ananya

മലയാളി പ്രേക്ഷകർ കാണാൻ തുടങ്ങിയ കാലം മുതൽ ചുറുചുറുക്കിന്റെ പര്യായമായി നിൽക്കുന്ന ആളാണ് അനന്യ. സിനിമയിൽ ഇടവേളകൾ പലതുണ്ടായപ്പോഴും അനന്യയുടെ രൂപത്തിൽ മാത്രം മാറ്റം വന്നിട്ടില്ല. പ്രായം കൂടുന്നുണ്ടെങ്കിലും അനന്യ ഇപ്പോഴും കോളേജ് വിദ്യാർത്ഥിനിയെ പോലെ ചെറുപ്പമാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അതിന്റെ പിന്നിലെ രഹസ്യം അവർ പങ്കുവച്ചു.
' വലിയ രഹസ്യങ്ങളൊന്നുമില്ല. അഞ്ചാറ് വർഷമായി ഡയറ്റ് നോക്കുന്നുണ്ട്. ചെറുപ്പം നിലനിറുത്താനോ ലേഡി മമ്മൂക്കയാകാനോ ഉള്ള ശ്രമമല്ല. ആരോഗ്യം നിലനിറുത്തണമെന്നുണ്ട്. അതിന് വേണ്ടി ഭക്ഷണകാര്യത്തിൽ നിയന്ത്റണമുണ്ട്. വലിയ ഫുഡി അല്ല. വണ്ണം വച്ചാൽ എനിക്ക് തന്നെ അസ്വസ്ഥത തോന്നും. പിന്നെ അത് കുറയ്‌ക്കാൻ നോക്കും.

ഓവർ വെയിറ്റിലേക്കൊന്നും ഇതുവരെ പോയിട്ടില്ല. കഥാപാത്രം ആവശ്യപ്പെട്ടാൽ വണ്ണം വക്കുന്നതിന് കുഴപ്പമില്ല. 'അപ്പനി"ൽ എന്റെ കഥാപാത്രത്തിന് കുറച്ച് വണ്ണം വേണമെന്ന് പറഞ്ഞിരുന്നു. അന്ന് വളരെ മെലിഞ്ഞാണ് ഇരുന്നത്. പിന്നെ മൂന്ന് കിലോ കൂട്ടി. വണ്ണം കൂട്ടാൻ ഒരാഴ്‌ച മതി.

വണ്ണം കുറയ്ക്കാൻ പക്ഷേ ഒരാഴ്ച തല കുത്തി നിന്നാലും നടക്കില്ലല്ലോ. ഭ്രമത്തിലും അത്യാവശ്യം വണ്ണമുണ്ടായിരുന്നു. " അനന്യ പറഞ്ഞു. വീഡിയോ കാണാം...