
തങ്ങളുടെ വിർച്വൽ രൂപത്തിലുള്ള അവതാറുകളായി പരസ്പരം ഇടപഴകുന്ന സൈബർ ലോകമാണ് മെറ്റാവേഴ്സ് . ഫേസ്‌ബുക്കിന്റെ മെറ്റാവേഴ്സ് എന്ന വിർച്ച്വൽ ലോകം തുറന്നുവയ്ക്കുന്നത് അനന്ത സാദ്ധ്യതകളാണ്.
ഇപ്പോഴിതാ മെറ്റാവേഴ്‌സിൽ അവതാറുകൾക്കായി ഒരു സ്വതന്ത്ര സാങ്കല്പിക നഗരം ഒരുങ്ങുകയാണ്. ലണ്ടൻ ആസ്ഥാനമായ ലോകോത്തര ആർക്കിടെക്ചർ കമ്പനിയായ സാഹാ ഹദീദ് ആർക്കിടെക്റ്റ്സാണ് ലിബർലാൻഡ് എന്ന പേര് നൽകിയിരിക്കുന്ന സൈബർ നഗരം രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിന്റെ മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ലണ്ടനിലെ എവ്‌ലിൻ ഗ്രേസ് അക്കാദമി മുതൽ അബുദാബിയിലെ ഷെയ്ഖ് സായിദ് പാലം വരെ വിശ്വോത്തര നിർമ്മിതികളാണ് സഹ ഹദീദിന്റെ പേരിൽ ഉള്ളത്. വളഞ്ഞ ആകൃതിയിലുള്ള ഫസാഡുകളാണ് യഥാർത്ഥ കത്ത് സാഹാ ഹദീദ് നിർമിച്ചിട്ടുള്ള കെട്ടിടങ്ങളുടെ മുഖമുദ്ര. മെറ്റാവേഴ്സിലും അക്കാര്യത്തിൽ മാറ്റമില്ല. വിർച്വൽ നഗരത്തിലെ കെട്ടിടങ്ങളും വളവുകളുള്ള ആകൃതികളിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പ്രിൻസിപ്പൽ ആർക്കിടെക്റ്റ് പാട്രിക് ഷൂമാക്കർ, മൈറ്റാവേഴ്‌സിന്റെ കെന്നത്ത് ലാൻഡൗ, ജെയിം ലോപ്പസ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സിറ്റി ഹാൾ, തൊഴിലിടങ്ങൾ, കടകൾ, ബിസിനസ് ഇൻകുബേറ്ററുകൾ, എൻ എഫ് ടി ഗാലറി എന്നിങ്ങനെ മെറ്റാവേഴ്സിലെത്തുന്ന അവതാറുകളെ കാത്ത് നിരവധി സൗകര്യങ്ങളാണ് ലിബർലാൻഡിൽ ഒരുങ്ങുന്നത്. നിയമങ്ങളും നിയന്ത്രണങ്ങളും പരമാവധി കുറച്ച് സ്വയം ഭരണത്തിൽ കേന്ദ്രീകൃതമായി ആയിരിക്കും നഗരത്തിന്റെ പ്രവർത്തനം.
2015ൽ ചെക്ക് റിപ്പബ്ലിക്കുകാരനായ രാഷ്ട്രീയനേതാവ് വിറ്റ് ജെഡ്ലിക്ക ഡാന്യൂബ് നദിക്കരയിൽ ഒരു രാജ്യത്തിന്റെയും അവകാശത്തിൽപ്പെടാതെ കിടന്ന ചെറിയ പ്രദേശം ഫ്രീ റിപ്പബ്ളിക് ഓഫ് ലിബർലാൻഡ് എന്ന പേരിൽ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന ഒരു രാജ്യമായി രൂപീകരിച്ചിട്ടുണ്ട്. ഇതേ ആദർശങ്ങൾ തന്നെയാവും മെറ്റാവേഴ്സിലെ ലിബർലാൻഡിലും പ്രാവർത്തികമാക്കുന്നത്. യാഥാർത്ഥ്യവുമായി അടുത്തുനിൽക്കുന്ന തരത്തിലാകും ലിബർലാൻഡിന്റെ ഡിജിറ്റൽ വാസ്തുവിദ്യാ ശൈലി.
യഥാർത്ഥ ലോകത്തെ നിർമ്മിതികളുടേതിന് സമാനമായ കെട്ടിടങ്ങളാണ് നഗരത്തിൽ ഒരുങ്ങുന്നത്. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് യഥാർത്ഥ കത്തിൽനിന്നും വ്യത്യസ്തമായി വിശാലമായ സാധ്യതകൾ മെറ്റാവേഴ്സിൽ ഉണ്ടെന്ന് സാഹാ ഹദീദ് കമ്പനിയുടെ പ്രധാന ആർക്കിടെക്റ്റായ പാട്രിക് ഷുമാക്കർ പറയുന്നു. ചുറ്റിത്തിരിയുന്ന റൂഫ്ടോപ്പുകളും ഊർജ്ജ കാര്യക്ഷമതയെ പറ്റിയുള്ള ആശങ്കകളില്ലാതെ നിർമ്മിക്കാനാവുന്ന വിശാലമായ ഇന്റീരിയറുകളും എല്ലാം ലിബർലാൻഡിൽ സാധ്യമാകും. ഓഡിറ്റോറിയം പോലെയുള്ള മുറികൾ അവിടേയ്ക്ക് എത്തുന്നവരുടെ എണ്ണം അനുസരിച്ച് വിശാലമാക്കാനും ചുരുക്കാനും സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത.
നിലവിൽ ലിബർലാൻഡ് നഗരത്തിലെ ഒരു കെട്ടിടത്തിലുള്ള രണ്ട് ഫ്ലോറുകളിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ അവതാറുകളായി പ്രവേശിപ്പിച്ചു പരീക്ഷണങ്ങൾ നടത്തി വരികയാണ്. ഏപ്രിൽ പതിമൂന്നാം തീയതി വിർച്വൽ നഗരത്തിലെ ചില ഭാഗങ്ങൾ സന്ദർശിക്കാനാവുന്ന വിധത്തിൽ 100 അവതാറുകളെ ഉൾക്കൊള്ളിക്കുന്ന ഓപ്പൺ പാർട്ടിയും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
സാങ്കേതികമായും സാമ്പത്തികമായും സാമൂഹികമായും കൂടുതൽ ഉത്‌പാദനക്ഷമമായ നമ്മുടെ ജീവിതത്തെ മെറ്റാവേഴ്സിലേക്ക് മാറ്റുന്നതിനുള്ള സമയമായിരിക്കുന്നുവെന്ന ഷൂമാക്കർ പറയുന്നു. ആഗോള അതിരുകളില്ലാത്ത പങ്കാളിത്തത്തോടെ യഥാർത്ഥ ആഗോള സഹകരണം പ്രാവർത്തികമാക്കാൻ മെറ്റവേഴ്‌സ് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.