
ഇസ്‌ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകുന്നു. പ്രധാനമന്ത്രിയ്‌ക്കെതിരെ അവിശ്വാസപ്രമേയ വോട്ടെടുപ്പു നടക്കാനിരിക്കെ കനത്ത തിരിച്ചടി നൽകി കൊണ്ട് മുഖ്യ ഘടകകക്ഷി സർക്കാർ വിട്ടു.
മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്–പാക്കിസ്ഥാനാണ് സർക്കാർ വിട്ടത്. ഇവരുടെ രണ്ട് മന്ത്രിമാരും രാജിക്കത്ത് നൽകി. ഇതോടെ ഇമ്രാന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി കൂടി പറഞ്ഞിട്ടുണ്ട്.
ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ ആകെ 176 അംഗങ്ങളായി. 342 അംഗ പാർലമെന്റിൽ അവിശ്വാസം വിജയിക്കാൻ 172 വോട്ടുകൾ വേണം. ഭരണം നിലനിർത്താനായി പിണങ്ങിനിൽക്കുന്ന ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവന്ന് ഭൂരിപക്ഷം നിലനിർത്താനുള്ള ശ്രമങ്ങളാണ് ഇമ്രാൻ ഖാൻ നടത്തുന്നത്.
ഇമ്രാന്റെ പാർട്ടിയിലെ 24 വിമതരും പ്രതിപക്ഷത്തിനൊപ്പം ചേർന്നതിനാൽ വോട്ടെടുപ്പു ദിവസം എല്ലാ പിടിഐ അംഗങ്ങളോടും സഭയിൽനിന്നു വിട്ടുനിൽക്കാൻ ഇമ്രാൻ ഖാൻ നിർദേശം നൽകി. അംഗങ്ങൾ കൂറുമാറി വോട്ടു ചെയ്യുന്നതു തടയുന്നതിനാണ് ഈ നീക്കം.
അതേസമയം കൂറുമാറുന്നവരെ ആജീവനാന്തകാലം തിരഞ്ഞെടുപ്പിൽ നിന്ന വിലക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇമ്രാൻ ഖാൻ പാക് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കൂടാതെ ഭരണത്തിൽ തുടരാനുള്ള അവസാന ഉപായം കണക്കെ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ചൗധരി ഫവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പാക് പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ അസിസ്റ്റന്റ് ഷഹബാസ് ഗിൽ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ഉറച്ചുനിൽക്കുമെന്നും പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പോരാടുമെന്നും ഗിൽ പറഞ്ഞു.