
മുംബയ്: നിരവധി വിവാദങ്ങൾ സൃഷിടിച്ചുകൊണ്ട് തീയേറ്ററിലേക്ക് കടന്നു വന്ന വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കാശ്മീർ ഫയൽസിന് യു എ ഇയിൽ പ്രദർശനാനുമതി ലഭിച്ചു. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തിന് നാലാഴ്ച നീണ്ട സൂക്ഷമ പരിശോധനയ്ക്കു ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്. ബോക്‌സോഫീസിൽ വലിയ കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ചില ഇന്ത്യക്കാർ ചിത്രത്തെ ഇസ്ലാമോഫോബിക് എന്നു വിളിക്കുമ്പോഴും നാല് ആഴ്ചത്തെ സൂക്ഷമ പരിശോധനയ്ക്കു ശേഷം ഒരു സീൻ പോലും കളയാതെ ചിത്രം ഒരു ഇസ്ലാമിക രാജ്യമായ യു എ ഇയിൽ പ്രദർശനത്തിനെത്തുകയാണെന്ന് സംവിധായകൻ വിവേക് പറഞ്ഞു.
യാതൊരു വിധ സെൻസറിംഗും ഇല്ലാതെയാണ് ചിത്രം യുഎയിൽ പ്രദർശനത്തിനെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമേ ചിത്രം തീയറ്റേറിൽ കാണാൻ അനുവാദമുള്ളു. എന്നാൽ യു എ ഇയിൽ 15 വയസ് മുതലുള്ളവർക്ക് ചിത്രം തീയേറ്ററിൽ കാണാം. ഏപ്രിൽ ഏഴിനാണ് ചിത്രം യു എ ഇയിൽ റിലീസ് ചെയ്യുന്നത്. വൈകാതെ തന്നെ ചിത്രം സിംഗപ്പൂരിലും പ്രദർശനത്തിനെത്തും.
സിംഗപൂരിൽ ഏതാണ്ട് മൂന്നാഴ്ചയോളം എടുത്താണ് ചിത്രത്തിന്റെ സൂക്ഷ്മ പരിശോധന നടന്നത്. ചിത്രത്തിൽ ആക്ഷേപകരമായ ഒന്നും തന്നെയില്ലെന്ന് അവിടുത്തെ സെൻസർ ബോർഡ് മേധാവി പറഞ്ഞു. മുസ്ലീം പ്രാതിനിധ്യം ഏറെയുള്ള രാജ്യമാണ് സിംഗപൂർ. യു എ ഇയിലും ഇതു തന്നെയാണ് നടന്നത്. ഈ സിനിമ മനുഷ്യത്വത്തെക്കുറിച്ചാണ് പറയുന്നത്. ഇത് തീവ്രവാദത്തിന് എതിരാണെന്നും ചിത്രം കണ്ട എല്ലാവരും പറയുന്നു. എന്നാൽ ഇന്ത്യയിൽ ഇത് കാണാതെ തന്നെ ചിത്രത്തെ എതിർക്കുകയാണ്. ചിത്രം ഇസ്ലാമോഫോബിക് ആണെന്നും ചിലർ മുദ്ര കുത്തുന്നു. അവർ ഒന്നുകിൽ തീവ്രവാദ ഗ്രൂപ്പുകളിൽ പെട്ടവരാണ് അല്ലെങ്കിൽ ദുഷിച്ച മനസുള്ളവരാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 250 കോടി പിന്നിട്ടത്. 1990ലെ കാശ്മീർ കലാപ കാലത്ത് കാശ്മീരി ഹിന്ദുക്കളുടെ പലായനത്തെ അടിസ്ഥാനമാക്കി മാർച്ച് 11 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അക്കാലത്ത് കാശ്മീരി പണ്ഡിറ്റുകൾ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളും സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നതുമാണ് സിനിമയിലെ കഥാതന്തു. വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രബൊർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.