
കാസർകോട്: ബസിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചയാളിനെ ഓടിച്ചിട്ട് പിടികൂടിയ പെൺകുട്ടിയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ. കരിവെള്ളൂർ സ്വദേശി പി ടി ആരതിയാണ് തന്നെ ഉപദ്രവിച്ച ആളിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.
സ്വകാര്യ ബസ് പണിമുടക്കിയ ദിവസമായിരുന്നു സംഭവം. കരിവെള്ളൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് കെഎസ്ആർടിസി ബസിലായിരുന്നു ആരതി യാത്ര ചെയ്തത്. സ്വകാര്യ ബസുകൾ ഓടാത്തതു കൊണ്ടുതന്നെ പതിവിലും തിരക്കുള്ള സമയം. നീലേശ്വരം ഭാഗത്ത് എത്തിയപ്പോഴേക്കും ലുങ്കിയും ഷർട്ടും ധരിച്ചയാൾ തന്നെ ശല്യപ്പെടുത്താൻ തുടങ്ങിയത് ആരതി ശ്രദ്ധിച്ചു.
തിരക്കിനിടയിലും പലവട്ടം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ശല്യം ചെയ്യുന്നത് തുടർന്നുകൊണ്ടേയിരുന്നു. മാറി നിൽക്കാൻ ശബ്ദമുയർത്തി പറഞ്ഞെങ്കിലും യാത്രക്കാർ ഉൾപ്പെടെ ആരും പ്രതികരിച്ചില്ലെന്നും ആരതി പറയുന്നു. പിങ്ക് പൊലീസിനെ വിളിക്കാനായി ഫോൺ എടുത്തതോടെ ഇയാൾ ബസിൽ നിന്നും ഇറങ്ങിയോടി. പക്ഷേ തന്നെ ഉപദ്രവിച്ചയാളിനെ വെറുതേ വിടാൻ ആരതി ഒരുക്കമായിരുന്നില്ല.
എന്തുവന്നാലും നേരിടാമെന്ന ധൈര്യത്തോടെ പ്രതിക്ക് പിന്നാലെ ആരതിയും ഓടി. ലോട്ടറിക്കടയിൽ ചെന്ന് ലോട്ടറി വാങ്ങാനെന്ന വ്യാജേന അയാൾ നിൽപ്പുറപ്പിച്ചതോടെ തൊട്ടടുത്ത് നിന്ന ആളുകളോട് ആരതി കാര്യം പറഞ്ഞു. നാട്ടുകാരാണ് പ്രതിയെ തടഞ്ഞുനിറുത്തിയതും പിങ്ക് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞതും. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ വിവരങ്ങൾ പുറത്തറിയുന്നത്. അമ്പത്തിരണ്ടുകാരനായ മാണിയാട്ട് സ്വദേശി രാജീവനാണ് ആരതിയെ ബസിൽ വച്ച് ഉപദ്രവിച്ചത്.
കഴിഞ്ഞവർഷമാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്നും ആരതി ബിരുദപഠനം പൂർത്തിയാക്കിയത്. കോളേജിലെ എൻസിസി സീനിയർ അണ്ടർ ഓഫീസറായിരുന്നു ആരതി. വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെ ചലച്ചിത്രതാരം നവ്യാനായർ ഉൾപ്പെടെ നിരവധി പേർ ആരതിയെ അഭിനന്ദിച്ചു.