russia

മോസ്കോ : തങ്ങളുമായി ' സൗഹൃദ"ത്തിൽ അല്ലാത്ത വിദേശരാജ്യങ്ങൾക്ക് തങ്ങളുടെ രാജ്യത്ത് നിന്ന് വാതകം വേണമെങ്കിൽ റഷ്യൻ കറൻസിയായ റൂബിളിൽ തന്നെ പണമടയ്ക്കണമെന്നും അല്ലാത്ത പക്ഷം വിതരണം നിറുത്തുമെന്നും റഷ്യ. റഷ്യയുടെ വാതക ഉപഭോക്താക്കളായ രാജ്യങ്ങൾ ഇന്ന് മുതൽ റഷ്യൻ ബാങ്കുകളിൽ റൂബിൾ അക്കൗണ്ട് തുറക്കണമെന്ന് നിഷ്കർഷിക്കുന്ന ഉത്തരവിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ ഒപ്പുവച്ചു. ' ആരും ഞങ്ങൾക്ക് സൗജന്യമായി ഒന്നും നൽകുന്നില്ല.

ഞങ്ങളും അങ്ങനെ സഹായം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതായത്, നിലവിലുള്ള കരാറുകൾ നിറുത്തലാക്കും. " പുട്ടിൻ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കുള്ള മറുപടിയായാണ് പുട്ടിന്റെ നീക്കം. ഉപരോധങ്ങളെ തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ ഉയർത്തിയെടുക്കാനാണ് പുട്ടിന്റെ ശ്രമം. വാതകത്തിന് റൂബിൾ നൽകേണ്ടി വരുന്നതോടെ റൂബിളിന്റെ ആവശ്യം വർദ്ധിക്കുകയും ഇത് റൂബിളിന്റെ മൂല്യം ഉയർത്താൻ കാരണമാവുകയും ചെയ്യും.

വിലക്കയറ്റം ഉൾപ്പെടെ റഷ്യൻ വിപണി നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഇതിലൂടെ സാധിക്കും. അതേ സമയം, യൂറോയിലും ഡോളറിലും നിശ്ചയിച്ചിരിക്കുന്ന നിലവിലെ കരാറുകളുടെ ലംഘനമാണ് പുതിയ നീക്കമെന്ന് കാട്ടി പാശ്ചാത്യ രാജ്യങ്ങൾ പുട്ടിന്റെ തീരുമാനം നിരസിച്ചിട്ടുണ്ട്. റഷ്യൻ എണ്ണയ്ക്കും വാതകത്തിനും യൂറോപ്യൻ യൂണിയൻ ഇതുവരെ നിരോധനം ഏർപ്പെടുത്തിയിരുന്നില്ല.

യൂറോപ്യൻ യൂണിയന്റെ വാതകത്തിന്റെ 40 ശതമാനവും എണ്ണയുടെ 30 ശതമാനവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പെട്ടെന്ന് ഇവയുടെ വിതരണം നിലച്ചാൽ മറ്റ് ബദൽ മാർഗങ്ങൾ ഉടൻ ലഭ്യമാകില്ല. പുട്ടിന്റെ നീക്കം ഭീഷണിപ്പെടുത്തലാണെന്ന് ജർമ്മനി പ്രതികരിച്ചു.

 റേഡിയേഷൻ വിനയാകുന്നു, ചെർണോബിലിൽ നിന്ന് റഷ്യൻ സേന ഒഴിയുന്നു

കീവ്: ചെർണോബിലിൽ പ്ലാന്റിന് സമീപം തമ്പടിച്ചിരുന്ന റഷ്യൻ സൈനികരിൽ വലിയ ഒരു വിഭാഗം ബെലറൂസ് അതിർത്തിയിലേക്ക് മാറിയതായി റിപ്പോർട്ട്. പ്രവർത്തനരഹിതമായ ആണവ പ്ലാന്റിന് സമീപം നിലയുറപ്പിച്ചിരുന്ന ഡസൻകണക്കിന് റഷ്യൻ സൈനികർക്ക് റേഡിയേഷൻ സംബന്ധമായ അസ്വസ്ഥതകൾ നേരിട്ടെന്നും ഇവരെ ബെലറൂസിലെ ഗോമലിലുള്ള പ്രത്യേക കേന്ദ്രത്തിൽ ചികിത്സയ്ക്ക് വിധേയമാക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

അതേ സമയം, കിഴക്കൻ ഡൊണാസ്ക്, ലുഹാൻസ്ക് മേഖലകളിൽ ആക്രമണം കടുപ്പിക്കുന്നതിന് റഷ്യ അവരുടെ സേനയെ പുനഃസംഘിടിപ്പിക്കുന്നതായി യുക്രെയിൻ അറിയിച്ചു.

നിപ്രോയിൽ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഖാർക്കീവിൽ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതേ സമയം, യുക്രെയിൻ - റഷ്യ സമാധാന ചർച്ചകൾ ഓൺലൈനായി ഇന്ന് മുതൽ തുടങ്ങും.