oscar

ലോസ്ആഞ്ചലസ് : ഭാര്യ ജെയ്ഡയെ പരിഹസിച്ചതിന്റെ പേരിൽ ഓസ്കാർ വേദിയിൽ വച്ച് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ നടൻ വിൽസ്മിത്തിനോട് വിശദീകരണം തേടി അക്കാഡമി ഒഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. സംഭവത്തിന് പിന്നാലെ ഓസ്കാർ വേദി വിടാൻ ആവശ്യപ്പെട്ടെങ്കിലും നടൻ തയാറായില്ലെന്ന് അക്കാഡമി വ്യക്തമാക്കി.

അക്കാഡമിയുടെ പെരുമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സ്മിത്തിനെതിരെ ബോർഡ് ഒഫ് ഗവർണേഴ്സ് അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്. അതേ സമയം, നടനെ വിലക്കാനോ പുരസ്കാരം തിരിച്ചെടുക്കാനോ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്മിത്തിനെതിരെയുള്ള നടപടി തീരുമാനിക്കാനുള്ള യോഗം ഏപ്രിൽ 18ന് ചേരും.

അകാരണമായി തലമുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന രോഗം നേരിടുന്ന ജെയ്ഡയുടെ രൂപത്തെ പരിഹസിച്ചതിന് പിന്നാലെയാണ് ഓസ്കാർ വേദിയിൽ വച്ച് ക്രിസിനെ വിൽ സ്മിത്ത് സ്റ്റേജിൽ കയറി അടിച്ചത്. സംഭവത്തിന് ശേഷം അക്കാഡമിയോടും ക്രിസിനോടും വിൽ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. എന്താണ് സംഭവച്ചതെന്ന് താൻ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ക്രിസ് ഇന്നലെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് കൊണ്ട് പറഞ്ഞു.

 വിൽ സ്മിത്തിന്റെ അടിയ്ക്ക് പിന്നിൽ ഫൈസർ ?

ലോസ്ആഞ്ചലസ് : ഭാര്യ ജെയ്ഡയെ പരിഹസിച്ചതിന്റെ പേരിൽ നടൻ വിൽ സ്മിത്ത് ഓസ്കാർ വേദിയിൽ വച്ച് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് തിരക്കഥയുടെ ഭാഗമാകും എന്നാണ് ആദ്യം പലരും കരുതിയത്. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം നേടിയ ശേഷം വിൽ സ്മിത്ത് നടത്തിയ വികാരഭരിതമായ ക്ഷമാപണത്തിന് പിന്നാലെയാണ് യാഥാർത്ഥ്യമാണെന്ന് പലരും ഉൾക്കൊണ്ടത്. ക്രിസിനോടും സ്മിത്ത് ക്ഷമാപണം നടത്തിയിരുന്നു.

സ്മിത്തിനെതിരെ അക്കാഡമി അച്ചടക്ക നടപടിയും തുടങ്ങി. എന്നാൽ, ഇപ്പോഴും ഇതെല്ലാം മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. മരുന്ന് കമ്പനിയായ ഫൈസർ ഓസ്കാറിന്റെ സ്പോൺസർമാരിൽ ഒരാളാണെന്നതാണ് ഇതിന് കാരണം. സ്മിത്തിന്റെ ഭാര്യ ജെയ്ഡയ്ക്കുള്ള അകാരണമായി തലമുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന രോഗത്തിനുള്ള മരുന്ന് ഗവേഷണം ഫൈസർ നടത്തുന്നുണ്ടെന്നും തങ്ങളുടെ മരുന്നിന് മാർക്കറ്റിംഗ് കിട്ടാൻ ഫൈസറിന്റെ നേതൃത്വത്തിൽ നടന്ന ' ഡ്രാമ"യാണെന്ന പ്രചാരണമാണ് ഇത്തരക്കാർ നടത്തുന്നത്.

ഓസ്കാറിന് പിന്നാലെ അലോപേഷ്യയെ പറ്റിയും പ്രതിവിധിയെ പറ്റിയും ഇന്റർനെറ്റിൽ തിരയുന്നത് കുത്തനെ കൂടിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണഘട്ടത്തിലുള്ള ' എട്രാസിമോഡ് " എന്ന മരുന്നിന് വേഗത്തിൽ യു.എസിൽ അനുമതി ലഭ്യമാക്കാനും വേണ്ടിയാണിതെന്നും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.

എന്നാൽ, ഇത്തരം ഒരു മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫൈസർ നടത്തുന്നുണ്ടെങ്കിലും ഇത് വികസിപ്പിച്ചത് അനുബന്ധ കമ്പനികളിൽ ഒന്നായ അരീനയാണ്. 2022 മാർച്ചിലാണ് അരീന ഫൈസറിന്റെ ഭാഗമായത്. അതിന് വളരെ കാലം മുന്നേ തന്നെ ഈ മരുന്നിന്റെ ഗവേഷണം അരീനയിൽ നടന്നിരുന്നു. മാത്രമല്ല, എട്രാസിമോഡ് അലോപേഷ്യയ്ക്ക് മാത്രമുള്ള മരുന്നല്ല.

ഇമ്മ്യുണോ - ഇൻഫ്ലമേറ്ററി രോഗങ്ങൾക്കെല്ലാം ഫലപ്രദമാകാൻ സാദ്ധ്യതയുള്ള ഒരു മരുന്നാണിത്. അലോപേഷ്യയും ഇതിൽ ഒന്നാണെന്ന് മാത്രം. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നത്. ഇനിയും പരീക്ഷണങ്ങൾ തുടരണം. അതിന് ശേഷമേ അനുമതി തേടാനാവൂ. ഇതിന് ഇനിയും ഏറെ സമയം വേണം.

മനുഷ്യരെ ബാധിക്കുന്ന നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ കൊവിഡ് 19 വാക്സിൻ നിർമ്മാതാക്കളായ ഫൈസറിൽ നടക്കുന്നുണ്ട്. ഫൈസർ ഓസ്കാറിന്റെ സ്പോൺസർ ആയിരുന്നു. എന്നാൽ, ഫൈസർ മാത്രമല്ല സ്പോൺസർമാർ. റോളക്സ്, വെരിസോൺ, ക്രിപ്റ്റോ.കോം, സ്നാപ് ചാറ്റ്, സബ്‌വെ തുടങ്ങിയവരും സ്പോൺസർമാരിൽ നീളുന്നു.