ടീമായാണ് ഇടം പിടിക്കുക. യോഗ്യത നേടിയവരിൽ ഏറ്റവുമുയർന്ന ഫിഫ റാങ്കിംഗുള്ള ഏഴു ടീമുകളും ഈ പോട്ടിൽ ഖത്തറിനാെപ്പം ചേരും.


യോഗ്യത നേടിയവരിൽ ഫിഫ റാങ്കിംഗ് കണക്കാക്കി എട്ടു മുതൽ പതിനഞ്ചു വരെ സ്ഥാനങ്ങളിലുള്ളവർ രണ്ടാമത്തെ പോട്ടിലും 16 മുതൽ 23 വരെ സ്ഥാനങ്ങളിലുള്ളവർ മൂന്നാമത്തെപോട്ടിലും ഉൾപ്പെടും. 24 മുതൽ 28 വരെയുള്ളവർ നാലാമത്തെ പോട്ടിലേക്ക് പോകുമ്പോൾ അവർക്കൊപ്പം ജൂണിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിലെ വിജയികളും യുവേഫ പ്ലേ ഓഫ് സ്ലോട്ടിലെ ജേതാക്കളും ചേരും.

ഈ നാല് പോട്ടുകളിൽ നിന്നാണ് ലോകകപ്പിനുള്ള എ മുതൽ എച്ച് വരെയുള്ള ഗ്രൂപ്പുകളെ കണ്ടെത്തുക. ആതിഥേയരായ ഖത്തർ എ ഗ്രൂപ്പിൽ തന്നെ വരുമ്പോൾ മറ്റു പോട്ടുകളിൽ നിന്നും അതിലേക്കുള്ള ബാക്കി ടീമുകളെ തിരഞ്ഞെടുക്കും. തുടർന്നുള്ള ഓരോ ഗ്രൂപ്പിനെയും തിരഞ്ഞെടുക്കുക ഓരോ പോട്ടിൽ നിന്നും ഓരോ ടീമിന്റെ പേരെഴുതിയ ബോളുകൾ എടുത്താണ്.

ഫിഫയുടെ നിർദ്ദേശപ്രകാരം യൂറോപ്പ് ഒഴികെയുള്ള ഓരോ ക്വാളിഫിക്കേഷൻ സോണിൽ നിന്നും ഒരു ടീം മാത്രമേ ഒരു ഗ്രൂപ്പിൽ വരാൻ പാടുകയുള്ളൂ. യൂറോപ്പിൽ നിന്നും പതിമൂന്നു ടീമുകൾ ലോകകപ്പ് കളിക്കാനെത്തുന്നതിനാൽ അവരിൽ ഒരു ടീമോ അല്ലെങ്കിൽ രണ്ടിൽ കൂടാത്ത ടീമുകളോ ഓരോ ഗ്രൂപ്പിലും ഉണ്ടായിരിക്കണം എന്ന നിർബന്ധമുണ്ട്. ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫ് ജേതാക്കൾ, യുവേഫ പ്ലേ ഓഫ് സ്പോട്ട് ജേതാക്കൾ എന്നിവരെ ഇതിനു അനുസൃതമായി ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തും.

ഇവർ യോഗ്യർ

യൂറോപ്പ്

സെർബിയ

സ്പെയ്ൻ

സ്വിറ്റ്സർലാൻഡ്

ഫ്രാൻസ്

ബെൽജിയം

ഡെന്മാർക്ക്

നെതർലാൻഡ്സ്

ക്രൊയേഷ്യ

ഇംഗ്ളണ്ട്

ജർമ്മനി

പോളണ്ട്

പോർച്ചുഗൽ

13 ടീമുകൾക്കാണ് യൂറോപ്യൻ മേഖലയിൽ നിന്ന് ലോകകപ്പിലേക്ക് പ്രവേശനം. ഇതിൽ 12 ടീമുകൾ തയ്യാറായിക്കഴിഞ്ഞു. അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത് മൂന്ന് ടീമുകൾ.റഷ്യൻ അധിനിവേശത്തോട് പൊരുതുന്ന യുക്രെയ്നാണ് ഇതിലൊന്ന്.യുക്രെയ്നും സ്കോട്ട്‌ലാൻഡും തമ്മിലുള്ള യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പുമത്സരം മാറ്റിവച്ചിരിക്കുകയാണ്. ഇതിലെ വിജയികൾ വേൽസുമായി പ്ളേ ഓഫ് കളിച്ച് അതിലെ വിജയികളാണ് ഖത്തറിലേക്ക് എത്തുക.

ഏഷ്യ

ഖത്തർ

ഇറാൻ

ദക്ഷിണ കൊറിയ

സൗദി അറേബ്യ

ജപ്പാൻ

ആഫ്രിക്ക

സെനഗൽ

കാമറൂൺ

ഘാന

മൊറോക്കോ

ടുണീഷ്യ

തെക്കേ അമേരിക്ക

ബ്രസീൽ

അർജന്റീന

ഉറുഗ്വേ

ഇക്വഡോർ

വടക്കേ അമേരിക്ക

കാനഡ

യു.എസ്.എ

മെക്സിക്കോ

ജൂണിലെ പ്ളേ ഓഫുകൾ

യൂറോപ്യൻ മേഖല

വേൽസ് Vs യുക്രെയ്ൻ/സ്കോട്ട്‌ലാൻഡ്

ഇന്റർ കോണ്ടിനെന്റൽ

യു.എ.ഇ/ആസ്ട്രേലിയ Vs പെറു

കോസ്റ്റാറിക്ക Vs ന്യൂസിലാൻഡ്/സോളമൻ ഐലൻഡ്

ഇന്നലെ വന്നത് അമേരിക്കയും മെക്സിക്കോയും

ഇന്നലെ രണ്ട് ടീമുകൾ കൂടി ലോകകപ്പിന് യോഗ്യത നേടി, മെക്സിക്കോയും യു.എസ്.എയും. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ എൽസാൽവദോറിനെ 2-0ത്തിന് കീഴടക്കി വടക്കേ അമേരിക്കൻ മേഖലയിലെ രണ്ടാം സ്ഥാനക്കാരായാണ് മെക്സിക്കോയുടെ വരവ്. അതേസമയം യു.എസ്.എ അവസാന യോഗ്യതാമത്സരത്തിൽ കോസ്റ്റാറിക്കയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും ഗോൾ മാർജിനിൽ കോസ്റ്റാറിക്കയെ മറിക‌ടന്ന് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി ലോകകപ്പ് ബർത്ത് സ്വന്തമാക്കുകയായിരുന്നു.യു.എസ്.എയ്ക്കും കോസ്റ്റാറിക്കയ്ക്കും 25 പോയിന്റ് വീതമായെങ്കിലും ആറുഗോളിന്റെയെങ്കിലും വ്യത്യാസത്തിലെങ്കിലും ജയിച്ചിരുന്നെങ്കിലേ കോസ്റ്റാറിക്കയ്ക്ക് നേരിട്ട് ബർത്ത് ഉറപ്പിക്കാനാവുമായിരുന്നുള്ളൂ. മേഖലയിലെ നാലാം സ്ഥാനക്കാരായ കോസ്റ്റാറിക്കയ്ക്ക് ഇനി ജൂണിലെ ഇന്റർള കോണ്ടിനെന്റൽ പ്ളേ ഓഫ് മത്സരം ജയിച്ചാലേ സാദ്ധ്യതയുള്ളൂ.

ഖത്തറിന്റെ നഷ്ടങ്ങൾ

ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ പോയ പ്രമുഖ ടീമുകൾ ഇവയാണ്

1. ഇറ്റലി -പ്ളേ ഓഫ് സെമിഫൈനലിൽ നോർത്ത് മാസിഡോണിയയോട് തോറ്റാണ് നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാർ പുറത്തായത്.

2.സ്വീഡൻ- പോളണ്ടിനെതിരായ പ്ളേ ഓഫ് ഫൈനൽ റൗണ്ടിൽ തോറ്റാണ് സ്ളാട്ടൻ ഇബ്രാഹിമോവിച്ചും സംഘവും പുറത്തായത്.

3.ഈജിപ്ത് - പ്ളേ ഒാഫ് ഷൂട്ടൗട്ടിൽ സെനഗലിനോട് തോറ്റ മുഹമ്മദ് സലായുടെ ടീമിനും ഖത്തറിലേക്കുള്ള ബർത്ത് കിട്ടിയില്ല.

4. നൈജീരിയ - ആഫ്രിക്കൻ ഫുട്ബാളിലെ പവർ ഹൗസുകളായ നൈജീരിയ ഇത്തവണ യോഗ്യതാറൗണ്ടിൽ ഘാനയോട് തോറ്റ് പുറത്താവുകയായിരുന്നു.

5.അൾജീരിയ -2019 ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളായ അൾജീരിയ ഇത്തവണ യോഗ്യതാ റൗണ്ടിൽ ശോഭിച്ചില്ല.

6.കൊളംബിയ - കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ക്വാർട്ടർ ഫൈനൽ വരെയെത്തിയിരുന്ന കൊളംബിയയ്ക്ക് തെക്കേഅമേരിക്കൻ യോഗ്യതാ റൗണ്ടിലെ ആദ്യ നാലുസ്ഥാനങ്ങളിൽ ഉൾപ്പെടാനായില്ല.

7.ചിലി - തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ചിലിക്ക് ഇടം നേടാൻ കഴിയാതെ പോകുന്നത്.