car

പാലക്കാട്: വാളയാറിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. തമിഴ്നാട് തിരുപ്പൂർ കൂത്തമ്പാളയം അന്നാനഗർ നോർത്ത് സ്വദേശികളായ ബാലാജി (49), മുരുകേശൻ (47) എന്നിവരാണ് മരിച്ചത്. ഇരുവരും തിരുപ്പൂരിലെ ബനിയൻ കമ്പനി ഉടമകളാണ്. കാറിലുണ്ടായിരുന്ന സുഹൃത്ത് ഷഹീർ ബദറുദ്ദീൻ (40), ഡ്രൈവർ മൈനുദീൻ (38) എന്നിവരെ പരിക്കുകളോടെ കോയമ്പത്തൂരിലെയും വാളയാറിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 4.45ന് വാളയാർ ആർ.ടി.ഒ ചെക്ക്‌പോസ്റ്റിനു സമീപം ദേശീയപാതയിലാണ് സംഭവം. കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെയാണ് കാർ ഇടിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി തിരിച്ച് വരുന്നതിനിടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് കരുതുന്നു. അഗ്നിരക്ഷാസേനയും വാളയാർ പൊലീസും ചേർന്ന് കാർ പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. രണ്ടുപേരും മരിച്ചിരുന്നു.