pak

ഇസ്ലാമാബാദ് : താൻ രാജി വയ്ക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാൻ. തന്നെ പുറത്താക്കാൻ വിദേശ ഗൂഡാലോചന നടക്കുന്നതായി ഇമ്രാൻ ആരോപിച്ചു. ' ഞാൻ രാഷ്ട്രീയ പാരമ്പര്യമുള്ളയാളല്ല. ദൈവം എനിക്കെല്ലാം തന്നു. എനിക്ക് അതിൽ നന്ദിയുണ്ട്. ആത്മാഭിമാനം ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ അടയാളമാണ്. പാകിസ്ഥാൻ എന്നേക്കാൾ വെറും അഞ്ച് വയസ് മുതിർന്നതാണ്.

സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ തലമുറയിൽപ്പെട്ടയാളാണ് ഞാൻ. നീതി,​ മനുഷ്യത്വം,​ ആത്മാഭിമാനം...ഇതാണെന്റെ ലക്ഷ്യങ്ങൾ. ഒരിക്കൽ നമ്മളിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. എന്നാൽ ഇന്ന് പാകിസ്ഥാൻ അപമാനിക്കപ്പെടുന്നതാണ് ഞാൻ കാണുന്നത്. ആർക്കും മുന്നിൽ തലകുനിക്കില്ലെന്നും രാജ്യത്തെ തല താഴ്ത്താൻ അനുവദിക്കില്ലെന്നും രാഷ്ട്രീയം തുടങ്ങിയപ്പോൾ ഞാൻ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറിയപ്പെട്ട ആ പാകിസ്ഥാനിയാണ് ഞാൻ.

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നേപ്പാളിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. എനിക്ക് അമേരിക്കയെ നന്നായി അറിയാം. യു.കെ എനിക്ക് രണ്ടാം വീടാണ്. നമ്മുടെ സുഹൃത്തുക്കളായ അതേ അമേരിക്ക തന്നെ നമുക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തി. ഞങ്ങൾക്ക് ഇപ്പോൾ അമേരിക്കയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. ഞാൻ ഉദ്ദേശിച്ചത് അമേരിക്കയല്ല, ഒരു വിദേശ ശക്തിയാണ് സന്ദേശം അയച്ചത്. ഞങ്ങൾക്ക് ലഭിച്ച ആ കത്ത് പ്രധാനമന്ത്രിയ്ക്ക് എതിരായിരുന്നില്ല.

മറിച്ച് രാഷ്ട്രത്തിന് എതിരാണ്. അവർ പറയുന്നത് ഇമ്രാൻ ഖാൻ പുറത്ത് പോയാൽ അവർ ക്ഷമിക്കുമെന്നും അല്ലെങ്കിൽ പാകിസ്ഥാൻ വേദനിക്കുമെന്നുമാണ്. കാരണം വ്യക്തമാക്കിയിട്ടില്ല. അവരുടെ അടിമകളെ പോലെയാണ് അവർ പാകിസ്ഥാനോട് പറയുന്നത്. അവർക്കിവിടെ മൂന്ന് കോമാളികളുണ്ട്. എന്നെ പുറത്താക്കി ചില നിശ്ചിത ആളുകളെ അധികാരത്തിലെത്തിക്കാനാണ് അവരുടെ ശ്രമം." ഇമ്രാൻ പറഞ്ഞു.