
മലപ്പുറം: രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് രണ്ട് മാസം മുമ്പായിരുന്നു പാണക്കാട്ടെ തറവാട്ടിൽ ഹൈദരലി തങ്ങളുടെ ജനനം. 1947 ജൂൺ 15ന്. വറുതിയിലും പട്ടിണിയിലും ആശ്വാസം തേടിയെത്തുന്നവരെക്കൊണ്ട് കൊടപ്പനക്കൽ തറവാട് നിറയുന്ന കാലം. സങ്കടങ്ങളുടെ നടുക്കടലിൽ ജീവിക്കുന്നവരുടെ കണ്ണീരൊപ്പുന്ന തിരക്കിലായിരുന്നു പിതാവ് പൂക്കോയ തങ്ങൾ.
1948ൽ ഹൈദരാബാദ് ആക്ഷന്റെ പേരിൽ പിതാവിനെ അറസ്റ്റ് ചെയ്യാൻ പൊലിസ് പുലർച്ചെ കൊടപ്പനക്കൽ തറവാട്ടിലെത്തുമ്പോൾ ഹൈദരലി തങ്ങളുടെ ഉമ്മ ക്ഷയരോഗം ബാധിച്ച് കിടപ്പിലായിരുന്നു.. പിതാവ് മഞ്ചേരി സബ് ജയിലിൽ രണ്ട് ദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്ചയും കഴിഞ്ഞു. അരക്ഷിതാവസ്ഥയിലായി പാണക്കാട്ടെ തറവാട്. തൊട്ടടുത്ത വർഷം ഉമ്മ ആയിഷ ചെറുകുഞ്ഞി ബീവി മരിച്ചു. അന്ന് മൂന്ന് വയസുകാരനായ ഹൈദരലി തങ്ങൾക്ക് സ്നേഹത്തിന്റെയും മാതൃവാത്സല്യത്തിന്റെയും ലാളന ആവോളം കിട്ടിയത് പിതാവിന്റെ സഹോദരി മുത്തുബീവിയിലൂടെ. മക്കളില്ലാത്ത മുത്തുബീവി കൊടപ്പനക്കലായിരുന്നു താമസം. മുത്തുബീവിയാണ് ആറ്റപ്പൂവെന്ന ഓമനപ്പേരിട്ടത്.
കൊടപ്പനക്കൽ തറവാട്ടിൽ സങ്കടക്കെട്ടുകളുമായി എത്തുന്നവരുടെ നീണ്ട വരിയാണ് ഓർമ്മ വച്ച നാൾ മുതൽ ഹൈദരലി തങ്ങൾ കണ്ടുവളർന്നത്. പിതാവ് പൂക്കോയ തങ്ങൾ ജനങ്ങളുടെ ആധികളും വേദനകളും കേട്ടുകൊണ്ടിരിക്കുമ്പോൾ അപ്പുറത്തെ മുറിയിലിരുന്ന് സഹോദരങ്ങൾ സഹായങ്ങൾ ചെയ്തുകൊടുക്കും. നന്നേ ചെറുപ്പത്തിൽ തന്നെ നിസ്സഹായരായ മനുഷ്യരുടെ കണ്ണീരും സങ്കടങ്ങളും ഏറെ കേട്ട ഹൈദരലി തങ്ങളുടെ ജീവിതവും ഇതിനൊത്ത് പാകപ്പെട്ടു. പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്ന ബൈത്ത് റഹ്മ പദ്ധതിക്കും നിർദ്ധന രോഗികൾക്ക് താങ്ങേകുന്ന സി.എച്ച്. സെന്റർ അടക്കമുള്ള നിരവധി കാരുണ്യപ്രവർത്തനങ്ങൾക്കും തങ്ങളെ പ്രേരിപ്പിച്ചതും ഈ അനുഭവങ്ങളാണ്.
ധീരമായ  നിലപാടുകളുടെ ഹൈദർ
മലപ്പുറം: ഹൈദർ എന്ന അറബി പദത്തിനർത്ഥം ധീരനെന്നാണ്. അലിയെന്നാൽ ഉന്നതനും. രണ്ടു വാക്കും ഒരുമിച്ചു ചേർന്നാൽ ഹൈദരലിയായി. മുസ്ളിം ലീഗിന്റെ അനിഷേദ്ധ്യ നേതാവായിരുന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ തന്റെ അഞ്ച് ആൺമക്കളിലെ മൂന്നാമത്തെയാൾക്ക് ഹൈദരലിയെന്ന പേരിടുമ്പോൾ മനസിൽ കുറിച്ചിട്ടതും ഈ അർത്ഥങ്ങളുടെ സാഫല്യമായിരുന്നു.
പേരിനെ അന്വർത്ഥമാക്കുംവിധം മുസ്ളിം ലീഗ് രാഷ്ട്രീയത്തിലെ ധീരവും ഉന്നതവുമായ നിലപാടുകളുടെ മുഖമായി ഹൈദരലി തങ്ങൾ മാറി. ഒരു പതിറ്റാണ്ടിലധികം മുസ്ളിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവി അലങ്കരിച്ചു. ലീഗിന്റെ വളർച്ചയും തളർച്ചയും ഒരു പോലെ അഭിമുഖീകരിച്ചപ്പോഴും പതറാത്ത അമരക്കാരനായി. ബാബറി മസ്ജിന്റെ തകർച്ചാസമയത്ത് ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളെടുത്ത നിലപാട് കേരളത്തെ അസ്വസ്ഥതകളിൽ നിന്ന് രക്ഷിച്ചപ്പോൾ, കേസിലെ അന്തിമ വിധി വന്നപ്പോൾ സമാധാനവും സൗഹാർദ്ദവും ഉറപ്പിച്ചത് ഹൈദരലി തങ്ങളുടെ ഉറച്ച ശബ്ദമായിരുന്നു. രാജ്യത്തെ ഉന്നതനീതി പീഠം കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തെയും സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന ഹൈദരലി തങ്ങളുടെ നിലപാട് മുസ്ളിം സമുദായം ഏറ്റെടുത്തു. തീവ്രനിലപാടുകാർ സമൂഹത്തിൽ അസ്വസ്ഥകൾ സൃഷ്ടിക്കാൻ ശ്രമിച്ചപ്പോഴും വിലപ്പോവാതിരുന്നതിൽ ഹൈദരലി തങ്ങളുടെ തുടർനിലപാടുകൾക്ക് വലിയ പങ്കുണ്ട്.
18 വർഷം മലപ്പുറം ജില്ലാ പ്രസിഡന്റായി പാർട്ടിയെ നയിച്ച അദ്ദേഹത്തിന് ഇതിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മെമ്പർഷിപ്പ് കാമ്പയിന് വീണ്ടും തുടക്കമിട്ട് അടിത്തട്ടിൽ പാർട്ടിയെ സജീവമാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് രോഗം കലശലായത്. 
നിയമസഭാ തിരഞ്ഞെടുപ്പിലെ ലീഗിന്റെ നിറം മങ്ങിയ പ്രകടനവും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെതിരെയുള്ള പ്രതിഷേധവും പരസ്യ പോരിലേക്ക് നീങ്ങാതിരുന്നതിന് പിന്നിൽ ഹൈദരലി തങ്ങളുടെ ശക്തമായ താക്കീതായിരുന്നു. മുത്തലാഖ് ബില്ല് അവതരണ സമയത്ത് കുഞ്ഞാലിക്കുട്ടിയുടെ പാർലമെന്റിലെ അസാന്നിദ്ധ്യം വിവാദമായപ്പോൾ പരസ്യമായി താക്കീത് ചെയ്തു. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിന് പലപ്പോഴും മൂക്കുകയറിട്ടതും ഹൈദരലി തങ്ങളുടെ ഉറച്ച നിലപാടുകളായിരുന്നു.
ജ്യേഷ്ഠന്മാരുടെ നിഴൽ; നിസ്വാർത്ഥൻ
മലപ്പുറം:മുസ്ളിം ലീഗിന്റെ അനിഷേദ്ധ്യ നേതാവായിരിക്കുമ്പോഴും അധികാര കേന്ദ്രമാവാതിരിക്കാൻ സൂക്ഷ്മത പാലിച്ച നേതാവായിരുന്നു ഹൈദരലി തങ്ങൾ. പാണക്കാട് കുടുംബത്തിലേക്ക് കൈമാറി വരുന്ന മുസ്ളിം ലീഗിന്റെ താക്കോൽ സ്ഥാനം ജനാധിപത്യ സ്വഭാവത്തോടെ സൂക്ഷിക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. ഏതൊരു വിഷയത്തിലും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാതെ പാർട്ടിക്ക് കൈമാറുന്ന രീതിയായിരുന്നു . പാർട്ടിയിൽ ഭിന്നസ്വരങ്ങൾ ഉയരുമ്പോൾ അവസാന വാക്കിനായി ഹൈദരലി തങ്ങൾക്ക് കൈമാറും. പാർട്ടിയിൽ ഇഷ്ടക്കാരെയോ അടുപ്പക്കാരയോ സൃഷ്ടിക്കാതെ എല്ലാവർക്കും തുല്യ പരിഗണനയെന്ന ശൈലിയായിരുന്നു തങ്ങളുടേത്.
രാഷ്ട്രീയ, സാമുദായിക രംഗങ്ങളിൽ ജ്യേഷ്ഠന്മാരായ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി തങ്ങളുടെയും നിഴലായി വർഷങ്ങളോളം കൂടെ നിന്നു. മുഹമ്മദലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡന്റായപ്പോൾ മലപ്പുറം ജില്ലാ പ്രസിഡന്റായി. വ്യക്തി വൈരാഗ്യങ്ങൾ, കുടുംബ കലഹങ്ങൾ, സാമുദായിക സംഘർഷങ്ങൾ തുടങ്ങിയവ മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ കൊടപ്പനക്കൽ തറവാട്ടിൽ തീർപ്പാക്കുമ്പോൾ, ഇന്നത് തീർപ്പാക്കിയെന്ന് എഴുതിക്കൊടുത്തിരുന്നത് ഹൈദരലി തങ്ങളായിരുന്നു.  മുഹമ്മദലി ശിഹാബ് തങ്ങൾ എന്തെങ്കിലും ആവശ്യം വരുമ്പോഴേക്കും 'ആറ്റേ," എന്ന ഒറ്റവിളക്ക് ഉടനെയെത്തും മറുപടി. ജ്യേഷ്ഠന്മാരുടെ മരണശേഷമാണ് രാഷ്ട്രീയ സാമുദായിക രംഗത്ത് കൂടുതൽ സജീവമായത്.
കാൻസർ പിടിമുറുക്കും വരെ ഒരു നിമിഷം പോലും വെറുതെ ഇരിക്കാറില്ല ഹൈദരലി തങ്ങൾ. പുലർച്ചെ സുബ്ഹി നമസ്കാരത്തിനായി എഴുന്നേൽക്കുന്നത് തൊട്ട് തുടങ്ങും തിരക്കുകൾ. അതിരാവിലെ മുതൽ, കാണാൻ എത്തുന്നവരെക്കൊണ്ട് പാണക്കാട്ടെ പൂമുഖം നിറയും. എല്ലാ ചൊവ്വാഴ്ചകളിലും തങ്ങൾ മുഴുവൻ സമയം വീട്ടിലുണ്ടാകും. ആ ദിവസം വീട്ടിൽ വരുന്നവർക്ക് മാത്രമുള്ളതാണ്. സങ്കടക്കെട്ടുകളുമായിനാടിന്റെ നാനാദിക്കുകളിൽ നിന്നെത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്താറില്ല.