
ഐ.പി.എൽ 15-ാം സീസണിന് മുംബയ്‌യിലും പൂനെയിലുമായി തുടക്കമായി. മെഗാ താരലേലത്തിന് ശേഷം അലകും പിടിയും മാറിയിറങ്ങിയ പഴയ ടീമുകളും രണ്ട് പുതിയ ടീമുകളും ചേർന്ന് ട്വന്റി-20 ഫോർമാറ്റിലെ വെടിക്കെട്ടുത്സവത്തിന് തിരികൊളുത്തിയിരിക്കുന്നു. പുതിയ സീസണിൽ എല്ലാ ടീമുകളും ചുരുങ്ങിയത് ഒരു മത്സരം വീതമെങ്കിലും പൂർത്തിയാക്കിയ സാഹചര്യത്തിൽ ആദ്യ ആറു മത്സരങ്ങളുടെ ഫലം ഇങ്ങനെയാണ്.
1. ചെന്നൈ Vs കൊൽക്കത്ത
ആറു വിക്കറ്റിന് കൊൽക്കത്ത ജയം.
പുതിയ നായകൻ ജഡേജയ്ക്ക് കീഴിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 131/5 എന്ന സ്കോറിലേ എത്തിയുള്ളൂ.ധോണിയുടെ 24-ാം ഐ.പി.എൽ അർദ്ധസെഞ്ച്വറിയായിരുന്നു ചെന്നൈയുടെ ഹൈലൈറ്റ്. മറുപടിക്കിറങ്ങിയ കൊൽക്കത്ത 18.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ജയിച്ചു. രഹാനെ 44 റൺസടിച്ചു.
നാലോവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് മാൻ ഒഫ് ദ മാച്ച്.
2 മുംബയ് Vs ഡൽഹി
നാലുവിക്കറ്റിന് ഡൽഹി ജയിച്ചു
ആദ്യ കളിയിൽ തോൽക്കുന്ന പതിവിന് മുംബയ് ഇക്കുറിയും മാറ്റം വരുത്തിയില്ല. ആദ്യ ബാറ്റിംഗിൽ ഇഷാൻ കിഷൻ (81നോട്ടൗട്ട്),രോഹിത് (41) എന്നിവർ തിളങ്ങിയപ്പോൾമുംബയ്ക്ക് 177/5 എന്ന സ്കോർ ഉയർത്താനായി. എന്നാൽ ലളിത് യാദവ് (48 നോട്ടൗട്ട്),അക്ഷർ പട്ടേൽ (38 നോട്ടൗട്ട്) എന്നിവരുടെ സന്ദർഭോചിത ചേസിംഗ് ഡൽഹിക്ക് വിജയത്തുടക്കം നൽകി.
നാലോവറിൽ 18 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡൽഹി സ്പിന്നർ കുൽദീപ് യാദവാണ് മാൻ ഒഫ് ദ മാച്ച്.
3. ആർ.സി.ബി Vs പഞ്ചാബ് കിംഗ്സ്
പഞ്ചാബിന് അഞ്ചുവിക്കറ്റ് വിജയം
ആദ്യം ബാറ്റുചെയ്ത ആർ.സി.ബി ക്യാപ്ടൻ ഡുപ്ളെസി (88),കൊഹ്‌ലി (41*), ദിനേഷ് കാർത്തിക് (32*) എന്നിവരുടെ മികവിൽ 205/2 എന്ന സ്കോർ ഉയർത്തി. എന്നാൽ ശിഖർ ധവാൻ(43),ഭനുക രജപക്സെ (43),മായാങ്ക് (32),ലിവിംഗ്സ്റ്റൺ(19),ഷാറൂഖ് ഖാൻ (24*),ഓഡീൻ സ്മിത്ത് (25*)
എന്നിവരുടെ കൂട്ടായ പ്രയത്നത്തിലൂടെ ഒരോവർ ബാക്കിനിൽക്കേ പഞ്ചാബ് വിജയം കണ്ടു.
എട്ടുപന്തുകളിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 25 റൺസടിച്ച ഓഡീൻ സ്മിത്താണ് മാൻ ഒഫ് ദ മാച്ച്.
4. ലക്നൗ Vs ഗുജറാത്ത് ടൈറ്റൻസ്
ടൈറ്റൻസിന് അഞ്ചുവിക്കറ്റ് വിജയം
കന്നിക്കാരുടെ കളിയിൽ ആദ്യം ബാറ്റുചെയ്ത ലക്നൗ 158/6 എന്ന സ്കോർ ഉയർത്തിയപ്പോൾ രണ്ട് പന്തുകൾ ശേഷിക്കേ ടൈറ്റൻസ് ലക്ഷ്യം കണ്ടു. ലക്നൗവിന് വേണ്ടി ദീപക് ഹൂഡയും (55),ആയുഷ് ബദോനിയും (54) അർദ്ധസെഞ്ച്വറികൾ നേടി. മാത്യു വേഡ്(30),ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ (33),ഡേവിഡ് മില്ലർ (30), രാഹുൽ തെവാത്തിയ (40*) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ചേസിംഗ് വിജയമൊരുക്കിയത്.
നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടൈറ്റൻസ് പേസർ ഷമിയാണ് മാൻ ഒഫ് ദ മാച്ച്.
5. രാജസ്ഥാൻ Vs ഹൈദരാബാദ്
61 റൺസിന് രാജസ്ഥാൻ ജയം
ഈ സീസണിലെ ഏറ്റവും ആധികാരിക വിജയമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ നേടിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ രാജസ്ഥാൻ 201/6 എന്ന ടോട്ടൽ ഉയർത്തിയ ശേഷം ഹൈദരാബാദിനെ 149/7ൽ ഒതുക്കുകയായിരുന്നു. സഞ്ജു,ദേവ്ദത്ത് പടിക്കൽ(41),ബട്ട്‌ലർ(35), ഹെട്മേയർ (32) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. മൂന്നുവിക്കറ്റുമായി ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബൗൾട്ടും ബൗളിംഗിലും തിളങ്ങി.
27 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 55 റൺസടിച്ച സഞ്ജുവാണ് മാൻ ഒഫ് ദ മാച്ച്.
6.ആർ.സി.ബി Vs കൊൽക്കത്ത
മൂന്ന് വിക്കറ്റിന് ആർ.സി.ബി ജയം
ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്ന കൊൽക്കത്തയെ 128 റൺസിൽ ആൾഒൗട്ടാക്കിയശേഷം നാലുപന്ത് ബാക്കിനിൽക്കേ ആർ.സി.ബിയുടെ ജയം. അവസാനസമയത്ത് ദിനേഷ് കാർത്തക്കിന്റെ (14*) മനസാന്നിദ്ധ്യമാണ് ബാംഗ്ളൂരിന് ആദ്യ ജയം സാദ്ധ്യമാക്കിയത്.
നാലോവറിൽ 20 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ആർ.സി.ബിയുടെ വാനിന്ദു ഹസരംഗയാണ് മാൻ ഒഫ് ദ മാച്ച്.
പോയിന്റ് ടേബിൾ
( ടീം ,കളി,ജയം.തോൽവി,പോയിന്റ് ക്രമത്തിൽ )
രാജസ്ഥാൻ 1-1-0-2
ഡൽഹി 1-1-0-2
പഞ്ചാബ് 1-1-0-2
ഗുജറാത്ത് 1-1-0-2
കൊൽക്കത്ത 2-1-1-2
ബാംഗ്ളൂർ 2-1-1-2
ലക്‌നൗ 1-0-1-0
ചെന്നൈ 1-0-1-0
മുംബയ് 1-0-1-0
ഹൈദരാബാദ് 1-0-1-0
ഓറഞ്ച് ക്യാപ് : ഫാഫ് ഡുപ്ളെസി (93 റൺസ്)
പർപ്പിൾ ക്യാപ് : വാനിന്ദു ഹസരംഗ (5 വിക്കറ്റുകൾ)