plan
നിർമ്മാണം

മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 20 ദിവസം മാത്രം അവശേഷിക്കേ വികസന പദ്ധതികൾക്കുള്ള തുക ചെലവഴിക്കൽ അതിവേഗത്തിലാക്കി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ. തുക പാഴായി പോവുന്നതിന് തടയുകയാണ് ലക്ഷ്യം. 2021-22 വർഷത്തേക്കായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ 683.74 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ 421.7 കോടി രൂപ ഇതുവരെ ചെലവഴിച്ചു. 61.6 ശതമാനമാണിത്. ഫെബ്രുവരിയിൽ 50 ശതമാനമായിരുന്നു തുക ചെലവഴിക്കൽ. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് തുക ചെലവഴിക്കുന്നത് വലിയ തോതിൽ കൂടിയത്. ജനറൽ പദ്ധതികൾക്കായി 361 കോടി രൂപ വകയിരുത്തിയപ്പോൾ 283 കോടി രൂപ ചെലവിട്ടു. 78.17 ശതമാനം തുകയാണിത്. എസ്.സി പദ്ധതികൾക്കായി 124 കോടി രൂപ നീക്കിവച്ചപ്പോൾ 83.83 കോടി രൂപയും എസ്.ടി വിഭാഗത്തിനുള്ള 8.59 കോടി രൂപയിൽ 4.72 കോടി രൂപയും ചെലവഴിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതിൽ ജില്ല പത്താം സ്ഥാനത്താണ്. സാധാരണഗതിയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിക്കാറുണ്ടായിരുന്നു.

മുന്നിൽ ഇവർ
ജില്ലയിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾ 80 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ച് മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ഇതിൽ തന്നെ അരീക്കോട് പഞ്ചായത്താണ് ഏറ്റവും മുന്നിൽ. 90.29 ശതമാനം തുകയും വിനിയോഗിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് ഭരണസമിതിയും ഉദ്യോഗസ്ഥരും കാഴ്ചവച്ചത്. 3.02 കോടി രൂപയിൽ 2.73 കോടി രൂപയും ഇതിനകം ചെലവഴിച്ചു. 80 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ച തദ്ദേശ സ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. കൂടുതൽ ഫണ്ട് വകയിരുത്തുന്ന നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകളൊന്നും ഈ പട്ടികയിലില്ല.

മുന്നിലുള്ള ഗ്രാമപഞ്ചായത്തുകൾ

അരീക്കോട് - 90.29

മമ്പാട് - 86.81
കീഴാറ്റൂർ - 85.81
കണ്ണമംഗലം - 84.3
അമരമ്പലം - 82.92
താനാളൂർ - 82.2
നന്നംമുക്ക് - 81.59
ആനക്കയം - 81.35
കരുവാരക്കുണ്ട് - 80.55

മുന്നിലുള്ള ബ്ലോക്ക് പഞ്ചായത്തുകൾ
വേങ്ങര - 73.78
പൊന്നാനി - 70.9
കുറ്റിപ്പുറം - 68.5
പെരിന്തൽമണ്ണ - 68.19
മലപ്പുറം - 65.75
പെരുമ്പടപ്പ് - 63.99

മുന്നിലുള്ള മുനിസിപ്പാലിറ്റി
വളാഞ്ചേരി - 68.7
തിരൂരങ്ങാടി - 68.57
താനൂർ - 62.53
കോട്ടക്കൽ - 60.04
പൊന്നാനി - 58.35


ഏറെ പിന്നിൽ
ഫണ്ട് ചെലവഴിക്കുന്നതിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഏറെ പിന്നിലാണ്. 88.56 കോടി രൂപയിൽ ഇതുവരെ 44.09 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 49.78 ശതമാനമാണിത്. ജനറൽ പദ്ധതികൾക്കായി 44.88 കോടി രൂപ വകയിരുത്തിയപ്പോൾ 24.31 കോടിയാണ് ചെലവഴിച്ചത്. എസ്.സി പദ്ധതികൾക്കുള്ള 21 കോടിയിൽ 12.72 കോടിയും.

പിന്നിൽ ഇവർ
ജില്ലയിൽ ഏറ്റവും പിന്നിൽ മലപ്പുറം നഗരസഭയാണ്. ഇതുവരെ 37.73 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. 11.83 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവിട്ടത് 4.46 കോടിയും. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് - 41.67, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് - 42.33, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് - 43.61, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് - 47.17, ആതവനാട് ഗ്രാമപഞ്ചായത്ത് - 47.74, ചെറുകാവ് പഞ്ചായത്ത്- 48.22 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്.