
കൊച്ചി: ഇന്നലെ വിടപറഞ്ഞ 2021-22 സാമ്പത്തിക വർഷം സെൻസെക്‌സിന്റെ നിക്ഷേപകമൂല്യത്തിലുണ്ടായ വളർച്ച 59.75 ലക്ഷം കോടി രൂപ. 2020-21 സാമ്പത്തിക വർഷത്തെ അവസാനദിനമായ 2021 മാർച്ച് 31ന് സെൻസെക്‌സിന്റെ മൂല്യം 204.30 ലക്ഷം കോടി രൂപയായിരുന്നു. ഇന്നലെ മൂല്യം 264.06 ലക്ഷം കോടി രൂപ.
ഇക്കഴിഞ്ഞ ജനുവരി 17ന് മൂല്യം 280.02 ലക്ഷം കോടി രൂപയിൽ എത്തിയിരുന്നു. 2021-22ൽ സെൻസെക്‌സിന്റെ നേട്ടം 9,059 പോയിന്റാണ് (18.29 ശതമാനം). നിഫ്‌റ്റി ഇക്കാലയളവിൽ 19 ശതമാനവും മുന്നേറി. 2021 ഒക്‌ടോബർ 19ന് കുറിച്ച 62,245.43 ആണ് സെൻസെക്‌സിന്റെ എക്കാലത്തെയും ഉയരം. അന്ന് നിഫ്‌റ്റി തൊട്ടത് 18,604 പോയിന്റ്; ഇതും സർവകാല റെക്കാഡാണ്. എന്നാൽ, സാമ്പത്തിക വർഷത്തെ അവസാന സെഷനായ ഇന്നലെ സെൻസെക്‌സുള്ളത് 115 പോയിന്റ് നഷ്‌ടവുമായി 58,568.51ലാണ്; നിഫ്‌റ്റി 33 പോയിന്റ് താഴ്‌ന്ന് 17,464ലും.
കൊവിഡ് മാഞ്ഞു; ഓഹരി കുതിച്ചു
കൊവിഡ് പ്രതിസന്ധി കുറഞ്ഞതും രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായതും ഓഹരി വിപണിക്ക് കരുത്തായി. ജി.ഡി.പി വളർച്ച മെല്ലെ നേട്ടത്തിലേറിയതും ഗുണം ചെയ്‌തു. വിദേശ നിക്ഷേപകർ ഒരുലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം പിൻവലിച്ചിട്ടും ഓഹരിവിപണി മുന്നേറി.
ഓഹരികളുടെ നേട്ടത്തിന് വഴിതെളിച്ച പ്രധാന കാരണങ്ങൾ:
 കൊവിഡ് പ്രതിസന്ധി കുറഞ്ഞു.
 ജി.ഡി.പി വളർച്ച പോസിറ്റീവിലേക്ക് തിരിച്ചെത്തി.
 കേന്ദ്രസർക്കാരിന്റെ ഉത്തേജക പദ്ധതികൾ.
 പലിശനിരക്ക് കൂട്ടാതെയുള്ള റിസർവ് ബാങ്ക് ധനനയം.
 പണലഭ്യത ഉറപ്പാക്കാനുള്ള റിസർവ് ബാങ്ക് നടപടി.
റിലയൻസ് രാജാവ്
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ലിസ്‌റ്റഡ് കമ്പനി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസാണ്; മൂല്യം 17.81 ലക്ഷം കോടി രൂപ. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി.സി.എസ്) രണ്ടാമത്; 13.83 ലക്ഷം കോടി രൂപ. എച്ച്.ഡി.എഫ്.സി ബാങ്ക് (8.15 ലക്ഷം കോടി രൂപ), ഇൻഫോസിസ് (8.02 ലക്ഷം കോടി രൂപ), ഐ.സി.ഐ.സി.ഐ ബാങ്ക് (5.07 ലക്ഷം കോടി രൂപ) എന്നിവയാണ് ടോപ് 5ലെ മറ്റ് കമ്പനികൾ.
ചാഞ്ചാടിയ രൂപ
കഴിഞ്ഞ സാമ്പത്തികവർഷം ഡോളറിനെതിരെ റെക്കാഡ് താഴ്‌ചയായ 76.96ലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തിയിരുന്നു. ഇന്നലെ വ്യാപാരാന്ത്യം രൂപയുള്ളത് 75.79ലാണ്. കഴിഞ്ഞവർഷം 72.43 വരെ ഉയർന്നശേഷമാണ് രൂപ, യുക്രെയിൻ-റഷ്യ സംഘർഷ പശ്ചാത്തലത്തിൽ ഡോളർ മുന്നേറിയതോടെ തളർന്നത്.
സ്വർണത്തിളക്കം
കൊവിഡ്, റഷ്യ-യുക്രെയിൻ യുദ്ധം തുടങ്ങിയ തിരിച്ചടികളുണ്ടായതോടെ കോളടിച്ചത് സ്വർണത്തിനാണ്. നിക്ഷേപകർ ഓഹരികളെ കൈവിട്ട് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ചേക്കേറി. 2021 മാർച്ച് 31ന് പവൻവില 32,880 രൂപയായിരുന്നു. ഇന്നലെ വില 38,120 രൂപ. മാർച്ച് 9ന് വില 40,560 രൂപയായിരുന്നു.