vp-sanu
വി.പി സാനു

മലപ്പുറം: ദേശീയതലത്തിൽ എസ്.എഫ്.ഐയുടെ പോരാട്ടങ്ങൾക്ക് കരുത്തേകുന്ന വി.പി. സാനുവിനുള്ള അംഗീകാരമായി സി.പി.എം സംസ്ഥാന സമിതിയംഗമെന്ന പുതിയ ചുമതല. സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് 33 കാരനായ സാനു. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് സാനു. സംഘാടക രംഗത്തെ പ്രസരിപ്പും പ്രസംഗകലയിലെ മികവും സാനുവിന്റെ കൈമുതലാണ്.

വളാഞ്ചേരി മുക്കില്പിടീക സ്വദേശിയായ വി.പി. സാനു ബാലസംഘത്തിലൂടെയാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുതിർന്ന നേതാവുമായ വി.പി. സക്കരിയയുടെ ജീവിതം കണ്ടറിഞ്ഞ സാനുവിനും പാർട്ടിയായി ജീവിതം. ബാലസംഘം വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്,​ ഏരിയാ പ്രസിഡന്റ്,​ 2006ൽ ജില്ലാ സെക്രട്ടറി പദങ്ങൾക്ക് ശേഷം കുറ്റിപ്പുറം ഗവ.ഹൈസ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിക്കെയാണ് എസ്.എഫ്.ഐയിലെത്തുന്നത്. തൊട്ടുപിന്നാലെ യൂണിറ്റ്,​ ഏരിയാ പ്രസിഡന്റ്,​ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 2011ൽ മലപ്പുറം ജില്ലാ സെക്രട്ടറിയായാണ് നേതൃതലത്തിലെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള തുടക്കം. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിര നായകനായി. 2013ൽ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

യു.ഡി.എഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങളും നേതൃമികവും 2015ൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വഴികാട്ടി. പ്രവർത്തന മികവിനുള്ള അംഗീകാരമായി 2016 ജനുവരിയിൽ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണത്തിൽ രാജ്യം വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷിയായപ്പോൾ പ്രക്ഷോഭങ്ങളുടെ നെടുംതൂണായി. ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെയും രാജ്യത്തെ വിവിധ സ‌ർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും നേതൃനിരയിൽ തീപ്പൊരി പ്രാസംഗികനായി സാനു തിളങ്ങി. 2018 നവംബർ രണ്ടിന് വീണ്ടും ദേശീയ പ്രസിഡന്റ് സ്ഥാനം തേടിയെത്തി. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വമേകാനും സാനുവിനായി. വിദ്യാഭ്യാസ, തൊഴിൽ മേഖലകൾക്ക് ബഡ്ജറ്റിൽ അനുവദിക്കുന്ന തുക വർദ്ധിപ്പിക്കണമെന്ന ആവശ്യമുയർത്തി പാർലമെന്റ്‌ മാർച്ചടക്കം ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്കും നേതൃത്വമേകി. 2019ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ലോക്‌സഭാ മണ്ഡ‌ലത്തിൽ കന്നിയങ്കം. 2021ൽ മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ അബ്ദുസമദ് സമദാനിക്കെതിരെ മികച്ച മത്സരം കാഴ്ചവച്ചു. രണ്ടര ലക്ഷമെന്ന കുഞ്ഞാലിക്കുട്ടിയുടെ മുൻ ഭൂരിപക്ഷം 1.14 ലക്ഷമായി കുറയ്ക്കാനായി. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ഗാഥ.എം. ദാസാണ് ജീവിതപങ്കാളി.