
കൊൽക്കത്ത: തുടർച്ചയായ സമനിലകളിൽ നട്ടംതിരിയുന്ന ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി, തങ്ങളുടെ അടുത്ത മത്സരത്തിൽ ഐസ്വാൾ എഫ് സിയെ. കൊൽക്കത്ത കല്ല്യാണി സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം.
ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലം ഏഴു മത്സരങ്ങളിൽ നിന്നുമായി 15 പോയിന്റ് നേടിയിട്ടുണ്ട്. അതേസമയം, ഐസ്വാൾ തുടക്കത്തിലെ മോശം പ്രകടനം മറികടന്നു കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും വിജയം നേടിയതിനു ശേഷമാണ് ഗോകുലത്തിനെ നേരിടാൻ എത്തുന്നത്. ലീഗിൽ ഒമ്പതു പോയിന്റുമായി എട്ടാം സ്‌ഥാനത്താണ് ഐസ്വാൾ .
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോകുലം സമനില വഴങ്ങിയിരുന്നു. മുഹമ്മദൻ സ്പോർട്ടിംഗ് ക്ളബും രാജസ്ഥാൻ യുണൈറ്റഡുമായിരുന്നു എതിരാളികൾ. സമനില വഴങ്ങിയതിൽ ടീം ഒട്ടും തൃപ്തരല്ലെന്നും രാജസ്ഥാനെതിരെ വിജയിക്കുവാൻ സാധിക്കുമായിരുന്നെന്നും ഗോകുലം പരിശീലകൻ വിനസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു. ഐസ്വാളിനെതിരായ അടുത്ത മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താൻ കഴിവതും ശ്രമിക്കുമെന്നും പരിശാലകൻ വ്യക്തമാക്കി.