
മലപ്പുറം: പണ്ഡിതനും സമുദായ നേതാവും മതേതരവാദിയും എല്ലാവരുമായും അടുത്ത സാഹോദര്യവും സ്നേഹവും കാത്തുസൂക്ഷിച്ച മഹാനായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അനുസ്മരിച്ചു. ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയർച്ചയിൽ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളുമായി വളരെ അടുത്ത സ്നേഹബന്ധവും സാഹോദര്യവുമായിരുന്നു പുലർത്തിവന്നത്. ഈയടുത്ത് ആശുപത്രിയിൽ വച്ച് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ആ സ്നേഹബന്ധം പുതുക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് എന്നോടും എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തോടും വസിയത്ത് പറഞ്ഞിട്ടാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്. കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് താങ്ങാൻ കഴിയുമാറാകട്ടെ. അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെയെന്നും യൂസഫലി പറഞ്ഞു.
മൂല്യങ്ങൾക്ക് വില കല്പിച്ച
വ്യക്തിത്വം: എം.പി. അഹമ്മദ്
തിരുവനന്തപുരം: ഇസ്ളാമിക പണ്ഡിതനും മുസ്ളിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് വേദനാജനകമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനത്തിൽ മൂല്യങ്ങൾക്ക് വില കല്പിക്കുകയും അതനുസരിച്ച് നിലപാട് സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. ധാരാളം മഹല്ലുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനായിരുന്ന അദ്ദേഹം, ആ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കുവേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ടും അടിയുറച്ച ആദർശബോധംകൊണ്ടും ശ്രദ്ധേയനായി. രാഷ്ട്രീയത്തിൽ എതിർപക്ഷത്തുള്ളവരോടുപോലും ബഹുമാനത്തോടെ, സ്നേഹത്തോടെ പെരുമാറി. വിട്ടുവീഴ്ചാ മനോഭാവമുണ്ടെങ്കിൽ ഏതുതർക്കവും രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ടെന്നും എം.പി. അഹമ്മദ് പറഞ്ഞു.
വേദനാജനകം
ഹൈദരലി ശിഹാബ് തങ്ങളുടെ മരണം വേദനാജനകമാണ്. സമൂഹമാകെ ബഹുമാനിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു. മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. പിതാവ് പൂക്കോയ തങ്ങളുടെയും സഹോദരൻ ശിഹാബ് തങ്ങളുടെയും പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു.
പി. രാജീവ്,
വ്യവസായമന്ത്രി