 
മലപ്പുറം: അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവസാനമായി ഒരു നോക്ക് കാണാൻ മലപ്പുറത്തേക്ക് ഒഴുകിയത് പതിനായിരക്കണക്കിന് ജനങ്ങൾ. അന്തരിച്ച വിവരം അറിഞ്ഞയുടനെ മലപ്പുറം ടൗൺഹാൾ പരിസരവും നഗരവും ജനങ്ങളാൽ നിറഞ്ഞിരുന്നു. നഗരത്തിലെ പ്രധാന റോഡുകളിൽ നിന്നും കുന്നുമലിലേക്കുള്ള ഗതാഗതം പൊലീസ് നിയന്ത്രണ വിധേയമാക്കി. അത്യാവശ്യ വാഹനങ്ങളേയും മറ്റും മാത്രമാണ് കടത്തി വിട്ടിരുന്നത്. അഞ്ച് മണിക്ക് മൃതദേഹം ടൗൺഹാളിൽ എത്തുമെന്ന വിവരത്തെ തുടർന്ന് വളരെ നേരത്തെ തന്നെ റോഡുകളിൽ നീളമേറിയ വരികളായി ജനങ്ങൾ അണിനിരന്നിരുന്നു. എത്താൻ ഏറെ വൈകിയപ്പോഴും ടൗൺഹാളിൽ പ്രാർത്ഥനകളും മറ്റും സജീവമായി തന്നെ നടന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വൈകീട്ട് 5.45ഓടെയാണ് ഹൈദരലി തങ്ങളുടെ മൃതദേഹം പാണക്കാട്ടെ വീട്ടിലെത്തിയത്. ബന്ധുക്കളേയും മറ്റും കാണിച്ച ശേഷം 6.40ഓടെ മൃതദേഹം ടൗൺഹാളിലെത്തിച്ചു. സ്പീക്കർ എം.ബി രാജേഷ്, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.കെ രാഘവൻ എം.പി, ടി.എൻ പ്രതാപൻ, കെ.ടി ജലീൽ, ആര്യാടൻ ഷൗക്കത്ത്, എൻ.ഷംസുദ്ധീൻ എന്നിവരെത്തി അന്തിമോപചാരമർപ്പിച്ചു. ടൗൺഹാളിലെത്തിച്ചത് മുതൽ മണിക്കൂറുകളോളം ജനത്തിരക്ക് നിയന്ത്രിക്കാനായി പൊലീസും മറ്റു വളണ്ടിയേഴ്സും ഏറെ പ്രയാസപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് ഒരാൾക്ക് സാരമായി പരിക്കേറ്റു.
നിറഞ്ഞ പ്രാർത്ഥനയുമായി ജനങ്ങൾ
ഹൈദരലി തങ്ങളുടെ മൃതദേഹം ടൗൺഹാളിൽ എത്തിയ ഉടൻ തന്നെ സമസ്ത മുശാവറ അംഗം എം.പി ഉസ്താദിന്റെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാരം നടന്നു. പൊതുദർശനത്തിനായി ടൗൺഹാളിൽ നിറഞ്ഞിരുന്ന ജനങ്ങളെല്ലാം മയ്യത്ത് നമസ്കരിച്ചു. റോഡിലെ നീളമേറിയ വരികളിലും ജനങ്ങൾ പ്രാർത്ഥന വാക്കുകൾ ഉരുവിടുന്നുണ്ടായിരുന്നു. ഹൈദരലി തങ്ങളെ അവസാനമായി കാണാനെത്തിയവരിൽ പ്രായഭേദമന്യേ നിരവധിയാളുകളാണ് ഉണ്ടായിരുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായം ചെന്നവരടക്കം ജനത്തിരക്കിനിടയിലും തങ്ങളെ കാണാനെത്തി.
എക്കാലവും ജനങ്ങൾക്ക് തുണയായി
സങ്കടങ്ങളും പ്രയാസങ്ങളും പറയാൻ പാണക്കാട്ടെ വീട്ടുമുറ്റത്ത് എത്തുന്നവർക്ക് എന്നും തുണയായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. രാത്രി കിടന്നുറങ്ങിയാൽ പോലും വീട്ടിലെത്തുന്നവരെ കാണാൻ തന്നെ പ്രത്യേകം വിളിക്കണമെന്നതായിരുന്നു തങ്ങൾ വീട്ടുകാർക്ക് നൽകിയിരുന്ന നിർദ്ദേശം. പാണക്കാട്ടെ പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും വെട്ടിത്തുറന്ന പാതയിലൂടെ അതിവേഗം സഞ്ചരിച്ച് ജനങ്ങളുടെ മനസിൽ ഇടം പിടിക്കാൻ ഹൈദരലി തങ്ങൾക്ക് സാധിച്ചിട്ടുണ്ട്. രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്തും ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനുള്ള സാഹചര്യം തങ്ങൾ ഒരുക്കിയിരുന്നു. പിതാവ് പൂക്കോയ തങ്ങളുടെ മരണത്തോടെ മൂത്ത സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ രാഷ്ട്രീയ രംഗത്തും ഉമറലി ശിഹാബ് തങ്ങൾ മതരംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ജേഷ്ഠ്യൻമാർക്ക് സഹായവുമായാണ് ഹൈദരലി ശിഹാബ് തങ്ങൾ സാമൂഹിക രംഗത്തേക്കിറങ്ങുന്നത്. സാമുദായിക പ്രശ്നങ്ങളായും,കുടുംബകലഹങ്ങളായും പ്രശ്ന പരിഹാരത്തിനായി പാണക്കാട്ടെ വീട്ടിലെത്തുന്നവർക്ക് മുഹമ്മദലി ശിഹാബ് തങ്ങൾ പരിഹാരം നിർദ്ദേശിക്കുമ്പോൾ ഇവയെല്ലാം രേഖപ്പെടുത്തി വ്യക്തമായ രേഖകൾ ഉണ്ടാക്കലായിരുന്നു ഹൈദരലി തങ്ങളുടെ പ്രധാന ചുമതല.
1977ലാണ് ആദ്യമായി മലപ്പുറം പൂക്കൊളത്തൂർ മഹല്ല് മദ്രസയുടെ പ്രസിഡന്റ് സ്ഥാനം ഹൈദരലി തങ്ങളണിയുന്നത്. അവിടെ നിന്നും നിരവധി സ്ഥാനമാനങ്ങളിലേക്കാണ് ഹൈദരലി തങ്ങളെത്തിയത്. സ്ഥാനമാനങ്ങൾ മോഹിക്കുന്ന പ്രകൃതം പാണക്കാട്ടെ കുടുംബത്തിനുണ്ടായിരുന്നില്ല. യോഗ്യമായ ഇടങ്ങളിൽ ലഭിക്കുന്ന നേതൃത്വം വളരെ ഭംഗിയായി നിർവഹിക്കുന്ന പൂർവികരുടെ പാത തന്നെയാണ് ഹൈദരലി തങ്ങളും പിന്തുടർന്നത്.
സ്കൂൾ സമയത്തിൽ മാറ്റം
മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഇന്ന് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനാൽ മലപ്പുറം ടൗണിൽ തിരക്കനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭയിലെ സ്കൂളുകളുടെ പ്രവൃത്തി സമയം ഇന്ന് 12 മണി മുതൽ നാല് മണി വരെയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.