thangal

മതമൈത്രിയുടെ സന്ദേശവാഹകൻ വിട ചൊല്ലി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഉന്നതമൂല്യങ്ങളുടെ സംരക്ഷണത്തിനായി ആയുസ് മുഴുവൻ പ്രവർത്തിച്ച ജനനായകന്റെ അപരിഹാര്യമായ നഷ്ടമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്. ആദരണീയനായ ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേവലം രാഷ്ട്രീയമായ ശൂന്യത മാത്രമല്ല . നമ്മുടെ മത, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളെയെല്ലാം ബാധിക്കുന്നതാണ്.
കേരളീയ പൊതുസമൂഹത്തിൽ പാണക്കാട് സയ്യിദ് കുടുംബം ചെലുത്തിയ സ്വാധീനം അളവറ്റതാണ്. ഒരേസമയം രാഷ്ട്രീയ നേതൃത്വത്തിലും മതനേതൃത്വത്തിലും പ്രവർത്തിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കണ്ണികളായി വർത്തിക്കാനും ഒരുമയുടെ പൊതുവേദികൾ സൃഷ്ടിക്കാനും അവർക്കു കഴിഞ്ഞു.സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മൂന്നര പതിറ്റാണ്ടോളം മുസ്‌ലിം ലീഗിനും സമൂഹത്തിനും സാംസ്‌കാരിക മണ്ഡലത്തിനും നൽകിയ ധൈഷണികവും സൗമ്യവും ദീപ്തവുമായ നേതൃത്വം അഭിമാനപൂർവമായ നേട്ടങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു.
സമുദായത്തിനുള്ളിലെ ഐക്യത്തിനും സമുദായങ്ങൾ തമ്മിലെ ഐക്യത്തിനുമായി വിശ്രമമില്ലാതെ പ്രയത്നിച്ചു. ഉച്ചത്തിൽ സംസാരിക്കാതെ, ബഹളമയമായ പ്രസ്താവനകൾ നടത്താതെ ചൂടേറിയ പ്രശ്നങ്ങളെയും സൗമ്യഭാവത്തിലൂടെ തണുപ്പിച്ച്,സാധാരണക്കാർക്ക് പ്രിയപ്പെട്ടവനായി, ഏറ്റവും ജനകീയത കൈവരിച്ച രാഷ്ട്രീയ നേതാവായി ഉയർന്നു. . ഉന്നതമായ പദവികൾ പലതും വഹിച്ചിട്ടും, പല വിഷയങ്ങളിലും ഇടപെടേണ്ടി വന്നിട്ടും വിവാദങ്ങളും വിഭാഗീയതയുമില്ലാതെ എല്ലാവരാലും അംഗീകരിക്കപ്പെട്ട, ആരും അനുസരിക്കുന്ന മഹദ് വ്യക്തിത്വമായി നിലകൊണ്ടു.
ആ നിസ്വാർത്ഥതയും നിഷ്‌കളങ്കതയും ആരിലും മതിപ്പ് വർദ്ധിപ്പിച്ചു. ബാല്യം തൊട്ട് ഒരുമിച്ചു വളർന്ന ഏറ്റവും പ്രിയപ്പെട്ട സഹോദരന്റെ നഷ്ടമാണ് വ്യക്തിപരമായി എന്നെ സംബന്ധിച്ച് ഈ വിയോഗം . അദ്ദേഹത്തിനു കീഴിൽ പാർട്ടി ജനറൽ സെക്രട്ടറിയായും മറ്റുമുള്ള പല ഉത്തരവാദിത്തങ്ങളും നിറവേറ്റി. ഓരോ ചുവടിലും അദ്ദേഹത്തിന്റെ അനുവാദവും അംഗീകാരവും വാങ്ങി മാത്രമേ മുന്നോട്ട് പോയുള്ളു. ഇനിയതെല്ലാം മനസ് വിങ്ങുന്ന ഓർമകൾ മാത്രം.
. 'ആറ്റപ്പൂ' എന്ന ഓമനപ്പേരിലാണ് എല്ലാവരും അദ്ദേഹത്തെ സംബോധന ചെയ്തത്. 'ആറ്റപ്പൂവ്' എന്നാൽ കൂടുതൽ ഇമ്പമുള്ള പൂവ് എന്ന അർത്ഥത്തിൽ. കുഞ്ഞുന്നാളിലേ മനസ്സുനിറഞ്ഞ ഇഷ്ടവും ഓമനത്തവും തുളുമ്പുന്ന പേര്. ആ സുഗന്ധം നിറഞ്ഞ,സ്‌നേഹ നൈർമല്യം പരത്തിയ മഹാനായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.