കണ്ണിൽനിന്ന് തലച്ചോറിലേക്കും തലച്ചോറിൽനിന്ന് കൈ വിരലുകളിലേക്കും സന്ദേശമെത്തുന്ന സെക്കൻഡിന്റെ ആ നൂറിലൊരു സമയത്താണ് കാഴ്ചകളെ അമ്പരപ്പിക്കുന്ന മികച്ച ന്യൂസ് ഫോട്ടോകൾ പിറക്കുന്നത്... ചിലത് കാലാകാലങ്ങളോളം ചർച്ച ചെയ്യപ്പെടും... ചിലത് വിസ്മൃതിയിലേക്ക് പോകും... മറ്റു ചിലത് ജീവിതങ്ങൾ മാറ്റിമറിക്കും... അത്തരത്തിൽ ജീവിതത്തെ പാടെ മാറ്റിമറിച്ച ചിത്രങ്ങൾ പിറന്ന വഴികളെക്കുറിച്ച്, കാമറയ്ക്ക് മുന്നിൽകണ്ട ജീവിതങ്ങളെക്കുറിച്ച് പറയുകയാണ്, കേരളകൗമുദി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ എൻ. ആർ. സുധർമ്മദാസ്.
**************
ആളുകൾ അറിയാതെ അവരുടെ മികച്ച നിമിഷങ്ങൾ പകർത്തുന്നതായിരുന്നു എക്കാലത്തും ഇഷ്ടം. ഫോട്ടോഗ്രാഫിയുടെ മറ്റുമേഖലകളെ അപേക്ഷിച്ച് ന്യൂസ് ഫോട്ടോഗ്രാഫിയുടെ പ്രത്യേകതയും അതുതന്നെയാണ്. കന്യാകുമാരിയിൽനിന്ന് 250രൂപയ്ക്ക് വാങ്ങിയ ഒരു ഓട്ടോ ഫോക്കസ് കാമറയാണ് ആദ്യമായി സ്വന്തമാക്കിയ ഒരെണ്ണം. ഫിലിംവാങ്ങാൻ കാശ് തികയാത്തതിനാൽ, നാട്ടിൽ തിരിച്ചെത്തിയിട്ടാണ് അതിന് ഫിലിംവാങ്ങിയത്. അതിനുശേഷമാണ് ചിത്രങ്ങൾ എടുത്തുതുടങ്ങിയത്. ആദ്യഘട്ടത്തിൽ എടുത്ത ചിത്രങ്ങളൊക്കെ മനോഹരമാണെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞതാണ് ആദ്യമായി കിട്ടിയ പ്രോത്സാഹനം. അതായിരുന്നു ന്യൂസ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയാനുണ്ടായ പ്രചോദനവും മൂലധനവും.

അവിടെനിന്നാണ് അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങൾ ഉണ്ടാകുന്നത്. കൊടൈക്കനാലിൽ തന്റെ പിഞ്ചുകുഞ്ഞിനെ കാലുകൾക്കിടയിൽ തിരുകിവച്ച് കുടുംബത്തിന്റെ ചിത്രമെടുക്കുന്ന ഒരു പിതാവിന്റെ ചിത്രം അമേരിക്കയിലെ സൺ മാഗസിനിൽ ലോകത്തെ മികച്ച ഫോട്ടോകൾക്കൊപ്പം അച്ചടിച്ചുവന്നു. അതുവരെ ആ ചിത്രമെടുത്ത ആളെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരുന്നില്ല. എന്നാൽ, ആ ചിത്രം ലോകം ശ്രദ്ധിച്ചപ്പോഴാണ് ഏറ്റവുമടുപ്പമുള്ളവർപ്പോലും അതെന്റെ ചിത്രമാണെന്ന് മനസിലാക്കുന്നത്. ഇപ്പോഴും ലോകത്തെ മികച്ച ചിത്രങ്ങൾക്കൊപ്പം ആ ചിത്രവും ഗൂഗിളിലുണ്ട്.
**************
കേരളകൗമുദി ആലപ്പുഴ യൂണിറ്റിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായി ആദ്യം ജോലിയിൽ കയറുന്നത്. പിന്നീടങ്ങോട്ട് എന്റെ വളർച്ചയും പാഷനും ഒക്കെ കേരളകൗമുദിക്കൊപ്പമായിരുന്നു. ചിത്രങ്ങളെടുക്കാനും അവ വിലയിരുത്താനുമൊക്കെ ഏറെ ഇഷ്ടമുള്ള ഒരു സ്ഥാപനമേധാവി കൂടി നമുക്കൊപ്പം ഉള്ളപ്പോൾ വളരെ ജൂനിയറായ ഒരു ഫോട്ടോഗ്രാഫർക്ക് ആവശ്യമായ ഊർജവും വളവും വേണ്ടുവോളം ലഭിക്കും എന്നുള്ളതാണ് എന്റെ അനുഭവം. ഇതിനുമുമ്പ് മറ്റു ഫോട്ടോഗ്രാഫർമാർക്കൊപ്പം ഫോട്ടോപ്രദർശനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും എന്റെ ചിത്രങ്ങൾമാത്രം ഉൾക്കൊള്ളിച്ച് നടത്തിയ ആദ്യ പ്രദർശനമായിരുന്നു, ആലപ്പുഴയിൽ വച്ച് ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ 'ലൈഫ്". കേരളലളിതകലാ അക്കാഡമിയുടെ ഗ്രാൻഡോടുകൂടിയായിരുന്നു അത്. അതെനിക്കുതന്ന ആത്മവിശ്വാസവും ഊർജവും ചെറുതല്ല. നമ്മുടെ ചിത്രങ്ങളിലെ ജീവനുള്ള കഥാപാത്രങ്ങൾ വർഷങ്ങൾക്കിപ്പുറം നമ്മളെത്തേടി ആ ചിത്രങ്ങൾ കാണാൻ വരുന്ന അനുഭവങ്ങൾ ആ എക്സിബിഷനിലുണ്ടായിട്ടുണ്ട്.

ആലപ്പുഴയിലെ ജോലിക്കാലത്താണ്, അമ്പലപ്പുഴയിലെ ഒരു വീട്ടിൽനിന്ന് ഒരു പിതാവ്, രണ്ടുകാലുകളും ഒരു കൈയ്യുമില്ലാത്ത തന്റെ മകനെ ഒക്കത്തെടുത്ത് വീടിനുമുന്നിലുള്ള തടിപ്പാലം കടക്കുന്ന ഒരുചിത്രം പകർത്തിയത്. അവന്റെ അമ്മ അവന്റെ രണ്ട് വെപ്പുകാലുകളും കൈയിലെടുത്ത് തൊട്ടുപിന്നാലെയും. അന്ന് വളരെയേറെ ചർച്ചചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു അത്. അവരുടെ വീട്ടിലേക്ക് ഒരു പാലംവരാൻ ആ ചിത്രം വഴിയൊരുക്കി. ഇന്ന് എന്നെ അമ്പരപ്പിച്ച ഒരുകാര്യം, അന്ന് അഞ്ചാംക്ലാസിൽ പഠിച്ചിരുന്ന ആ കുട്ടി വളർന്ന് വലുതായി ആലപ്പുഴയിലെ ഫോട്ടോപ്രദർശനം കാണാനായി കുടുംബത്തോടൊപ്പം എത്തി എന്നതാണ്. ഈ തരത്തിലാണ് ഓരോ ചിത്രങ്ങളും അവയുടെ ലൈഫ് കണ്ടെത്തുന്നത്. ഒരു ന്യൂസ് ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യവും ഇതുതന്നെയാണ്. സന്തോഷംമാത്രമല്ല, മനസിനെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളും കാഴ്ചകളും ഏറെയുണ്ടായിട്ടുണ്ട്. കാമറയ്ക്ക് പിന്നിൽ കണ്ണുനിറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ വളരെ പോസിറ്റീവായ മാറ്റങ്ങൾ ആ ചിത്രങ്ങളിലൂടെ പിന്നീട് ഉണ്ടായിട്ടുണ്ട് എന്നതാണ് ജീവിതത്തിലെ വലിയ ചാരിതാർത്ഥ്യം.

ജോലിയുടെ ഭാഗമായി പകർത്തിയ ഒരുചിത്രം സിനിമയായിട്ടുണ്ട്, 'തനിച്ചല്ല ഞാൻ." ആ സിനിമയിലെ അഭിനയത്തിന് നടി കൽപ്പനയ്ക്ക് ദേശീയ അവാർഡും ലഭിച്ചു. അങ്ങനെ ദേശീയപുരസ്കാരംനേടിയ ഒരു ചിത്രത്തിലേക്ക് വഴിതുറന്നതും ചിത്രമെടുപ്പിനോടുളള അടങ്ങാത്ത അഭിനിവേശം ഒന്നുകൊണ്ടുമാത്രമാണ്. ആത്മഹത്യചെയ്യാനായി റെയിൽവേട്രാക്കിലെത്തിയ ഒരു അന്തർജനത്തെ റസീയാബീവി എന്ന സ്ത്രീ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അവർക്കായി അവിടെയൊരു തുളസിത്തറ പണിയുകയും അന്തർജനം അവിടെ സന്ധ്യാവിളക്ക് കൊളുത്തുകയും ചെയ്ത ഒരു സംഭവമായിരുന്നു ആ സിനിമയിലേക്കുള്ള വഴിവിളക്ക്. 'രാമനും റഹീമും ഒന്നാണ്" എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചുവന്ന ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു.

ഈ ചിത്രമാണ് അവഗാമ ഫിലിംസിന്റെ ബാനറിൽ 'തനിച്ചല്ല ഞാൻ" എന്ന സിനിമ ഉണ്ടാകാൻ കാരണമായത്. ന്യൂസ് ഫോട്ടോഗ്രാഫി രംഗത്ത് 20വർഷം പിന്നിട്ടു. നിരവധി പുരസ്കാരങ്ങളും തേടിയെത്തി. പലചിത്രങ്ങളും അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അതിനേക്കാളൊക്കെ വലിയ അനുഭവം എന്റെ ചിത്രങ്ങൾ കണ്ടിട്ട് ആളുകൾ ചിരിക്കുന്നതും കണ്ണുതുടയ്ക്കുന്നതും കാണുമ്പോഴാണ്. അതവരുടെ ഹൃദയത്തെ സ്പർശിച്ചു എന്നറിയുമ്പോഴാണ്. അതിലൊരു ലൈഫ് ഉണ്ടെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോഴാണ്... അതുകൊണ്ടുതന്നെയാകണം, ഞാനെന്റെ ചിത്രങ്ങളെ 'ലൈഫ്" എന്നുവിളിക്കാനിഷ്ടപ്പെടുന്നത്.
**************
കാമറ മാറ്രിവച്ചാൽ കുടുംബമാണ് സുധർമ്മദാസിനെല്ലാം. ആലപ്പുഴ ചേർത്തലയിലെ പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻ ശാന്തി- രാധ ദമ്പതികളുടെ മകനാണ്. ഭാര്യ സന്ധ്യ, മകൾ നിവേദിത.
(എൻ.ആർ. സുധമ്മദാസ്: 9946108249)