cricket

രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തി ഫാനൂസ് ബെംഗളൂരു: സി.കെ നായിഡു ട്രോഫി അണ്ടർ-25 ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെതിരേ ഇന്നിംഗ്സ് വിജയം ആഘോഷിച്ച് കേരളം. ഒരു ദിവസത്തെ മത്സരം ശേഷിക്കേ ഹിമാചലിനെ ഇന്നിംഗ്സിനും 38 റൺസിനുമാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സിൽ ഹിമാചലിനെ 135 റൺസിന് ആൾഒൗട്ടാക്കിയശേഷം കേരളം 336 റൺസടിച്ചിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഹിമാചൽ മൂന്നാം ദിവസം രാവിലെതന്നെ 163ന് ആൾഒൗട്ടാവുകയായിരുന്നു. ഇതോടെ എലൈറ്റ് ഗ്രൂപ്പ് എഫിൽ പത്ത് പോയിന്റുമായി കേരളം ഒന്നാമതെത്തി. രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റുകൾ വീഴ്ത്തിയ ഫാനൂസിന്റെ ബൗളിംഗാണ് കേരളത്തിന്റെ വിജയം ആധികാരികമാക്കിയത്.ആദ്യ ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റെടുത്തിരുന്ന ഫാനൂസ് രണ്ടാം ഇന്നിംഗ്സിൽ 14 ഓവറിൽ ആറു വിക്കറ്റുകൾകൂടി സ്വന്തമാക്കി. പുറത്താകാതെ 96 റൺസെടുത്ത് കേരളത്തിന്റെ ടോപ് സ്‌കോററായ അഖിൽ സ്‌കറിയ രണ്ടിന്നിംഗ്സുകളിലുമായി നാലു വിക്കറ്റുകളും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ബേസിൽ എൻ.പി രണ്ടു വിക്കറ്റെടുത്തു.

അഖിനൊപ്പം ക്യാപ്ടൻ വത്സൽ ഗോവിന്ദ്,ഷോൺ റോജർ എന്നിവരും ബാറ്റിംഗിൽ കേരളത്തിനായി തിളങ്ങി. 190 പന്തുകളിൽ 11 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു അഖിലിന്റെ 96 റൺസ് . 73 പന്തിൽ എട്ടു ഫോറിന്റെ അകമ്പടിയോടെ വത്സൽ 48 റൺസ് നേടി. ഷോൺ റോജർ 38 റൺസോടെ പിന്തുണ നൽകി.