d
കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിക്കുന്നു

പൊന്നാനി: പൊളിഞ്ഞ് വീഴാറായ വാടക ഷെഡിൽ കാലങ്ങളായി പ്രവർത്തിക്കുന്ന നഗരസഭയിലെ അംഗൻവാടിക്ക് സ്വന്തം കെട്ടിടം ഉയരുന്നു. പൊന്നാനി നഗരസഭയിലെ വാർഡ് 40ലെ 15-ാം നമ്പർ അംഗൻവാടിക്കാണ് പുതിയ കെട്ടിടം ഉയരുന്നത്. മുൻ കൗൺസിലർ ഗോപുവേട്ടന്റെ മൂത്ത മകൻ സുനിലിന്റെ ഭാര്യ വിനീതയുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലമാണ് കെട്ടിടം പണിയുന്നതിനായി നഗരസഭയ്ക്ക് സൗജന്യമായി വിട്ടു നൽകിയത്. ഈ സ്ഥലത്ത് നഗരസഭ പത്ത് ലക്ഷം രൂപ മുടക്കിയാണ് ഗോപുവേട്ടൻ സ്മാരക ഹൈടെക് അംഗൻവാടി ഉയരുന്നത്. ഇതോട് കൂടി നഗരസഭയിലെ 86 അംഗൻവാകളിൽ 57-ാമത്തെ അംഗൻവാടിക്കാണ് സ്വന്തമായി കെട്ടിടം ഉയരുന്നത്.
ശിലാസ്ഥാപന കർമ്മം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നിഷാദ്, അംഗൻവാടി വർക്കർ ലിജിത, ഫസലു തുടങ്ങിയവർ സംബന്ധിച്ചു.