parishath

തേഞ്ഞിപ്പലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രകലാജാഥയുടെ ഭാഗമായി നടത്തുന്ന നാടകയാത്രക്ക് 24ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തുടക്കം കുറിക്കും. സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മൂന്ന് നാടകയാത്രകളിൽ വടക്കൻ ജില്ലകളിലേക്കുള്ള പര്യടനം 24ന് വൈകീട്ട് 5ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ട്രാപിൽ വൈസ്ചാൻസിലർ ഡോ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തും. നാടകപ്രവർത്തകൻ ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച 'ഒന്ന് ' നാടകമാണ് പരിഷത്ത് നാടകയാത്രയിലുള്ളത്.

നാടകയാത്രയുടെ സംഘാടനത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി വിനോദ് എൻ. നീക്കാംപുറത്ത് (ചെയർമാൻ), അജിത് ലാൽ വി (ജനറൽ കൺവീനർ), ജനാർദ്ദനൻ കെ, ഡോ. ഹരികുമാർ, എം.എം. സചീന്ദ്രൻ (വൈസ് ചെയർമാൻമാർ), സുധ ആർ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം സുനിൽ സി.എൻ. വിശദീകരണം നടത്തി. കെ.കെ. ശശിധരൻ അദ്ധ്യക്ഷനായി.