തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായി മാറിയതിന്റെ പ്രാദേശിക തല ഉദ്ഘാടനം കെ.പി.എ മജീദ് എം.എൽ.എ നിർവഹിച്ചു. നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളെയും മറ്റു പല കാരണങ്ങളാൽ രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനുകളിൽ എത്തിപ്പെടുന്ന കുട്ടികളെയും മാനസിക പിരിമുറുക്കമില്ലാതെ സ്വീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സംവദിക്കാനും അവസരമൊരുക്കുകയാണ് ഇത്തരം സ്റ്റേഷനുകൾ കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. സ്റ്റേഷനിലെത്തുന്ന കുട്ടികളുമായി സംവദിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സ്റ്റേഷൻ സന്ദർശിക്കാനും സമയം ചെലവഴിക്കാനും കഴിയും. മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, തിരൂരങ്ങാടി സ്റ്റേഷൻ ഓഫീസർ സന്ദീപ് കുമാർ, എസ്.ഐ. മുഹമ്മദ് റഫീഖ്, ഡിവിഷൻ കൗൺസിലർ അഹമ്മദ് കുട്ടി കക്കടവത്ത് തുടങ്ങിയവർ പ്രസംഗിച്ചു