afspa

ന്യൂഡൽഹി: പതിറ്റാണ്ടുകൾക്കു ശേഷം നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന് (അഫ്സ്പ) കീഴിലുള്ള പ്രദേശങ്ങളുടെ എണ്ണം കുറച്ച് കേന്ദ്ര സർക്കാർ. സൈന്യത്തിന്റെ അധികാര നിയമം ബാധകമായ ജില്ലകളുടെ എണ്ണം കുറച്ച കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്. വിഘടനവാദ ഭീഷണി നിലനിൽക്കുന്നില്ലെന്നും സുരക്ഷാസാഹചര്യം മെച്ചപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രശ്നബാധിത മേഖലകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ചെയ്തത്. നിയമം പൂർണ്ണമായി പിൻവലിച്ചിട്ടില്ല.


വടക്കു കിഴക്കൻ മേഖലയിലെ കലാപങ്ങൾ അവസാനിപ്പിക്കാനും ശാശ്വത സമാധാനം കൊണ്ടുവരാനുമുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി പ്രദേശത്ത് സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാലും ദ്രുത ഗതിയിലുള്ള വികസനത്തിന്റെ ഫലമായുമാണ് അഫ്സ്പ നിയമത്തിന് കീഴിലുള്ള മേഖലകളുടെ എണ്ണം കുറച്ചതെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.

In a significant step, GoI under the decisive leadership of PM Shri @NarendraModi Ji has decided to reduce disturbed areas under Armed Forces Special Powers Act (AFSPA) in the states of Nagaland, Assam and Manipur after decades.

— Amit Shah (@AmitShah) March 31, 2022

1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമർത്താൻ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം നടപ്പിലാക്കിയ നിയമമാണിത്. ഇത് 1958 ലാണ് പാർലമെന്റിൽ പ്രഖ്യാപിക്കപ്പെട്ടത്. ചില പ്രദേശങ്ങളെ പ്രശ്ന ബാധിത മേഖലകളായി പ്രഖ്യാപിക്കാനും ഈ മേഖലകളിൽ സായുധ സേനയെ വിന്യസിച്ച് പൊതുക്രമം നിയന്ത്രിക്കുന്നതിനായി അവർക്ക് അധികാരം നൽകുകയും ചെയ്യുന്ന നിയമമാണ് ആർമ്ഡ് ഫോഴ്സസ് സ്‌പെഷ്യൽ പവേഴ്സ് ആക്ട് അഥവാ അഫ്സ്പ.


അഫ്സ്പ നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം സായുധ സേനയ്ക്ക് ഈ പ്രദേശങ്ങളിൽ പ്രത്യേക അധികാരമുണ്ടാകും. വെടിവയ്ക്കാനും, വാറന്റ് ഇല്ലാതെ തന്നെ ആളുകളെ അറസ്റ്റ് ചെയ്യാനും സെർച്ച് വാറന്റ് ഇല്ലാതെ തന്നെ വീടുകളിൽ പ്രവേശിച്ച് തിരച്ചിൽ നടത്താനും സേനയ്ക്ക് അധികാരമുണ്ട്. കോടതിയിലെ നിയമനടപടികളിൽ നിന്ന് സൈനിക ഉദ്യോഗസ്ഥർക്ക്പരിരക്ഷ ലഭിക്കുന്നതാണ് നിയമത്തിലെ ആറാം വകുപ്പ്. അടുത്തിടെ നാഗാലാൻഡിലെ മോൺ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ 14 സാധാരണക്കാർ കൊല്ലപ്പെട്ടത് വിവാദമായിരുന്നു. അത് അഫ്സ്പ നിയമത്തിനെതിരെ രോഷം ഉയരാൻ കാരണമാക്കിയിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് അസം സർക്കാർ ഫെബ്രുവരി 28 മുതൽ സംസ്ഥാനമൊട്ടാകെ ആറ് മാസത്തേക്ക് അഫ്സ്പ നിയമം നീട്ടിയിരുന്നു. 1990 മുതൽ ഓരോ ആറ് മാസത്തിലും സംസ്ഥാന സർക്കാർ അവലോകനത്തിനു ശേഷം അഫ്സ്പ നിയമം നീട്ടാറുണ്ട്.

തുടക്കത്തിൽ അസം മലനിരകളിലെ കലാപബാധിത പ്രദേശങ്ങളെയാണ് പ്രശ്നബാധിത പ്രദേശങ്ങളായി കണക്കാക്കി അഫ്സപ ഏർപ്പെടുത്തിയിരുന്നത്. നാഗാലാൻഡിലെ കുന്നുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് വടക്കുകിഴക്കൻ പ്രദേശത്തെ ഏഴ് സംസ്ഥാനങ്ങളെയും അഫ്സ്പയുടെ കീഴിൽ കൊണ്ടു വരികയായിരുന്നു.