tovino-thomas

കൊച്ചി: സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്. താരങ്ങൾ ഒടിടിയിലേക്കാണ് തങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതെങ്കിൽ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ ആരോപിച്ചു. ഉദാഹരണമായി സൂര്യ, ടൊവിനോ തോമസ് ചിത്രങ്ങളെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

'തിയേറ്ററിൽ പ്രേക്ഷകരുടെ ആസ്വാദനം കിട്ടാത്ത ഒരു താരങ്ങൾക്കും നിലനിൽപ്പില്ല. അതിന്റെ ഏറ്റവും വലിയ ഉദാരഹണമാണ് സൂര്യയ‌്ക്ക് സംഭവിച്ചത്. സൂര്യയുടെ ഏറ്റവും നല്ല പടം വന്നിട്ട് തിയേറ്ററിലേക്ക് ജനം വന്നില്ല. ടൊവിനോ തോമസ് അയാളുടെ കരിയറിൽ ഏറ്റവും കൂടുതൽ ഹാർഡ് വർക്ക് ചെയ‌്ത പടമാണ് മിന്നൽ മുരളി. ആ പടം കൊണ്ട് ആ നടന് എന്തെങ്കിലും നേട്ടമുണ്ടായെന്ന് നിങ്ങൾക്ക് തോന്നുണ്ടോ? മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ‌്തത് കൊണ്ടാണ് നാരദൻ എന്ന അടുത്ത ചിത്രത്തിന് തിയേറ്ററിൽ ആളു കേറാതെ പോയത്. ഒടിടിയിലേക്ക് സ്ഥിരമായി പോകുന്ന ഏതു നടനും പ്രേക്ഷകന്റെ ഹൃദയത്തിൽ നിന്നുകൂടിയാണ് പോകുന്നതെന്ന് മനസിലാക്കണം'- വിജയകുമാർ പറഞ്ഞു.