
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച 65ാമത് സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഒന്നാം ദിനം പിന്നിട്ടപ്പോൾ കുതിച്ച് പാലക്കാട്. ഇന്നലെ പൂർത്തിയായ 22 ഫൈനൽ മത്സരങ്ങളിലായി 85 പോയിന്റ് കരസ്ഥമാക്കി. 68 പോയിന്റുമായി കോട്ടയം രണ്ടും 65 പോയിന്റുമായി തിരുവനന്തപുരം മൂന്നും സ്ഥാനങ്ങളിലുണ്ട്. അഞ്ച് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ട് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് കോട്ടയത്തിന്റെ സമ്പാദ്യം. രണ്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും തിരുവനന്തപുരം നേടി. ഏറ്റവും കൂടുതൽ വെള്ളി കരസ്ഥമാക്കിയത് തിരുവനന്തപുരം ജില്ലയാണ്. വാശിയേറിയ മത്സരമായിരുന്നെങ്കിലും ഒന്നാം ദിനത്തിൽ ഒരുമീറ്റ് റെക്കാർഡ് മാത്രമാണ് പിറന്നത്. പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ എറണാകുളത്തിന് വേണ്ടി മത്സരിച്ച അരുൺ ബേബി 71.40 മീറ്ററിന്റെ റെക്കാർഡ് കുറിച്ചു. 1982ൽ എറണാകുളത്തിന്റെ തന്നെ ഷാഹുൽ ഹമീദ് എറിഞ്ഞ 69.28 മീറ്റർ മറികടന്നാണ് ഈ നേട്ടം. 40വർഷത്തിന് ശേഷമാണ് ജാവലിൻ ത്രോയിൽ റെക്കാർഡ് പിറക്കുന്നത്.