
ലോസാഞ്ചലസ് : ഹോളിവുഡ് ആക്ഷൻ സൂപ്പർ താരം ബ്രൂസ് വില്ലിസ് അഭിനയം നിറുത്തുന്നു. 67കാരനായ ബ്രൂസിന് തലച്ചോറിലെ കോശങ്ങളുടെ നാശം മൂലം ആശയവിനിമയ ശേഷി ഇല്ലാതാകുന്ന ' അഫേസിയ " രോഗം ബാധിച്ചതിനാലാണ് തീരുമാനമെന്ന് കുടുംബം അറിയിച്ചു.
സംസാരിക്കാനും എഴുതാനും മറ്റുള്ളവരോട് പെരുമാറാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെയാണ് അഫേസിയ ബാധിക്കുന്നത്. മസ്തിഷ്കത്തിന്റെ ഭാഷ, ഗ്രഹണ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന പ്രത്യേക ഭാഗത്തിനുണ്ടാകുന്ന കേടുപാടുകളാണ് ഈ വൈകല്യത്തിലേക്ക് നയിക്കുന്നത്. സ്ട്രോക്ക് ബാധിക്കുന്നവരിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്.
ഭാര്യ എമ്മ ഹെമിംഗ്, മുൻ ഭാര്യ നടി ഡെമി മൂർ, മക്കൾ എന്നിവർ ചേർന്ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് വിവരം പുറത്തെത്തിയത്. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ബ്രൂസിന് അടുത്തിടെയാണ് അഫേസിയ സ്ഥിരീകരിച്ചതെന്ന് കുറിപ്പിൽ പറയുന്നു.
ഗായകൻ കൂടിയായ ബ്രൂസിന്റെ എട്ട് ചിത്രങ്ങൾ ഇനി പുറത്തിറങ്ങാനുണ്ട്. ഈ വർഷം മാത്രം മൂന്ന് ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ 7 സിനിമകൾ പുറത്തിറങ്ങിയിരുന്നു.
1980 മുതൽ അഭിനയം തുടങ്ങിയ ബ്രൂസ് ഡൈ ഹാർഡ്, പൾപ് ഫിക്‌ഷൻ, ആർമഗെഡൻ, ദ സിക്‌സ്‌ത്ത് സെൻസ്, അൺബ്രേക്കബ്‌ൾ, ദ എക്സ്പെൻഡബ്‌ൾസ്, എക്സ്ട്രാക്ഷൻ തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഡൈ ഹാർഡ് പരമ്പരയിലെ ജോൺ മക്ലേൻ എന്ന കഥാപാത്രമാണ് ബ്രൂസിനെ ലോകപ്രശസ്തനാക്കിയത്.