nayanar
പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിലെ നായനാർ അക്കാഡമി

കണ്ണൂർ : സി.പി. എമ്മിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരിൽ ആദ്യമായെത്തുന്ന പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ വിപുലമായ ഒരുക്കം. ഏപ്രിൽ ആറ് മുതൽ 10 വരെ നടക്കുന്ന ഇരുപത്തിമൂന്നാം കോൺഗ്രസിനായി ചെമ്പട്ടണിഞ്ഞ് ,ആവേശപൂർവം അണിഞ്ഞൊരുങ്ങി നാടും നഗരവും.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് സെമിനാറുകളും അനുബന്ധപരിപാടികളും നടന്നുവരുകയാണ്. പാർട്ടി കോൺഗ്രസിന് വേദിയാകുന്ന ബർണശേരിയിലെ നായനാർ അക്കാഡമിയിൽ ഇരുന്നൂറോളം തൊഴിലാളികളുടെ നേതൃത്വത്തിൽ സ്റ്റേജ്, പന്തൽ നിർമ്മാണം പുരോഗമിക്കുന്നു. കയ്യൂർ രക്തസാക്ഷി ദിനമായ ഇന്നലെ ജില്ലയിലെ മുഴുവൻ സി.പി.എം ഓഫീസുകളിലും അംഗങ്ങളുടെ വീടുകളിലും പതാക ദിനം ആചരിച്ചു. മൂളിയിൽ നടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പതാക ഉയർത്തി.മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള എന്നിവർ പാർട്ടി കോൺഗ്രസ് ഒരുക്കങ്ങൾ വിലയിരുത്തി.

രാജ്യത്ത് സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയെന്ന നിലയിൽ പാർട്ടി കോൺഗ്രസ് എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാനുള്ള അശ്രാന്തശ്രമത്തിലാണ് നേതാക്കളും പ്രവർത്തകരും . ഏപ്രിൽ ഒന്നു മുതൽ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം കണ്ണൂരിൽ ക്യാമ്പ് ചെയ്യും.​ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 800 പ്രതിനിധികളും, സൗഹാർദ്ദ പ്രതിനിധികളും ഉൾപ്പെടെ ആയിരത്തോളം പേർ സമ്മേളനത്തിലുണ്ടാകും.

നായനാരെ കാണാം,​

വായിക്കാം

കേരളത്തിന് പ്രിയങ്കരനായ ഇ.കെ. നായനാരുടെ പേരിലുള്ള മ്യൂസിയം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനിരിക്കുകയാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന ജുബ്ബായും മറ്റു വസ്തുക്കളും മ്യൂസിയത്തിന് കൈമാറി.

ചെന്നൈ സ്വദേശിയും ഇന്റർനാഷണൽ കൗൺസിൽ ഒഫ് മ്യൂസിയം ബോർഡ് അംഗവുമായ വിനോദ് ഡാനിയലാണ് മ്യൂസിയം രൂപകൽപ്പന ചെയ്യുന്നത്. സിഡ്നിയിലെ ആസ്ട്രേലിയൻ മ്യൂസിയം, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം എന്നിവ രൂപകൽപ്പന ചെയ്തത് ഡാനിയലാണ്. രണ്ട് നിലകളുള്ള അക്കാഡമിയുടെ രണ്ടാം നിലയിലാണ് ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ മ്യൂസിയം . അകത്തെ മുറിയിൽ ഹോളോലെൻസ് സാങ്കേതിക വിദ്യയിൽ നായനാരുടെ ത്രിമാനചിത്രം പ്രദർശിപ്പിക്കും. ചലച്ചിത്ര പ്രവർത്തകൻ ശങ്കർ രാമകൃഷ്ണനാണ് മ്യൂസിയത്തിന്റെ ക്രിയേറ്റീവ് ഹെഡ്.വിനോദ് മേനോൻ, സന്തോഷ് രാമൻ, പ്രേമചന്ദ്രൻ എന്നിവരും പിന്നണിയിലുണ്ട്. പാറപ്രം സമ്മേളന ദൃശ്യങ്ങളുടെ പുനരാവിഷ്കാരം ,​ കയ്യൂർ സമരം, കരിവെള്ളൂർ, മോറാഴ എന്നിവയുടെ പുതിയ പതിപ്പുകൾ, മറ്റു ദേശീയ സമരങ്ങൾ എന്നിവയുമുണ്ട്.

'ആദ്യമായി പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂർ അതിന്റെ ആവേശത്തിലും അഭിമാനത്തിലുമാണ്'.

-എം.വി.ജയരാജൻ ,​

ജില്ലാ സെക്രട്ടറി