-imran-khan-

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ രാഷ്ട്രീയ നിലനില്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. 2018ൽ സൈന്യത്തിന്റെ പിന്തുണയോടുകൂടി അധികാരത്തിൽ എത്തിയപ്പോൾ അഴിമതിരഹിത ഭരണവും സ്വതന്ത്ര അമേരിക്ക വിരുദ്ധ വിദേശനയവും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക രംഗം ഉൾപ്പെടെ വഷളായെന്നു മാത്രമല്ല സൈന്യത്തിന്റെ പിന്തുണയും നഷ്ടമായി. ''തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില നിയന്ത്രിക്കുകയല്ല തന്റെ ജോലി' എന്നതുപോലെയുള്ള പ്രസ്താവനകൾ അദ്ദേഹത്തിന് ഒട്ടും ഗുണം ചെയ്തിട്ടില്ല. പ്രതിപക്ഷത്തെ ശത്രുവായിക്കണ്ടത്, തന്റെ രക്തത്തിനായി ദാഹിക്കുന്ന സഖ്യമാക്കി മാറ്റിയിട്ടുണ്ട്.

മാത്രമല്ല തന്റെ അടുപ്പക്കാരെപ്പോലും വെറുപ്പിച്ചത് ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന് വിനയായിട്ടുണ്ട്. ഭരണത്തിലെ കൂട്ടുകക്ഷിയായ മുത്താഹിതാ ക്വാമി മൂവ്മെന്റ് MQM പ്രതിപക്ഷത്തോട് ചേർന്നുകഴിഞ്ഞു. അവസാന അടവെന്ന നിലയിൽ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന ഗൂഢാലോചനയാണ് പ്രതിസന്ധിയുടെ കാരണമെന്ന വാദം ഇമ്രാൻ ഉയർത്തുന്നു. ഈ ഗൂഢാലോചന ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാസമിതിയുടെ മീറ്റിംഗ് വിളിച്ചിരിക്കുകയാണ്.

ചുരുക്കത്തിൽ എല്ലാവരാലും ഒറ്റപ്പെട്ട ഇമ്രാൻഖാന് പാർലമെന്റിന്റെ വിശ്വാസം നേടുക എളുപ്പമായിരിക്കില്ല. പാകിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇമ്രാൻ ഖാന്റെ ഒറ്റപ്പെടലിനും നിരവധി കാരണങ്ങളുണ്ട്.


സാമ്പത്തിക പ്രതിസന്ധി

ഇമ്രാൻഖാൻ സർക്കാരിനെ ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയത് സാമ്പത്തികരംഗം താറുമാറായതാണ്. ഇമ്രാൻ ഖാന്റെ ജനപിന്തുണ നഷ്‌ടപ്പെടാനുള്ള പ്രധാനകാരണവും ഇതുതന്നെയാണ്. രണ്ട് വർഷത്തിലധികമായി ഇരട്ടസംഖ്യയിൽ തുടരുന്ന പണപ്പെരുപ്പം, നിത്യോപയോഗ സാധനങ്ങളുടെ അസാധാരണ (17ശതമാനം ) വിലക്കയറ്റം, വർദ്ധിക്കുന്ന ദാരിദ്ര്യം, രൂക്ഷമായ തൊഴിലില്ലായ്മ, 74 വർഷത്തെ ഏറ്റവും ഉയർന്ന വ്യാപാരകമ്മി, ഭീമമായ കടബാദ്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് മുന്നിൽ പരിഹാരമില്ലാതെ അന്തംവിട്ടു നിൽക്കുകയാണ് ഇമ്രാൻ ഭരണകൂടം. രണ്ട് കോടിയിൽപരം അതിദരിദ്രർക്കും പാവപ്പെട്ടവർക്കും പണവും ഭക്ഷണവും വിതരണം ചെയ്യുവാനുള്ള തീരുമാനത്തിന് നിലവിലെ അസംതൃപ്തി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വൈദ്യുതി നിരക്ക് ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളേക്കാൾ ഇരട്ടിയാണ് പാകിസ്ഥാനിൽ. ആഭ്യന്തര ആവശ്യത്തിന്റെ 80 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്നത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമാണ്.

സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ കൈക്കൊണ്ട നടപടികൾ ഒന്നുംതന്നെ ഫലം കണ്ടില്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. IMF ൽ നിന്നും സുഹൃത് രാജ്യങ്ങളായ സൗദി അറേബ്യയിൽ നിന്നും ചൈനയിൽ നിന്നും കടം വാങ്ങി പ്രശ്നം പരിഹരിക്കുവാനുള്ള ശ്രമങ്ങൾ പാതിവഴിയിലാണ്. മാത്രമല്ല ഇത് കടക്കെണി രൂക്ഷമാക്കുകയും ചെയ്യും. പാകിസ്ഥാൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് ഉയർത്തിയത് വിലക്കയറ്റം തടയുന്നതിനേക്കാൾ ഉപരിയായി വ്യവസായ വളർച്ച മുരടിപ്പിക്കുകയാണ് ചെയ്തത്. കൂട്ടുകക്ഷി മന്ത്രിസഭയിലെ പ്രതിപക്ഷപാർട്ടികൾ സർക്കാരിന് എതിരെ തിരിഞ്ഞതിന്റെ പ്രധാന കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. ഇനിയും പിന്തുണച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്ന് അവർ തിരിച്ചറിയുന്നു.


സൈന്യത്തിന്റെ അപ്രീതി

സൈന്യത്തിന്റെ പിന്തുണയില്ലാതെ ഒരു സർക്കാരും പാകിസ്ഥാൻ ഭരിച്ചിട്ടില്ല. സൈന്യത്തെ എതിർത്തവരൊക്കെ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയോ, നാടുകടത്തപ്പെടുകയോ, ജയിലിൽ അടക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. 2018ൽ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടുകൂടി അധികാരത്തിൽ വന്ന ഇമ്രാൻ അവരുടെ സ്ഥലംമാറ്റ സംബന്ധമായ കാര്യങ്ങളിൽ ഇടപെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ ഉറ്റ ചങ്ങാതിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ ജനറൽ ഹമീദിനെ സൈനികമേധാവിയാക്കുവാനുള്ള ഇമ്രാന്റെ വഴിവിട്ട ശ്രമങ്ങൾ, സൈനിക നേതൃത്വത്തെ ദേഷ്യം പിടിപ്പിച്ചു. അദ്ദേഹത്തെ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനായി നിലനിറുത്താവനുള്ള ശ്രമങ്ങളും സൈന്യത്തിന് രുചിച്ചില്ല. ഈ ഘട്ടത്തിലാണ് ഭരണവിരുദ്ധ വികാരത്തോടൊപ്പം ചേർന്ന് സൈന്യവും ഇമ്രാനെ എതിർക്കുന്നത്. സൈന്യവുമായി സമരസപെട്ടില്ലെങ്കിൽ ഇമ്രാൻ പുറത്തേക്ക് തന്നെ.


വാളെടുത്ത് പ്രതിപക്ഷം

പ്രതിപക്ഷത്തെ ശത്രുതയോടെ കണ്ട പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. പരിഹാസത്തോടെയല്ലാതെ അദ്ദേഹം പ്രതിപക്ഷത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. അധികാരത്തിൽ വന്നപ്പോൾ മിക്കനേതാക്കളെയും ജയിലിലടക്കുവാൻ അദ്ദേഹം മടിച്ചില്ല. അതുകൊണ്ട് തന്നെ തക്കം പാർത്തിരുന്ന പ്രതിപക്ഷം അഭിപ്രായവ്യത്യാസങ്ങൾ മറന്ന് പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന സഖ്യമുണ്ടാക്കി ഇമ്രാന്റെ രക്തത്തിനായി മുറവിളികൂട്ടുകയാണ്. ഇമ്രാന്റെ തന്നെ പാർട്ടിയിലെ വിമതരും വിട്ടുപോയ കൂട്ടുകക്ഷികളും ചേരുമ്പോൾ അവിശ്വാസപ്രമേയം എളുപ്പത്തിൽ പാസാകുവാനാണ് സാദ്ധ്യത. ശക്തമായ പ്രചരണത്തിലൂടെ പ്രതിപക്ഷത്തെ തുറന്നുകാട്ടുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 'അഴിമതിക്കാരും',' അമേരിക്കയുടെ അടിമകളു'മെന്നാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. പക്ഷേ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തുവാൻ ഇത് മതിയാവില്ല. മാത്രവുമല്ല പ്രധാനമന്ത്രിമാർ കാലാവധി (5 വർഷം) പൂർത്തിയാക്കില്ലെന്ന സമ്പ്രദായവും പ്രതിപക്ഷത്തിന് ശക്തി പകരുന്നു.

ഭരണപക്ഷത്തെ സ്പീക്കർ ഉൾപ്പെടെയുള്ളവരുടെ വഴിവിട്ട കളികൾക്ക് കാര്യങ്ങൾ താമസിപ്പിക്കാമെങ്കിലും പാർലമെന്റിന്റെ വിശ്വാസം നേടുക എളുപ്പമല്ല.

അധികാരത്തിൽ അള്ളിപിടിച്ചു കിടക്കാൻ എല്ലാ മാർഗങ്ങളും തേടുകയാണ് ഇമ്രാൻഖാൻ എന്ന ക്രിക്കറ്റ് പ്രധാനമന്ത്രി. പക്ഷേ വിക്കറ്റുകൾ ഒന്നൊന്നായി വീഴുകയാണ്. പ്രതിപക്ഷത്തേയും അമേരിക്കയെയും വിമർശിക്കുന്ന അദ്ദേഹത്തിന് സ്വന്തം കളിയിലെ വീഴ്ചകൾ കാണുവാൻ കഴിയുന്നില്ല. ദൈനംദിനം രൂക്ഷമാകുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണുവാൻ കഴിയുന്നില്ല. ഈ ഘട്ടത്തിൽ സൈന്യത്തിന്റെ അപ്രീതിയും പ്രതിപക്ഷ കൂട്ടായ്മയും കാര്യങ്ങൾ സങ്കീർണമാക്കുന്നു.