
തിരുവനന്തപുരം: നാളെ മുതൽ അവശ്യമരുന്നുകൾക്കും വില ഉയരുന്നതോടെ സാധാരണക്കാരുടെ നട്ടെല്ലൊടിയും. നിലവിലുള്ളതിനേക്കാൾ പത്ത് ശതമാനം തുകയാണ് കൂടുന്നത്. ജീവിത ശൈലീരോഗങ്ങൾക്കും ഹൃദ്‌രോഗത്തിനുമുള്ള മരുന്നുകളും വില കൂടുന്നവയിലുണ്ട്.
ഇന്ത്യൻ ഔഷധ മാർക്കറ്റിലെ പ്രധാനപ്പെട്ട രോഗങ്ങൾക്കുള്ള 850ഓളം വ്യത്യസ്ത മരുന്നുകളെ വില വർദ്ധന ബാധിക്കും. പ്രതിമാസം ആയിരക്കണക്കിന് രൂപയുടെ മരുന്നിനെ ആശ്രയിക്കുന്നവരെല്ലാം കൂടുതൽ തുക നീക്കിവയ്‌ക്കേണ്ടി വരും. ബി.പിയുടേയും ഹൃദ്‌രോഗത്തിന്റെയുമൊക്കെ മരുന്നുകൾക്കും വില ഉയരും. വില നിയന്ത്രണ പട്ടികയിൽ വരാത്ത ധാരാളം മരുന്നുകളുണ്ട്. എന്നാൽ ഫോർമുലേഷനുകളായി വരുമ്പോൾ ഇവയ്ക്കും വില വർദ്ധനയുണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
രോഗത്തെ പ്രതിരോധിക്കാൻ മരുന്ന് അത്യന്താപേക്ഷിതമായതിനാൽ വിലക്കയറ്റത്തിന്റെ പേരിൽ മരുന്ന് ഒഴിവാക്കാനും കഴിയില്ല. എന്ത് വിലകൊടുത്തും വാങ്ങുകയെന്നതാണ് ഏക പോംവഴി. പലരും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടവരാണ്. ഒരു നേരം മരുന്ന് മുടങ്ങിയാൽ പോലും ശാരീരിക അവശതകൾ നേരിടുന്നവരുമുണ്ട്. പത്ത് ശതമാനം വർദ്ധന പോലം സാധാരണ കുടുംബങ്ങൾക്കുണ്ടാക്കുക വലിയ ആഘാതമുണ്ടാക്കും.