
ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപ്ലവത്തിന് തുടക്കം കുറിക്കാനുള്ള പദ്ധതികളുമായി മോദി സർക്കാർ. ഇതിന്രെ ആദ്യ പടിയായി രാജ്യത്താകമാനം ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും മൂന്ന് ഘട്ടമായിട്ടാകും ഇവ നടപ്പാക്കുകയെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. പാർലമെന്റിലെ ചോദ്യോത്തരവേളയിൽ തെലുങ്കുദേശം എം പി ജയദേവ് ഗല്ലയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. ഇതിനു പുറമേ വാഹന ചാർജിംഗിന് ഹരിത ഊർജം ഉപയോഗിക്കാനും പദ്ധതിയുള്ളതായി മന്ത്രി അറിയിച്ചു.
പ്രധാനമായും സൗരോർജമായിരിക്കും പബ്ളിക്ക് ചാർജിംഗ് സ്റ്റേഷനുകളിൽ ഉപയോഗിക്കുകയെന്നും തമിഴ്നാട് പോലുള്ള സ്ഥലങ്ങളിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതിയുള്ളതായി ഗഡ്കരി പാർലമെന്റിൽ വ്യക്തമാക്കി. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വേണ്ടി രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. ഹൈവേകളിൽ നാൽപതോളം ചാർജിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ നിലവിൽ നടക്കുകയാണെന്നും ഇവിടെയെല്ലാം സൗരോർജമാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ 2011ലെ സെൻസസ് പ്രകാരം 40 ലക്ഷമോ അതിനു മുകളിലോ ജനസംഖ്യയുള്ള നഗരങ്ങളിലാകും ചാർജിംഗ് സ്റ്റേഷനുകൾ നിമിക്കുക. ഇവയുടെ നിർമാണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. രണ്ടാം ഘട്ടത്തിൽ കേന്ദ്ര ഭരണപ്രദേശങ്ങളുടെ തലസ്ഥാനങ്ങളും സംസ്ഥാന തലസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ 16 ദേശീയ ഹൈവേകളിലും എക്സ്പ്രസ് ഹൈവേകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിനായി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ‌് എന്ന കൺസോർഷ്യത്തിന് ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.