
കൊളംബോ : പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് സമീപം ജനങ്ങളുടെ വൻ പ്രതിഷേധം. പ്രക്ഷോഭകാരികൾ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമർത്താൻ അർദ്ധസൈനിക വിഭാഗമായ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രംഗത്തിറങ്ങിയെന്നാണ് വിവരം
ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം. പ്രതിസന്ധി രൂക്ഷമായതോടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ജനങ്ങള്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള റോഡിൽ പ്രക്ഷോഭവുമായി എത്തിയത്. പ്രസിഡന്റും കുടുംബവും പ്രസിഡന്‍റ് വസതിയില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകാന്‍ ജനക്കൂട്ടം മുദ്രവാക്യം വിളിച്ചു.
പോസ്റ്ററുകൾ വീശിയും മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് ശ്രമം അരംഭിച്ചതോടെ രൂക്ഷമായ സംഘര്‍ഷം ആരംഭിച്ചു. ജനക്കൂട്ടം പൊലീസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു, കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്.
.പ്രതിഷേധസമയത്ത് രാജപക്‌സെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോർ .ഇന്നലെ മുതൽ പ്രാദേശിക ടെലിവിഷൻ ചാനലുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. പല നഗരങ്ങളിലും പ്രക്ഷോഭകാരികള്‍ പ്രധാന റോഡുകൾ ഉപരോധിച്ചിട്ടുണ്ട്.