
ഇന്ത്യയിൽ ഇന്റർനെറ്റ് എത്തിയിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ് ഇന്ത്യയിലെ ജനങ്ങൾ വേഗത കൂടിയ ഇന്റർനെറ്റ് എന്താണെന്ന് അനുഭവിച്ച് തുടങ്ങിയത്. വേഗത കൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളെല്ലാം മാറി.ഇന്ന് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭിക്കുന്ന കാലമാണ്. എല്ലാ പ്രായത്തിലുള്ളവരും യൂട്യൂബും ഫേസ് ബുക്കും ഇൻസ്റ്റഗ്രാമും വാട്സാപ്പുമെല്ലാം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. അവരെ ലക്ഷ്യമാക്കിയാണ് പുതിയ കാലത്തെ അതിവേഗ ഇന്റർനെറ്റ് ഇന്ത്യയിലേക്ക് എത്തുന്നത്. ഉപഗ്രഹ ഇന്റർനെറ്റാണ് ഇതിലെ ഏറ്റവും പുതിയ മാറ്റം.
ഉപഗ്രഹത്തിൽ നിന്ന് നേരിട്ട്
4ജി.ലേലവും 5ജി.ലേലവും മറ്റും കേട്ടിട്ടുള്ളവർക്കറിയാം ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതിൽ ഉപഗ്രഹങ്ങൾക്ക് വലിയ പങ്കുണ്ടെന്ന കാര്യം. ഇന്ത്യ പോലുള്ള രാജ്യങ്ങൾ അയക്കുന്ന കൂറ്റൻ വാർത്താവിനിമയ ഉപഗ്രഹങ്ങളിലെ സ്പെക്ട്രം സ്വന്തമാക്കിയാണ് എയർടെൽ, ജിയോ, ബി.എസ്.എൻ.എൽ, വൊഡാഫോൺ തുടങ്ങിയവരെല്ലാം ഇന്റർനെറ്റ് നൽകുന്നത്. അവർ അവരുടെ ഉപകരണങ്ങളിലൂടെ ഇന്റർനെറ്റ് സേവനം കേബിൾ വഴിയും ഡാറ്റാ കേബിൾ വഴിയും ഡോംഗിൾ വഴിയുമെന്നാണ് നൽകുന്നത്. മൊബൈൽ ടവറുകൾ വഴിയും പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വൈ ഫൈ റൂട്ടറുകൾ വഴിയും ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴിയുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ ഇന്റർനെറ്റ് വിതരണം നടക്കുന്നു. എന്നാൽ ഈ പരമ്പരാഗത രീതികളിൽ നിന്ന് മാറി ബഹിരാകാശത്തെ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് വിതരണം ചെയ്യുന്ന രീതിയാണ് പുതിയ ഉപഗ്രഹ ഇന്റർനെറ്റ്. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് എത്തുന്ന ഇന്റർനെറ്റ് ആണിത്.
നിലവിൽ അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ വിവിധ കമ്പനികൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനം വിയാസാറ്റ്, എക്സെഡ്, എക്കോസ്റ്റാർ, ഹ്യൂഗ്സ് നെറ്റ്, യുടെൽസാറ്റ്, സ്റ്റാർലിങ്ക് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങൾ നൽകുന്നുണ്ട്. ഇതിൽ സ്റ്റാർലിങ്കാണ് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ മുന്നോട്ട് വന്നിട്ടുള്ളത്. ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബാഹിരാകാശ ഗവേഷണ സ്ഥാപനം സ്പേസ് എക്സിന് കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. ഭൂമിയോടടുത്ത് ബഹിരാകാശത്ത് ഇതിനകം 1800 ലേറെ ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ഡിഷ് ആന്റിനയും റൂട്ടറും ഉണ്ടെങ്കിൽ ഇൗ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് കണക്ഷൻ എടുക്കാം. ഭൂമിയിൽ ഏത് തരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇത്തരം ഇന്റർനെറ്റ് ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
വേഗം മിന്നൽ, നിരക്ക് ഇടിവെട്ട്
സെക്കന്റിൽ 100 എംബിയ്ക്കും 200 എംബിയ്ക്കും ഇടയിൽ ഡൗൺലോഡ് വേഗത കിട്ടുമെന്നാണ് സ്റ്റാർലിങ്കിന്റെ വാഗ്ദാനം. നിലവിൽ സെക്കൻഡിൽ കേവലം 2 എം.ബി.യാണ് ഇന്ത്യയിലെ ശരാശരി ഇന്റർനെറ്റ് വേഗതയെന്നോർക്കണം. ഫൈബർ ടു ദി ഹോം (എഫ്ടിടിഎച്ച്) പദ്ധതിയിൽ പോലും 100 എം.ബി.പി.എസ് വേഗത നൽകാൻ ഇന്ത്യയിൽ കഴിയുന്നില്ല. ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിനായി സ്റ്റാർലിങ്ക് ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തെങ്കിലും സേവനം ആരംഭിക്കാനുള്ള ലൈസൻസ് ഇതുവരെ നേടിയിട്ടില്ല. ലൈസൻസ് കിട്ടിയാൽ ഇൗ വർഷം തന്നെ ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിലും കിട്ടും. ലൈസൻസ് കിട്ടിയാൽ ഡിസംബറോടെ ഇന്ത്യയിൽ രണ്ട് ലക്ഷം കണക്ഷനുകൾ എത്തിക്കുമെന്നും സ്റ്റാർ ലിങ്ക് പറയുന്നു.
അതിവേഗ ഇന്റർനെറ്റ് നൽകുമെന്ന് പറയുമ്പോഴും അതിന്റെ വിലയാണ് ഇന്ത്യക്കാരെ അകറ്റുന്നത്. 99ഡോളറാണ് (7,425 രൂപ) സേവനം ബുക്ക് ചെയ്യുന്നതിനുള്ള നിരക്കായി ഇപ്പോൾ ഇൗടാക്കുന്നത്. അത് പിന്നീട് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കേബിൾ വഴി ഇന്റർനെറ്റ് എടുക്കുന്നതിന് 3400രൂപ വരെയാണ് റൂട്ടർ ഉൾപ്പെടെയുള്ള ചാർജ്ജ്. സ്റ്റാർലിങ്ക് റൂട്ടറിന് വേറെ ചാർജ്ജ് എടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഇന്റർനെറ്റിന്റെ നിരക്കുകളും പാക്കേജുകളും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. നിരക്ക് കൂടുതലാണെങ്കിൽ പ്രാരംഭ വർഷങ്ങളിൽ സ്റ്റാർലിങ്ക് സേവനത്തിന് ജനകീയത ലഭിക്കാൻ സാദ്ധ്യത കുറവാണ്.
സ്റ്റാർലിങ്കിനെ
കൊതിപ്പിക്കുന്നത്
വിവര സാങ്കേതികത ജീവിതസങ്കീർണതകളെ ലഘൂകരിക്കുന്ന സവിശേഷ സാഹചര്യങ്ങളിലൂടെയാണ് ലോകം മുന്നോട്ട് നീങ്ങുന്നത്. അത് ജനസാമാന്യത്തിന്റെ ദൈനംദിന ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനമാകട്ടെ പ്രവചനാതീതവുമാണ്. ഇൻഫർമേഷൻ ടെക്നോളജിയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ആധുനിക ജീവിതം അക്ഷരാർത്ഥത്തിൽ ഇന്റർനെറ്റ് അധിഷ്ഠിതം തന്നെയാണ്. ഭരണ കേന്ദ്രങ്ങളിൽ, വാർത്താവിനിമയ സംവിധാനങ്ങളിൽ, ട്രാൻസ്പോർട്ടേഷനിൽ, ഹെൽത്ത് കെയറിൽ... അങ്ങനെ സമസ്ത മേഖലകളിലും ടെക്നോളജിയുടെ സർവാതിശായിയായ നിറസാന്നിധ്യം ലോകത്തിന് മുന്നിലുണ്ട്.
1986ലാണ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ നാമമാത്രമായെങ്കിലും തുടങ്ങുന്നത്. ആദ്യകാലത്ത് വിദ്യാഭ്യാസമേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്റർനെറ്റ് സേവനം ഒൗദ്യോഗികമായി പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങുന്നത് 1995ആഗസ്റ്റ് 15 മുതലാണ്. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് ഇന്റർനെറ്റ് സേവനം നൽകിതുടങ്ങിയത്.
ഇന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ ജനസംഖ്യയിൽ 71.4 കോടി ജനങ്ങൾ ഇന്റർനെറ്റ് ലോകത്ത് സജീവമായി വ്യാപരിക്കുന്നവരാണ്. ഇതിൽത്തന്നെ 14 ശതമാനം അഞ്ചു മുതൽ 11 വയസ്സ് വരെയുള്ള ഏജ് ഗ്രൂപ്പിൽ ഉള്ളവരും. ഇന്റർനെറ്റ് ഉപയോക്താക്കളിൽ 43.3 ശതമാനം 12 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇന്ത്യൻ റീഡർഷിപ്പ് സർവ്വേയുടെ ഡാറ്റ പ്രകാരം രാജ്യത്തെ സജീവ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 70 ശതമാനവും ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയുടെ ഇന്റർനെറ്റ് ആഭിമുഖ്യത്തിൽ വന്ന മുന്നേറ്റവും പ്രത്യേകം ശ്രദ്ധേയമാണ്. ഗ്രാമീണ മേഖലയിൽ പ്രതിദിനം മൂന്നുകോടി പുതിയ ഉപയോക്താക്കൾ ഇന്റർനെറ്റ് ലോകത്തേക്ക് ആകർഷിക്കപ്പെടുന്നതായാണ് കണക്കുകൾ തെളിയിക്കുന്നത്. ഗ്രാമങ്ങളിൽ സ്ത്രീകൾക്കിടയിൽ ഇന്റർനെറ്റ് ഉപയോഗം അതിവേഗം വളരുകയാണ്.
2019 മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 31ശതമാനം വർധനയാണ് കാണിക്കുന്നത്. നഗരഗ്രാമ ഭേദമില്ലാതെ ഇന്റർനെറ്റ് ആക്സസിന്റെ പ്രധാന ഉപാധി മൊബൈൽ ഫോൺ തന്നെയാണ്. സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്ക് മാറുന്നു. ഇഗവേണൻസ് ഭരണസംവിധാനവും സമൂഹവും തമ്മിലുള്ള ഇടപാടുകളുടെ കൃത്യതയും വ്യക്തതയും പതിന്മടങ്ങ് മെച്ചപ്പെടുത്തി. നെറ്റ് ബാങ്കിംഗ്, ഇകോമേഴ്സ്, ടെലിഎഡ്യൂക്കേഷൻ, മീഡിയ.... തുടങ്ങി ഇന്റർനെറ്റ് അധിഷ്ഠിത ജീവിതത്തിന്റെ സജീവതയിലാണ് ആധുനിക ലോകം. അനുദിനം ഇന്റർനെറ്റ് സാങ്കേതികതയുടെ ആവശ്യകത യിലേക്കാണ് ലോകത്തിന്റെ പ്രയാണമെന്നിരിക്കെ അതിന്റെ വേഗത വർദ്ധിപ്പിക്കുന്ന ഏത് വികസനത്തോടും സമൂഹം ഏറെ അനുകൂലമായാണ് പ്രതികരിക്കുന്നത്. അതിലാണ് ഇത്തരം പുതിയ ഇന്റർനെറ്റ് സേവനദാതാക്കളുടെ പ്രതീക്ഷ.