giovana

ബാഴ്സലോണ: ലയണൽ മെസിയുടെ മുൻ ഫുട്ബാൾ ക്ളബായ ബാഴ്സലോണ എഫ് സിയുടെ വനിതാ ടീം അധികൃതർക്കെതിരെ പീഡന പരാതിയുമായി മുൻ വനിതാ താരം ജിയോവാന ക്വിറോസ്. തന്രെ 17ാമത്തെ വയസിൽ ക്ളബിലെത്തിയ ബ്രസീലിയൻ താരമായ ജിയോവാന ഒരു വർഷത്തിനു ശേഷം ക്ളബ് വിട്ടിരുന്നു. നിലവിൽ സ്പെയിനിലെ തന്നെ ലെവാന്റെ എഫ് സിയിൽ കളിക്കുകയാണ് പതിനെട്ടുകാരിയായ ജിയോവാന. ക്ളബ് പ്രസിഡന്ര് യോഹാൻ ലപോർട്ടയ്ക്ക് ട്വിറ്ററിൽ തുറന്ന കത്തെഴുതിയ ജിയോവാന, ബാഴ്സലോണയുടെ മെഡിക്കൽ ഡയറക്ടർ തന്നെ അനധികൃതമായി ഒരു മുറിയിൽ പൂട്ടിയിടുക വരെ ചെയ്തതായി ആരോപിക്കുന്നു.

Carta abierta al Presidente del FC Barcelona

— Gio 🇧🇷 (@gio9queiroz) March 29, 2022

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്റെ മാതൃരാജ്യമായ ബ്രസീലിന് വേണ്ടി കളിക്കുന്നതിന് ഫിഫയുടെ അനുവാദത്തോടു കൂടി താൻ ക്ളബിന്റെ ബയോ ബബിളിൽ നിന്ന് പുറത്തു കടന്നതാണ് തനിക്കെതിരെ ക്ളബ് അധികൃതർ ഇത്തരം നടപടികൾ എടുക്കാൻ കാരണമെന്ന് ജിയോവാന കത്തിൽ പറയുന്നു. ബ്രസീലിന് വേണ്ടി കളിച്ച ശേഷം മടങ്ങിയെത്തിയ തന്നെ കൊവിഡ് പൊസിറ്റീവായ വ്യക്തിയുമായി കോണ്ടാക്ട് ഉണ്ടായി എന്ന കാരണത്താൽ ഒരു മുറിയിൽ ആഴ്ചകളോളം പൂട്ടിയിട്ടതായും താൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തിരിഞ്ഞു നോക്കാൻ ആരും മെനക്കെട്ടില്ലെന്നും ജിയോവാന ആരോപിക്കുന്നു.

ഇതിനു ശേഷവും തനിക്കെതിരെയുള്ള പീഡനങ്ങൾ തുടർന്നെന്നും തന്നെ അകാരണമായി ബാഴ്സലോണയുടെ വനിതാ ബി ടീമിലേക്ക് തരംതാഴ്ത്തിയതായും ജിയോവാന വെളിപ്പെടുത്തുന്നു. ബി ടീമിലും തന്നോട് കോച്ചിംഗ് സ്റ്റാഫ് വളരെ പരുഷമായാണ് പെരുമാറിയതെന്നും ബാഴ്സലോണയിൽ എത്തിയത് തന്നെ തെറ്റായിപ്പോയെന്ന് തനിക്ക് തോന്നിയതായും ജിയോവാന പറയുന്നു. വനിതാ ടീമിന്റെ കോച്ചിംഗ് സംഘം ചെയ്ത കുറ്രത്തിന് ക്ളബോ ക്ളബ് മാനേജ്മെന്റോ നേരിട്ട് കുറ്റക്കാരാകുന്നില്ലെങ്കിലും അവർക്കെതിരെ ക്ളബ് നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നതായി ജിയോവാന കത്തിൽ പറഞ്ഞു.

തങ്ങളുടെ മുൻ താരത്തിന്റെ കത്തിനോട് പ്രതികരിച്ച ബാഴ്സലോണ, ജിയോവാന ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാലാണ് പരിശീലക സംഘം അത്തരത്തിൽ പെരുമാറിയതെന്ന് വ്യക്തമാക്കി. ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്ന താരങ്ങളിൽ നിന്ന് വളരെ മികച്ച അച്ചടക്കമാണ് ക്ളബ് പ്രതീക്ഷിക്കുന്നതെന്നും ക്ളബ് അധികൃതർ കൂട്ടിച്ചേർത്തു. ജിയോവാന ബ്രസീലിന് വേണ്ടി കളിക്കാൻ പോയത് ടീം മാനേജ്മെന്റിനെയോ ക്യാപ്ടന്മാരെയോ അറിയിക്കാതെയാണെന്നും ഇത്തരത്തിലുള്ള അച്ചടക്ക ലംഘനങ്ങൾ വച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നും ബാഴ്സലോണ വ്യക്തമാക്കി.