
നിലവിലുള്ള പ്ലാനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു മാസം വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്‌ഡ് പ്ലാനുമായി റിലയൻസ് ജിയോ രംഗത്ത്. 259രൂപയുടെ ഈ പ്ലാൻ ഒരു കലണ്ടർ മാസം മുഴുവനായും ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിൽ ജിയോയ്ക്ക് ഒരു മാസം നിലനിൽക്കുന്ന മറ്റ് പ്ലാനുകളൊന്നും തന്നെ ഇല്ല. പുതിയ പ്ലാൻ പ്രകാരം എന്നാണോ റീ ചാർജ് ചെയ്യുന്നത് പിറ്റേ മാസം അതെ ദിവസം മാത്രമേ പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുകയുള്ളു. ഉദാഹരണത്തിന് മാർച്ച് 30നാണ് റീ ചാർജ് ചെയ്യുന്നതെങ്കിൽ ഏപ്രിൽ 30നാവും പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുക. കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ അഡ്വൻസായി റീ ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഈ സേവനം ജിയോയുടെ മറ്റ് പ്രീപെയ്‌ഡ് പ്ലാനുകൾക്കും ലഭ്യമാണ്. നേരത്തെ റീ ചാർജ് ചെയ്താൽ നിലവിലുള്ള പ്ലാൻ അവസാനിക്കുമ്പോൾ ഓട്ടാമാറ്റിക്കായി പുതിയ പ്ലാൻ ആക്ടിവേറ്റ് ചെയ്യപ്പെടും.
259രൂപയുടെ പുതിയ പ്ലാൻ പ്രകാരം ഒന്നര ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ദിവസവും ലഭിക്കുക. എല്ലാ വോയിസ് കോളുകളും ദിവസവും 100വീതമുള്ള എസ്എംഎസും ഒപ്പം ലഭിക്കും. ഇത് കൂടാതെ കോംപ്ലിമെൻററിയായി ജിയോ ആപ്പുകളുടെ സബ‍്‍സ‍്‍ക്രിപ്ഷനും ലഭിക്കും. ജിയോ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് പ്രീപെയ‍്‍ഡ് പ്ലാൻ ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും ഓൺലൈനായും ഓഫ‍്‍ലൈനായും ഈ സൗകര്യം ലഭിക്കുന്നതാണ്.
കൂടാതെ ക്രിക്കറ്റ് ആരാധകർക്കായി ഈ ഐപിഎൽ സീസണിൽ ആകർഷകമായ പ്ലാനുകളും റിലയൻസ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 555 രൂപയുടെ പ്രീപെയ‍്‍ഡ് പ്ലാനിൽ ദിവസവും ഒരു ജിബി വീതം ഇൻറർനെറ്റ് ഡാറ്റ ലഭിക്കും. 55 ദിവസമാണ് ഈ പ്ലാനിൻെറ കാലാവധി. ഇത് കൂടാതെ ഒരു വർഷത്തേക്ക് ഡിസ‍്‍നി പ്ലസ് ഹോട്ട്സ്റ്റാർ സബ‍്‍സ‍്‍ക്രിപ്‍ഷൻ സൗജന്യമായി ലഭിക്കുമെന്നതാണ് പ്ലാനിൻെറ ഏറ്റവും പ്രധാന സവിശേഷത. ഡിസ‍്‍നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ഐപിഎൽ മത്സരങ്ങൾ ലൈവായി ലഭിക്കുക.