ipl

മുംബയ് : നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് പുതിയ സീസൺ ഐ.പി.എല്ലിലെ രണ്ടാം മത്സരത്തിലും തോൽവി. ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ചെന്നൈയുടെ തോൽവി.ഇന്നലെ ആദ്യബാറ്റിംഗിനിറങ്ങിയ ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 210 റൺസടിച്ചപ്പോൾ ലക്നൗ മൂന്ന് പന്തുകളും ആറുവിക്കറ്റുകളും ബാക്കിനിൽക്കേ സീസണിലെ ആദ്യ വിജയത്തിലെത്തുകയായിരുന്നു .

ക്വിന്റൺ ഡി കോക്ക്(61),എവിൻ ലെവിസ് (55 നോട്ടൗട്ട്),കെ.എൽ രാഹുൽ(40),ആയുഷ് ബദോനി(19*) എന്നിവരുടെ പോരാട്ടമാണ് ലക്നൗ ടീമിന് വിജയം നൽകിയത്.

ടോസ് നേടിയ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ രാഹുൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. റോബിൻ ഉത്തപ്പയും (50)റിതുരാജ് ഗെയ്ക്ക്‌വാദും (1)ചേർന്നാണ് ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിനെത്തിയത്. ഉത്തപ്പ തുടക്കം മുതൽ വീശിയടിച്ചപ്പോൾ റിതുരാജിന് മൂന്നാം ഓവറിൽ നിർഭാഗ്യം കൊണ്ട് റൺഒൗട്ടാവേണ്ടിവന്നു. പാഡിൽ തട്ടിയ പന്തിൽ സിംഗിളോടാൻശ്രമിച്ച റിതുരാജിനെ ഉത്തപ്പ തിരിച്ചയച്ചക്കുന്നതിനിടെ രവി ബിഷ്ണോയ് ഡയറക്ട് ത്രോയിലൂടെ റൺഒൗട്ടാക്കുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ മൊയീൻ അലിയെ(35) കൂട്ടുനിറുത്തി ഉത്തപ്പ കത്തിക്കയറി.നേരിട്ട 25-ാമത്തെ പന്തിൽ എട്ടു ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ അർദ്ധസെഞ്ച്വറിയിലെത്തിയ ഉത്തപ്പ രണ്ട് പന്തുകൾക്കപ്പുറം രവി ബിഷ്ണോയ്‌യുടെ ബൗളിംഗിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു.തുടർന്ന് മൊയീൻ അലിയും ശിവം ദുബെയും(49) ചേർന്ന് 100 കടത്തി. 11-ാം ഓവറിന്റെ ആദ്യ പന്തിൽ ടീം സ്കോർ 106ൽ വച്ച് മൊയീൻ അലിയെ ആവേശ് ഖാൻ ക്ളീൻ ബൗൾഡാക്കി. എന്നാൽ അമ്പാട്ടി റായ്ഡു ദുബെയ്ക്ക് പിന്തുണ നൽകിയതോടെ സ്കോർ ബോർഡ് പിന്നെയും കുതിച്ചുയർന്നു. 17-ാം ഒാവറിൽ ടീം സ്കോർ 166ലെത്തിയപ്പോഴാണ് അമ്പാട്ടി മടങ്ങിയത്. 20 പന്തുകളിൽ രണ്ട് വീതം ഫോറും സിക്സുമടക്കം 27 റൺസടിച്ച അമ്പാട്ടിയെ രവി ബിഷ്ണോയ് ക്ളീൻ ബൗൾഡാക്കുകയായിരുന്നു.30 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടക്കം 49 റൺസടിച്ചുകൂട്ടിയ ശിവം ദുബെയെ 19-ാം ഓവറിൽ ആവേശാണ് മടക്കി അയച്ചത്. തുടർന്ന് ധോണിയും ജഡേജയും ചേർന്ന് 200 കടത്തി. അവസാന ഓവറിലെ അടുത്തടുത്ത പന്തുകളിൽ ആൻഡ്രൂ ടൈ ജഡേജയെ(17)യും പ്രിട്ടോറിയസിനെയും (0) പുറത്താക്കി. ധോണി 16 റൺസുമായി പുറത്താകാതെ നിന്നു.

171

ഇന്നലെ ഒരു വിക്കറ്റ് വീഴ്ത്തിയ ചെന്നൈ താരം ഡ്വെയ്ൻ ബ്രാവോ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി. 170 വിക്കറ്റുകൾ വീഴ്ത്തിയിരുന്ന ലസിത് മലിംഗയെയാണ് ബ്രാവോ മറികടന്നത്.