
ചെന്നൈ: ഹലാൽ ഭക്ഷണ വിവാദങ്ങൾക്ക് പിന്നാലെ മുസ്ലിം വ്യാപാര സ്ഥാപനങ്ങൾക്കു നേരെ വിദ്വേഷ പ്രചാരണവുമായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ, ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘരിവാർ ഗ്രൂപ്പുകൾ നടത്തുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റർ തുടങ്ങിയവയിലൂടെയാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളുമുണ്ട്. ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ഒരു ട്വിറ്റർ യൂസർ ആരോപിക്കുന്നു. ഹിന്ദുക്കൾ വന്ധ്യതാ കേന്ദ്രങ്ങളിൽ വരി നിൽക്കുന്നതു പോലെയാണ് ഈ കടകളിൽ നിൽക്കുന്നത് എന്ന് ഇയാൾ പറയുന്നു. ഹിന്ദുക്കളെ വന്ധ്യംകരിക്കുക മാത്രമാണ് ഈ കടകളുടെ ഏകലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ചെന്നൈയിലെ നാല്പതിനായിരം ബിരിയാണിക്കടകൾ ദേശത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്' മറ്റൊരു ട്വിറ്റർ യൂസർ പറയുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ അമ്പത് വർഷത്തിനു ശേഷം ദ ചെന്നൈ ഫയൽസിൽ നമ്മൾ ഇതിവൃത്തമാകുമെന്നും യൂസർ മുന്നറിയിപ്പു നൽകുന്നു.
'Biriyani causes infertility': The casteist, communal strategy of the right wing in Tamil Nadu.@KuthaliPu writes https://t.co/8PtQrs4sj2
— Sanyukta (@dramadhikari) March 30, 2022
ചിക്കമഗളൂർ ജില്ലയിൽ ഉഗാദി ഉത്സവത്തിന് ഹലാൽ മാംസം വാങ്ങരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ കടകളിലും വീടുകളിലും കഴിഞ്ഞ ദിവസം ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.
നേരത്തെ കേരളത്തിലും ഹലാൽ ഭക്ഷണത്തെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. മുസ്‌ലിംകൾ ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു എന്ന ആരോപണത്തിലും നേരത്തെ കേരളത്തിൽ തീവ്ര ക്രിസ്ത്യൻ-ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു. തുപ്പലില്ലാത്ത റസ്റ്റാറന്റുകളുടെ പട്ടികയും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.