
തിരുവനന്തപുരം: ഇന്ധനം, പാചകവാതകം ഒക്കെ വിലക്കയറ്റത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന വേളയിൽ സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ നിരക്കും വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്.
വർദ്ധനവ് വരുന്നതോടെ 1000 ലിറ്ററിന് നാല് രൂപ 41 പൈസ എന്ന നിരക്ക് ഗാർഹിക ഉപഭോക്താവ് നൽകേണ്ടി വരും. നിലവിലെ നിരക്ക് നാല് രൂപ 20 പൈസയാണ്. ഗാർഹികേതര ഉപഭോക്താക്കൾക്ക് ആയിരം ലിറ്ററിന് നേരത്തെ നൽകേണ്ടിയിരുന്നത് 15 രൂപ 75 പൈസയായിരുന്നു. ഇനി മുതൽ 16 രൂപ 54 പെെസ നൽകണം. വ്യാവസായിക കണക്ഷനുകൾക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതുക്കിയ നിരക്ക്.
ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനം വർദ്ധനവാണ് ജല അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്.നിലവിൽ 5000 ലിറ്റർ വരെ വെള്ളത്തിന് 21 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതൽ 22.05 രൂപയാകും. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ച് ശതമാനം വർദ്ധനവാകും ഉണ്ടാവുക.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വർദ്ധിപ്പിക്കുന്നത്. 2021 മുതലാണ് ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ചത്. അതേസമയം പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യം തുടർന്നും ഉണ്ടാകും.