
കൊച്ചി: ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരിയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ട്രാൻസ്‌ജെൻഡർ കൂട്ടായ്മ ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആരോപണവിധേയയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാണ് ആവശ്യം.
സമരക്കാരെ പൊലീസ് തടഞ്ഞതോടെ മാർച്ചിൽ സംഘർഷമുണ്ടായി. ലൈംഗികാതിക്രമ പരാതി നൽകാനെത്തിയ ട്രാൻസ്‌ജെൻഡറിനോടാണ് ലിംഗപരിശോധന നടത്തണമെന്ന് പൊലീസുകാരി പറഞ്ഞത്. മൂന്നാഴ്ചയ്ക്ക് മുമ്പ് കുളക്കടവിൽ വച്ച് ഒരുസംഘം അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.
എന്നാൽ, പരാതി സ്വീകരിക്കണമെങ്കിൽ ലിംഗപരിശോധന നടത്തണമെന്നായിരുന്നു ആലുവ പൊലീസ് ആവശ്യപ്പെട്ടത്. ലിംഗമാറ്റ ശസ്ത്രക്രിയാ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ തയ്യാറായില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. മുപ്പതോളം ട്രാൻസ്‌ജെൻഡറുകളാണ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. സംഘർഷത്തെ തുടർന്ന് സ്റ്റേഷനു മുന്നിലെ റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.