dileep

കൊച്ചി: ഗൂഢാലോചനക്കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍. അന്വേഷണ ഏജന്‍സിയെ തിരഞ്ഞെടുക്കുവാനുള്ള അധികാരം പ്രതിയ്ക്ക് നൽകാനാവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയിൽ വാദിച്ചു.

കേസ് സി.ബി.ഐ.യ്ക്ക് കൈമാറേണ്ടതില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. നേരത്തെ അന്വേഷണം സി ബി ഐ യ്ക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി തിരക്കിയത്. ഇതിനുള്ള മറുപടിയായിട്ടാണ് സി ബി ഐ വേണ്ടെന്ന നിലപാട് പ്രോസിക്യൂഷന്‍ കോടതിയിൽ വ്യക്തമാക്കിയത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഇന്നും ശക്തമായ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു.

ദിലീപിനെതിരെ ശക്തമായ തെളിവുകൾ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്നും ഇത് അദ്ദേഹത്തിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്നുമാണ് കോടതി ചോദിച്ചത്. ഇന്നലെയും വാദത്തിനിടെ ബാലചന്ദ്രകുമാറിനെതിരെ കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.