s
കൈതപ്രം

എടപ്പാൾ: പന്നിയൂർ ശ്രീ വരാഹമൂർത്തി ഭൂമീദേവി ക്ഷേത്ര ജീർണ്ണോദ്ധാരണ കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് പന്നിയൂർ വരാഹ കീർത്തി പുരസ്‌കാരം സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. വരാഹജയന്തിയുടെ സമാപന ദിവസമായി 22ന് വൈകീട്ട് ദീപാരാധനക്ക് ശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സുരേഷ് ഗോപി എം.പി പുരസ്‌ക്കാരം വിതരണം ചെയ്യും. ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്കുവഹിച്ച സുരേഷ് ഗോപി എം.പിക്ക് ക്ഷേത്രത്തിന്റെ ആദരം മഹാമഹിമശ്രി കോഴിക്കോട് സാമൂതിരിരാജ സമർപ്പിക്കുമെന്നും ക്ഷേത്ര ജീർണ്ണോദ്ധാരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആനക്കര പഞ്ചായത്തിലെ സേവനം പൂർത്തിയാക്കിയ അദ്ധ്യാപകരെ ആദരിക്കും.

വരാഹ ജയന്തി മഹോത്സവത്തിന്റെ ഭാഗമായി 12 മുതൽ 22 വരെ ശിവക്ഷേത്രത്തിന്റെ മുൻവശത്തായി മഹാരുദ്രയജ്ഞം നടക്കും. ക്ഷേത്രം തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. 13 മുതൽ വരാഹവതാര കഥാഖ്യാനം നടക്കും. തൃപ്പൂണിത്തുറ ആലപ്പാട്ട് രാമചന്ദ്രനാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും ദീപാരാധനക്ക് ശേഷം വിവിധ കലാപരിപാടികളും ദിവസവും അന്നദാനവും നടക്കും.

ക്ഷേത്രത്തിന് മുതൽ കൂട്ടായി ക്ഷേത്രസ്ഥലത്ത് ഹൈടക്ക് പച്ചക്കറി കൃഷി നടക്കുന്നുണ്ട്. കേന്ദ്ര നാളികേര വികസന കോർപറേഷന്റെ പദ്ധതി പ്രകാരം നാടൻ തെങ്ങ് നടും. തൃത്താല ലയൺസ് ക്ലബ്ബുമായി ചേർന്ന് ക്ഷേത്ര സ്ഥലത്ത് സുരേഷ് ഗോപി എം.പി 22ന് വൈകീട്ട് 5ന് തെങ്ങിൻ തൈ നടിൽ ഉദ്ഘാടനം ചെയ്യും.

ആനക്കര പഞ്ചായത്തിലെ കുമ്പിടിയിൽ സ്ഥിതിചെയ്യുന്ന പന്നിയൂർ ശ്രീ വരാഹമൂർത്തി ക്ഷേത്രം കോഴിക്കോട് സാമൂതിരി വകയാണ്. 4000 ത്തിലേറെ വർഷങ്ങളുടെ പഴക്കമുളള ക്ഷേത്രം പെരുന്തച്ചൻ പണിതതാണന്നാണ് വിശ്വാസം. ഇദ്ദേഹത്തിന്റെ ഉളിയും മുഴക്കോലിന്റെ അളവും ക്ഷേത്രത്തിലുണ്ട്.

പന്നിയൂർ ശ്രീ വരാഹമൂർത്തിക്ഷേത്ര ജീർണ്ണോദ്ധാരണ കമ്മറ്റിയുടെയും ക്ഷേത്രം ട്രസ്റ്റിയുടെയും നേതൃത്വത്തിലാണ് ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പെരുന്തച്ചൻ പണിതതെന്ന് കരുതുന്ന പ്രധാന ശ്രീകോവിലിന്റെ മേൽക്കുര പൊളിച്ചുളള നിർമ്മാണം പൂർത്തിയായി. ഊട്ട് പുരയുടെയും നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. പരശുരാമൻ നിർമ്മിച്ചതെന്ന് കരുതുന്ന മത്സ്യതീർത്ഥകുളം അടക്കമുള്ളയുടെ നിർമ്മാണങ്ങൾ നടന്നുവരുന്നു.

വാർത്താ സമ്മേളനത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ആർ.എസ് രാജേഷ്, കോ ഓർഡിനേറ്റർ പ്രസാദ് പന്നിയൂർ, ക്ഷേത്ര ജീർണ്ണോദ്ധാരണ കമ്മറ്റി അംഗങ്ങളായ സി.കെ. ശശിപച്ചാട്ടിരി, ഹരിനന്ദനൻ എന്നിവർ പങ്കെടുത്തു.