divya-s-iyer

പത്തനംതിട്ട: വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്ത് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ. മഹാത്മാഗാന്ധി സർവകലാശാലാ കലോത്സവത്തിന്റെ വിളംബരം അറിയിച്ച് വിദ്യാ‌ർത്ഥികൾ നടത്തിയ ഫ്ളാഷ് മോബിനോടൊപ്പമാണ് കളക്ടറും ചുവടുകൾ വച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കളക്ടറും അപ്രതീക്ഷിതമായി നൃത്തം ചെയ്തത്.

കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യുന്നതിന് വേദിയിൽ എത്തിയതായിരുന്നു കളക്ടർ. കലോത്സവവുമായി അനുബന്ധിച്ച് നടത്തിയിരുന്ന ഫ്ളാഷ് മോബിന്റെ സമാപനവും ഇതിനൊപ്പം നടത്താൻ സംഘാടകർ തീരുമാനിച്ചിരുന്നു. അതോടനുബന്ധിച്ച് വേദിയിൽ ഫ്ളാഷ് മോബ് നടത്തിയപ്പോഴാണ് കണ്ടു നിന്ന കളക്ടറും വിദ്യാർത്ഥികൾക്ക് ഒപ്പം കൂടാൻ തീരുമാനിച്ചത്.

സ്കൂൾ പഠനകാലത്ത് നിരവധി തവണ കലാതിലകപട്ടം സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് ദിവ്യ എസ് അയ്യർ. കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നീ ഇനങ്ങളിൽ മത്സരിച്ചിട്ടുമുണ്ട്.