ഇസ്ലാമബാദ്: പാകിസ്ഥാനിൽ അവിശ്വാസ വോട്ടെടുപ്പിനുമുമ്പുതന്നെ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ പുറത്താവുമെന്ന് ഉറപ്പായ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുഖം രക്ഷിക്കാനായി ദേശീയ അസംബ്ലി പിരിച്ചുവിട്ട് ഒരു വർഷം നേരത്തേ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രതിപക്ഷവുമായി ധാരണയുണ്ടാക്കാൻ പിൻവാതിൽ ശ്രമങ്ങൾ തുടങ്ങി.

പ്രതിപക്ഷം അവിശ്വാസ പ്രമേയം പിൻവലിച്ചാൽ ദേശീയ അസംബ്ലി പിരിച്ചുവിട്ട് ഇക്കൊല്ലം ആഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഇമ്രാന്റെ വാഗ്ദാനം. നിലവിലെ സഭയ്‌ക്ക് 2023 ആഗസ്റ്റ് വരെ കാലാവധിയുണ്ട്.

അതേസമയം,​ അവിശ്വാസ പ്രമേയത്തിൽ ഉ‌ടൻ വോട്ടെടുപ്പ് വേണമെന്ന് ഇന്നലെ പ്രതിപക്ഷം ശഠിച്ചതിനെ തുടർന്ന് ദേശീയ അസംബ്ലി ഏപ്രിൽ 3 വരെ നിറുത്തിവച്ചു. ഇന്നലെ പ്രമേയ ചർച്ചയ്‌ക്ക് സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി സഭ നിറുത്തി വച്ചു.

അവിശ്വാസപ്രമേയവുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷത്തെ അനുവദിച്ചാൽ വോട്ടെടുപ്പിൽ തോറ്റു പുറത്താവും. അല്ലെങ്കിൽ വോട്ടെടുപ്പിനുമുമ്പ് രാജിവയ്‌ക്കേണ്ടിവരും. രണ്ടായാലും രാഷ്ട്രീയ തിരിച്ചടിയും നാണക്കേടുമാവും ഫലം. അത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇമ്രാൻ സർക്കാരും തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടിയും പ്രതിപക്ഷവുമായി രഹസ്യ ച‌ർച്ചകൾ ആരംഭിച്ചെന്ന് പാക് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

രണ്ട് സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതോടെയാണ് അവിശ്വാസ വോട്ടിന് മുമ്പ് ഇമ്രാന് ഭൂരിപക്ഷം നഷ്ടമായത്.

ബുധനാഴ്ച കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷവുമായി ധാരണയ്‌ക്ക് അണിയറ നീക്കം തുടങ്ങിയത്. ഐ. എസ്. ഐ മേധാവിയും ഇമ്രാനെ സന്ദർശിച്ചിരുന്നു.

പ്രതിപക്ഷ നിലപാട്

ഇമ്രാൻ ഖാനെയും അദ്ദേഹത്തിന്റെ വാഗ്ദാനത്തെയും വിശ്വസിക്കരുത്.

അവിശ്വാസപ്രമേയത്തിൽ എത്രയും വേഗം വോട്ടെടുപ്പാണ് വേണ്ടത്

കെയർ ടേക്കറായി തുടരാം ?​

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി രാജി വച്ചാലും പട്ടാളം ഇടപെടാതെ ജനാധിപത്യ രീതികൾ പാലിച്ചാൽ ഇമ്രാന് കെയർ ടേക്കർ സർക്കാരിന്റെ തലവനായി തുടർന്ന് തിരഞ്ഞെടുപ്പ് നടത്താം.

''ഇമ്രാന്റെ ഇന്നിംഗ്സ് കഴിഞ്ഞു. അദ്ദേഹം പരാജിതനായി. ഇനി രാജിവയ്ക്കുകയാണ് മുഖം രക്ഷിക്കാനുള്ള ഏക വഴി

--ബിലാവൽ ഭൂട്ടോ

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ

പാക് തിരഞ്ഞെടുപ്പ്

അഞ്ച് വർഷമാണ് പാക് പാർലമെന്റിന്റെ കാലാവധി. 2018 ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇമ്രാൻ സർക്കാർ അധികാരത്തിലേറിയത്. 2023 ആഗസ്റ്റ് 13 വരെ കാലാവധിയുണ്ട്. അന്ന് സഭ പിരിച്ചു വിട്ടാൽ 60 ദിവസത്തിനകം അടുത്ത തിരഞ്ഞെടുപ്പ് നടത്തണം - അതായത് 2023 ഒക്ടോബർ 12ന് മുമ്പ്. കാലാവധിക്ക് മുമ്പ് ദേശീയ അസംബ്ലി പിരിച്ചു വിട്ടാൽ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.

വിദേശ ഗൂഢാലോചനയെന്ന് ഇമ്രാൻ

തന്നെ പുറത്താക്കാൻ വിദേശ ഗൂഢാലോചനയുണ്ടെന്നും അവരുടെ ചട്ടുകങ്ങളായി മൂന്ന് പേർ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇമ്രാൻ ഖാൻ ഇന്നലെ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു. ഇമ്രാൻ ഖാനെ പുറത്താക്കിയാൽ പാകിസ്ഥാനോട് ക്ഷമിക്കാമെന്നാണ് ഈ വിദേശ രാഷ്‌ട്രങ്ങളുടെ നിലപാട്. തന്നെ പുറത്താക്കിയില്ലെങ്കിൽ പാകിസ്ഥാന് കഷ്ടകാലമായിരിക്കും. പാകിസ്ഥാന്റെ ശത്രുക്കളായ മൂന്ന് പേർ ഈ വിദേശശക്തികളുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നു. ഞായറാഴ്ച അവിശ്വാസ വോട്ടെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും. ഞാൻ അവസാനം വരെ പോരാടും - ഇമ്രാൻ പറഞ്ഞു.