photo

ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട വകുപ്പാണ് കുറ്റകരമായ ഗൂഢാലോചന (Criminal conspiracy - IPC 120 a , b ).

തങ്ങളുടെ ഭരണത്തിൻ കീഴിൽ ഭരണാധികാരികൾക്കെതിരെ ആരും ചിന്തിക്കാൻ കൂടി പാടില്ലെന്ന് ബ്രിട്ടീഷുകാർ കണക്ക് കൂട്ടിയിരുന്നു. അവരാണ് ഇങ്ങനെയൊരു നിയമം സൃഷ്‌ടിക്കപ്പെടാൻ കാരണം. സ്വാതന്ത്ര്യം കിട്ടി 75 വർഷത്തിനു ശേഷവും ഈ നിയമമാണ് രാജ്യത്ത് നിലനില്ക്കുന്നത്. ഒരു കാര്യം ഓർക്കുക,

99 ശതമാനം ക്രിമിനൽ കേസുകളിലും ഗൂഢാലോചന മാത്രം ആധാരമാക്കി

ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആ സാഹചര്യത്തിൽ ഈ നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്താണ് കുറ്റകരമായ

ഗൂഢാലോചന ?

രണ്ടോ അതിൽ കൂടുതലോ ആളുകൾ ഒത്തുചേർന്ന് കുറ്റകൃത്യം ചെയ്യാനായി ഒരു കരാർ ഉണ്ടാക്കുന്നു. കരാർ പ്രകാരം തീരുമാനിക്കുന്ന കാര്യം ഒരുപക്ഷേ നടക്കണമെന്നില്ല, എന്നിരുന്നാലും അങ്ങനെ ഒരു കരാർ ഉണ്ടാക്കുന്നത് പോലും കുറ്റകരമാണ്.

നിയമപരമായ ഒരു കാര്യം നിയമവിരുദ്ധമായ മാ‌ർഗങ്ങളിലൂടെ ചെയ്‌താൽ അതും കുറ്റകരമാണ്. എവിഡൻസ് ആക്ട് അനുസരിച്ച്, ഒന്നിൽ കൂടുതൽ പേർ ചേർന്ന് ഒരു ഗൂഢാലോചന നടത്തിയാൽ അതിൽ ഓരോരുത്തരുടെ പങ്കും തെളിയിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

ഗൂഢാലോചനയിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിലും ഒരാൾക്കെതിരെ ലഭിക്കുന്ന തെളിവുകൾ പൊലീസിന് സംഘത്തിലെ മറ്റുള്ളവർക്കെതിരെയും ഉപയോഗിക്കാൻ സാധിക്കും.

ഒരു കുറ്റകൃത്യത്തിനായി നടത്തുന്ന ഗൂഢാലോചനയിൽ സംഘത്തിലെ എല്ലാവർക്കും ആദ്യം മുതൽ അവസാനം വരെ പങ്ക് ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ അവരുണ്ടാക്കിയ കരാർ മാത്രം മതിയാകും അവരെ കുറ്റക്കാരാക്കാൻ.

ഒരാളെ പരിക്കേൽപ്പിക്കാനുള്ള ലക്ഷ്യത്തോടെ നടത്തിയ ഗൂഢാലോചനയ്‌ക്കൊടുവിൽ ആ വ്യക്തി മരിച്ചാൽ കൃത്യം നടത്തിയ ആൾ മാത്രമാകും കുറ്റക്കാരൻ. കൊലപാതകക്കുറ്രം കൃത്യം നടത്തിയ ആൾക്കെതിരെ മാത്രമേ നിലനില്‌ക്കൂ.

തയ്യാറാക്കിയ പ്ലാൻ നടന്നു കഴിഞ്ഞാൽ മാത്രമേ കുറ്റകരമായ ഗൂഢാലോചന ആവുകയുള്ളൂ. കുറ്റകരമായ ഗൂഢാലോചനയുടെ ദുരുപയോഗങ്ങൾ നിരവധിയാണ്. അതിനാൽ 172 വർഷം മുൻപേയുള്ള ഇന്ത്യൻ പീനൽ കോഡ് നിയമങ്ങൾക്ക് മാറ്റം വരുത്തേണ്ടതാണ്.

ഒന്നിലധികം ആളുകൾ ഒരുമിച്ച് വാഹനങ്ങളിലോ മറ്റോ സഞ്ചരിക്കുമ്പോൾ, അതിലൊരാളുടെ പക്കൽ ലഹരി വസ്തുക്കളോ ആയുധങ്ങളോ പിടിച്ചെടുക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അതിൽ പങ്കില്ലെങ്കിൽ കൂടി അവരും ആ കേസിൽ പ്രതിചേർക്കപ്പെടുന്നു. നല്ലൊരു വക്കീലിന്റെ മികവ് കൊണ്ട് കേസ് നന്നായി വാദിക്കാൻ കഴിഞ്ഞാൽ കൂടുതൽ ആളുകൾ ജയിലിൽ പോകാതെ കുറ്റവിമുക്തരാകാൻ കഴിയുന്നു.

ദുർബലമായ

തെളിവുകൾ

ഗൂഢാലോചന കേസിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് മീഡിയ, ടേപ്പ് റെക്കോർഡർ ഇവയെല്ലാം ദുർബലമായ തെളിവുകളാണ്. ഇവ കൊണ്ട് മാത്രം ഗൂഢാലോചന നടന്നെന്ന് കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞു.

ഇലക്ട്രോണിക് മീഡിയ വഴി ഗൂഢാലോചന നടത്തുന്ന കാര്യങ്ങളിൽ, അവർ സംസാരിക്കുന്ന കൂട്ടത്തിൽ ഏതെങ്കിലും വ്യക്തിയെയോ സ്ഥലത്തെയോ പരാമർശിച്ചെങ്കിൽ മാത്രമേ അതൊരു കുറ്റകരമായ ഗൂഢാലോചനയായി കണക്കാക്കാൻ സാധിക്കൂ.

വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കുറ്റകൃത്യത്തിൽ അന്ന് ഗൂഢാലോചന നടന്നതായി തനിക്കറിയാമായിരുന്നു എന്നൊരാൾ പറഞ്ഞാൽ അത് നിലനില്‌ക്കില്ല. കാരണം ആ വ്യക്തിക്ക് അത് സംഭവം നടന്ന കാലയളവിൽ പറയാമായിരുന്നു. ഗൂഢാലോചനയ്‌ക്ക് ശേഷം കുറ്റകൃത്യം നടന്നിട്ടില്ലെങ്കിൽ വെറും സംസാരത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ ഗൂഢാലോചനയ്‌ക്ക് കേസെടുക്കാനാവില്ല.