
ലാഹോർ: പാകിസ്ഥാനിൽ അധികാരം നിലനിർത്താൻ സകല അടവുകളും പുറത്തെടുക്കുന്ന ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം. ഇന്ന് ചർച്ചയ്ക്കെടുക്കുമെന്ന് കരുതിയിരുന്ന അവിശ്വാസ പ്രമേയം ദേശീയ അസംബ്ളി ചർച്ച ചെയ്തില്ല. ഏപ്രീൽ മൂന്നാം തീയതി വരെ പിരിഞ്ഞ ദേശീയ അസംബ്ളി ഇനി ഞായറാഴ്ച രാവിലെ 11.30ന് മാത്രമേ വീണ്ടും ചേരുകയുള്ളൂ. ഇന്ന സഭ ചേർന്നയുടനെ പ്രതിപക്ഷം വോട്ടെടുപ്പാവശ്യപ്പെട്ടു. ഇതിനു പിന്നാലെ ബഹളം കാരണം സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. ദേശീയ സുരക്ഷാ കൗൺസിലിന്റെ യോഗം ഇതേവേദിയിൽ വച്ച നടക്കേണ്ടതായുള്ളത് കൊണ്ട് സഭ പിരിയണമെന്ന് ഇമ്രാൻ ഖാന്റെ പ്രതിനിധി സഭയെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്.
സഭ പിരിയുന്ന അവസരത്തിൽ 173 പേരിൽ കൂടുതൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഉണ്ടായിരുന്നു. 342 അംഗ സഭയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. അവിശ്വാസപ്രമേയം പാസാക്കാൻ വേണ്ടിയുള്ള അംഗസംഖ്യ പ്രതിപക്ഷനിരയിൽ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് സഭ പിരിയുന്നതെന്നും ശ്രദ്ധേയമാണ്. പ്രതിപക്ഷ അംഗങ്ങൾ ക്രമരഹിതമായി പെരുമാറുന്നെന്ന കാരണം കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ ഇന്നത്തേക്ക് സഭ പിരിച്ചുവിട്ടത്
അതേസമയം അവിശ്വാസപ്രമേയ വോട്ടെടുപ്പു നടക്കാനിരിക്കെ ഇമ്രാൻ ഖാന് കനത്ത തിരിച്ചടി നൽകി കൊണ്ട് മുഖ്യ ഘടകകക്ഷിയായ ത്താഹിദ ക്വാമി മൂവ്‌മെന്റ്–പാക്കിസ്ഥാൻ സർക്കാർ വിട്ടു. ഇതോടെ ഇമ്രാന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി കൂടി പറഞ്ഞിട്ടുണ്ട്.
ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ ആകെ 176 അംഗങ്ങളായി. ഭരണം നിലനിർത്താനായി പിണങ്ങിനിൽക്കുന്ന ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവന്ന് ഭൂരിപക്ഷം നിലനിർത്താനുള്ള ശ്രമങ്ങളാണ് ഇമ്രാൻ ഖാൻ നടത്തുന്നത്. ഇമ്രാന്റെ പാർട്ടിയിലെ 24 വിമതരും പ്രതിപക്ഷത്തിനൊപ്പം ചേർന്നതിനാൽ വോട്ടെടുപ്പു ദിവസം എല്ലാ പിടിഐ അംഗങ്ങളോടും സഭയിൽനിന്നു വിട്ടുനിൽക്കാൻ ഇമ്രാൻ ഖാൻ നിർദേശം നൽകി. അംഗങ്ങൾ കൂറുമാറി വോട്ടു ചെയ്യുന്നതു തടയുന്നതിനാണ് ഈ നീക്കം.
അതേസമയം കൂറുമാറുന്നവരെ ആജീവനാന്തകാലം തിരഞ്ഞെടുപ്പിൽ നിന്ന വിലക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇമ്രാൻ ഖാൻ പാക് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കൂടാതെ ഭരണത്തിൽ തുടരാനുള്ള അവസാന ഉപായം കണക്കെ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ചൗധരി ഫവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പാക് പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ അസിസ്റ്റന്റ് ഷഹബാസ് ഗിൽ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ഉറച്ചുനിൽക്കുമെന്നും പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പോരാടുമെന്നും ഗിൽ പറഞ്ഞു.