
കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് ഇരുട്ടടിയായി രാജ്യത്തെ ഡീസൽ ലഭ്യത തീർന്നു. ശ്രീലങ്കയിൽ എവിടെയും ഇന്നലെ ഡീസൽ ലഭ്യമല്ലായിരുന്നു എന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഇന്നലെ പവർകട്ട് സമയം 13 മണിക്കൂറായി ഉയർത്തിയിരുന്നു. ഡീസൽ തീർന്ന പശ്ചാത്തലത്തിൽ ഇനി ദിവസം മുഴുവൻ വൈദ്യുതിയില്ലാതെ കഴിച്ചുകൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ശ്രീലങ്കൻ ജനത.
ഇന്ധന ഇറക്കുമതിയ്ക്ക് വേണ്ട വിദേശനാണ്യം രാജ്യത്തിന്റെ കൈയ്യിലില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. സ്ഥിതി ഇങ്ങനെ തുടർന്നാൽ വിരലിൽ എണ്ണാവുന്ന ദിവസത്തിനുള്ളിൽ രാജ്യത്തെ പെട്രോൾ ശേഖരവും തീരുമെന്നാണ് റിപ്പോർട്ട്.
വൈകാതെ ബസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെയും പ്രവർത്തനം നിലച്ചേക്കും. രണ്ട് ദിവസത്തിന് ശേഷം രാജ്യത്തേക്ക് ഡീസൽ എത്തുമെന്നാണ് വിവരം. ഇതിന് ശേഷം പവർക്കട്ട് സമയം ചുരുക്കാൻ കഴിഞ്ഞേക്കുമെന്ന് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ അറിയിച്ചു.
ജലവൈദ്യുത പദ്ധതികളുണ്ടെങ്കിലും അവയിൽ നിന്നുള്ള വിഹിതവും കുറഞ്ഞുവരികയാണ്. പവർക്കട്ട് ഓഫീസുകളുടെയടക്കം പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രവർത്തന സമയം നാലര മണക്കൂറിൽ നിന്ന് രണ്ട് മണിക്കൂറാക്കി ചുരുക്കി. വിപണിയും കുത്തനെ ഇടിയുകയാണ്.
 തെരുവുവിളക്കുകൾ മിഴിയടക്കുന്നു
വൈദ്യുതി ലാഭിക്കാൻ തെരുവുവിളക്കുകൾ അണച്ച് ശ്രീലങ്ക. അധികൃതരോട് രാജ്യത്തെമ്പാടുമുള്ള തെരുവുവിളക്കുകൾ അണച്ച് വൈദ്യുതി ലാഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഊർജ മന്ത്രി പവിത്ര വന്നിയറാച്ചി പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള 500 ദശലക്ഷം ഡോളറിന്റെ ഡീസൽ ശനിയാഴ്ചയോടെ രാജ്യത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. എന്നാൽ, അതുകൊണ്ട് മാത്രം ഊർജ പ്രതിസന്ധിയെ തടയാനാകില്ലെന്നും അവർ ഓർമപ്പെടുത്തി. ഡീസൽ വരുന്നതോടെ പവർക്കട്ട് കുറയ്ക്കാനാകുമെന്നും മേയ് അവസാനത്തോടയുള്ള മഴ ആവശ്യത്തിന് ലഭിച്ചാൽ മാത്രമേ പവർകട്ട് ഒഴിവാക്കുന്നതിനെ പറ്റി ആലോചിക്കാനാകൂ എന്നും പവിത്ര വന്നിയറാച്ചി പറഞ്ഞു. സംഭരണകേന്ദ്രങ്ങളിലെ ജലനിരപ്പ് ഇപ്പോൾ റെക്കോഡ് താഴ്ചയിലാണ്.